ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം മൂന്ന് മടങ്ങ് വർധിച്ചു

 

freepik.com

Business

ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം മൂന്ന് മടങ്ങ് വർധിച്ചു

സ്വിസ് ബാങ്കുകളിൽ ഇന്ത്യക്കാർ നടത്തിയിരിക്കുന്ന നിക്ഷേപം ഇപ്പോൾ 354 കോടി സ്വിസ് ഫ്രാങ്ക്, അഥവാ 37,600 കോടി രൂപയാണ്. 2021നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.

ന്യൂഡൽഹി: സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യന്‍ പണം 2024ല്‍ മൂന്നിരട്ടിയായി വർധിച്ച് 354 കോടി സ്വിസ് ഫ്രാങ്കായി (ഏകദേശം 37,600 കോടി രൂപ) എന്ന് റിപ്പോർട്ട്. 2021നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ബാങ്ക് ചാനലുകളിലൂടെയും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലൂടെയും ലഭിച്ച ഫണ്ടുകളില്‍ നിന്നാണ് നിക്ഷേപത്തിന്‍റെ ഭൂരിഭാഗവുമെന്നാണ് റിപ്പോര്‍ട്ട്.

വ്യക്തിഗത ഉപയോക്താക്കളില്‍ നിന്നു നേരിട്ടുള്ള നിക്ഷേപങ്ങള്‍ 34.6 കോടി സ്വിസ് ഫ്രാങ്കാണ് (ഏകദേശം 3,675 കോടി രൂപ). ഇന്ത്യയുമായി ബന്ധപ്പെട്ട മൊത്തം ഫണ്ടുകളുടെ പത്തിലൊന്ന് മാത്രമാണ് ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍. കഴിഞ്ഞ ദശകത്തില്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ ഉപയോക്താക്കളുടെ നിക്ഷേപത്തില്‍ ഏകദേശം 18 ശതമാനത്തിന്‍റെ കുറവാണുണ്ടായിരിക്കുന്നത്. 2015ല്‍ ഏകദേശം 42.5 കോടി ഫ്രാങ്ക് ആയിരുന്നത് 2024ല്‍ 34.6 കോടി സ്വിസ് ഫ്രാങ്കായി. 2023ല്‍ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 104 കോടി സ്വിസ് ഫ്രാങ്കില്‍ ഇന്ത്യന്‍ നിക്ഷേപം എത്തിയിരുന്നു.

2006ലെ 650 കോടി സ്വിസ് ഫ്രാങ്കിന്‍റെ നിക്ഷേപമാണ് എക്കാലത്തെയും ഉയര്‍ന്ന നിരക്ക്. സ്വിസ് ബാങ്കുകളുടെ ഔദ്യോഗിക റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് സ്വിസ് നാഷണല്‍ ബാങ്ക് ഡേറ്റകള്‍ ലഭ്യമാക്കിയിരിക്കുന്നത്.

കള്ളപ്പണത്തെക്കുറിച്ചോ മറ്റ് രാജ്യങ്ങളിലെ കമ്പനികള്‍ വഴി കൈവശം വച്ചിരിക്കുന്ന അക്കൗണ്ടുകളെക്കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ ഇതില്‍ വെളിപ്പെടുത്തുന്നില്ല. ഈ ഫണ്ടുകള്‍ നിയമവിരുദ്ധമാണെന്ന് അടച്ചാക്ഷേപിക്കാന്‍ കഴിയില്ലെന്നും സ്വിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് രാഷ്‌ട്രീയപരമായ അസ്ഥിരതയോ, സ്വന്തം രാജ്യങ്ങളിലെ കറന്‍സിയില്‍ പ്രതിസന്ധിയോ ഉണ്ടാകുമ്പോള്‍ സ്വിസ് ബാങ്കുകള്‍ ഒരു സുരക്ഷിത താവളമായി സമ്പന്നര്‍ കാണുന്നു.

വിദേശനാണയ വിപണിയിലെ അസ്ഥിരമായ വലിയ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് പണം സംരക്ഷിക്കുന്നത് താരതമ്യേന സ്ഥിരതയുള്ള കറന്‍സിയാണ് സ്വിസ് ഫ്രാങ്ക് എന്നതും നിക്ഷേപകരെ ഇതിലേക്ക് അടുപ്പിക്കുന്നു. അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങള്‍ മറ്റേത് രാജ്യത്തേക്കാളും ഭദ്രമായി സ്വിറ്റ്സര്‍ലന്‍ഡില്‍ സൂക്ഷിക്കും എന്നതും നേട്ടമാണ്.

സ്വിസ് ബാങ്കുകളിലെ ഫണ്ടുകളുടെ കാര്യത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ 48ാം സ്ഥാനത്തേക്ക് ഉയര്‍ന്നു, കഴിഞ്ഞ വര്‍ഷം 67ാം സ്ഥാനത്തായിരുന്നു. 2022 അവസാനത്തോടെ ഇന്ത്യയുടെ റാങ്കിങ് 46ാം സ്ഥാനത്തായിരുന്നു. പാക്കിസ്ഥാന്‍റെ നിക്ഷേപം 27.2 കോടി സ്വിസ് ഫ്രാങ്കായി കുറഞ്ഞു. അതേസമയം ബംഗ്ലാദേശിന്‍റെ ഫണ്ട് 58.9 കോടി സ്വിസ് ഫ്രാങ്കായി കുത്തനെ ഉയരുകയും ചെയ്തു.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍