ഐടി ഓഹരികൾ അടിപതറി; ആടിയുലഞ്ഞ് വിപണി
യുഎസ് മാര്‍ക്കറ്റില്‍ ഐടി വിഭാഗം ഓഹരികള്‍ക്ക് കാലിടറിയതോടെ ഇന്ത്യന്‍ ഓഹരി സൂചികളും വാരാന്ത്യം ആടിയുലഞ്ഞു. വാരത്തിന്‍റെ ആദ്യദിനങ്ങളില്‍ നിക്ഷേപകന്‍റെ മേലങ്കിയണിഞ്ഞ വിദേശ ഓപ്പറേറ്റര്‍മാര്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ഉത്സാഹം കാണിച്ചെങ്കിലും എഐ ഭീഷണികളില്‍ ടെക്നോളജി വിഭാഗം ഓഹരികള്‍ യുഎസ് മാര്‍ക്കറ്റായ നാസ്ഡാക്കില്‍ ഇടിഞ്ഞത് നമ്മുടെ വിപണിയിലും ഇതേവിഭാഗം ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയായി. നിഫ്റ്റി ഐടി ഇന്‍ഡക്സ് എട്ട് ശതമാനം തകര്‍ച്ചയെ അഭിമുഖീകരിച്ചു. ബോംബെ സൂചിക 953 പോയിന്‍റും നിഫ്റ്റി സൂചിക 222 പോയിന്‍റും കഴിഞ്ഞവാരം ഇടിഞ്ഞു.
വില്‍പ്പന തരംഗത്തില്‍ മുന്‍നിരയിലെ പത്തില്‍ ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ ഇടിവ് നേരിട്ടു. ടിസിഎസ് വിപണി മൂല്യം 90,198.92 കോടി രൂപയും ഇന്‍ഫോസിസിന് 70,780.23 കോടി രൂപയുടെ മൂല്യത്തകര്‍ച്ച സംഭവിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, ആര്‍ഐഎല്‍, എല്‍ഐസി, എയര്‍ടെല്‍ എന്നിവയ്ക്ക് തിരിച്ചടി നേരിട്ടു. എസ്ബിഐ, ബജാജ് ഫിനാന്‍സ്, എല്‍ & ടി, ഐസിഐസിഐ ബാങ്ക് എന്നിവ കരുത്ത് നിലനിര്‍ത്തി.
ബോംബെ സൂചിക മുന്‍വാരത്തിലെ 83,580ല്‍ നിന്നും 84,465 വരെ ഉയര്‍ന്നതിനിടയിലാണ് വിപണി വില്‍പ്പന സമ്മര്‍ദത്തില്‍ അകപ്പെട്ടത്, ഇതോടെ സൂചിക 82,548 പോയിന്‍റിലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിങ്ങില്‍ 82,624ലാണ്. ഈ വാരം സൂചികയുടെ ആദ്യ പ്രതിരോധം 83,878ലാണ്. നിലവിലെ സാഹചര്യത്തില്‍ ഇതിനു മുകളില്‍ പിടിച്ചുനില്‍ക്കാന്‍ ക്ലേശിച്ചാല്‍ 81,961-81,296 പോയിന്‍റില്‍ താങ്ങ് കണ്ടെത്താന്‍ വിപണി ശ്രമം നടത്താം. പ്രതികൂല വാര്‍ത്തകള്‍ പുറത്തുവന്നാല്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ ബാധ്യതകള്‍ കുറയ്ക്കാനിടയുണ്ട്. അത്തരം ഒരു നീക്കം അവരില്‍ നിന്നുണ്ടായാല്‍ 10,000 പോയിന്‍റ് തിരുത്തല്‍ വരും മാസങ്ങളില്‍ അനുഭവപ്പെടാം.
നിഫ്റ്റി സൂചിക 25,693ല്‍ നിന്നും 25,986 പോയിന്‍റ് വരെ കയറിയെങ്കിലും പ്രതിരോധമായ 26,140ലേക്ക് സഞ്ചരിക്കാനായില്ല. പ്രതികൂല വാര്‍ത്തകള്‍ വാരാവസാനം വിപണിയെ പിടിച്ചുലച്ചതോടെ നിഫ്റ്റി 25,446ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം 25,471 പോയിന്‍റിലാണ്. ഈ വാരം ആദ്യസപ്പോര്‍ട്ട് 25,282 പോയിന്‍റിലാണ്, ഇത് നഷ്ടപ്പെട്ടാല്‍ 25,094- 24,554 പോയിന്‍റിലേക്ക് തിരുത്തലിന് തുടക്കം കുറിക്കും. എന്നാല്‍ ബുള്‍ ഓപ്പറേറ്റര്‍മാര്‍ മണി പവര്‍ വ്യക്തമാക്കും വിധം നിക്ഷേപത്തിന് ഉത്സാഹിച്ചാല്‍ നിഫ്റ്റിക്ക് 25,822-26,174 പോയിന്‍റിനെ ലക്ഷ്യമാക്കി നീങ്ങാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ഫെബ്രുവരി 25,735ല്‍ നിന്നും 26,068ലേക്ക് മുന്നേറിയെങ്കിലും പിന്നീട് 25,519ലേക്ക് ഇടിഞ്ഞു. ഇടപാടുകാര്‍ ലാഭമെടുപ്പിനിറങ്ങിയത് തകര്‍ച്ചയ്ക്കിടയാക്കി. വിപണിയിലെ ഓപ്പണ്‍ ഇന്‍ററസ്റ്റ് 160 ലക്ഷം കരാറുകളില്‍ നിന്ന് 162 ലക്ഷമായി ഉയര്‍ന്നതിനു പുതിയ വില്‍പ്പനയുടെ സൂചനയായി വിലയിരുത്താം.
മുന്‍നിര ഐടി ഓഹരികളായ ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിവയ്ക്ക് കനത്ത തിരിച്ചടി നേരിട്ടു. എച്ച്‌യുഎല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ആര്‍ഐഎല്‍, എയര്‍ടെല്‍, മാരുതി, എം & എം ഓഹരി വിലകളും താഴ്ന്നു.
വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നാല് ദിവസങ്ങളിലും നിക്ഷേപകരായി നിലകൊണ്ടു, എന്നാല്‍ വാരാന്ത്യദിനം അവര്‍ ബ്ലൂചിപ്പ് ഓഹരികളില്‍ കനത്ത വില്‍പ്പനക്കാരായത് വിപണിയെ പിടിച്ചുലച്ചു. പോയവാരം 3374.32 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയ അവര്‍ വെള്ളിയാഴ്ച ഒറ്റദിവസം 7395.41 കോടി രൂപയുടെ വില്‍പ്പന നടത്തി. ആഭ്യന്തര ഫണ്ടുകള്‍ 125.36 കോടിയുടെ വില്‍പ്പനയും 7009 കോടി രൂപയുടെ ഓഹരികള്‍ നിക്ഷേപത്തിന് ഉത്സാഹിച്ചു.
വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായ രണ്ടാം വാരവും മികവിലാണ്. ഡോളറിനു മുന്നില്‍ രൂപയുടെ മൂല്യം 90.66ല്‍ നിന്നും 90.36ലേക്ക് ശക്തി പ്രാപിച്ചെങ്കിലും ക്ലോസിങ്ങില്‍ 90.50ലാണ്.
ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 4967 ഡോളറില്‍ നിന്നും 5114 ഡോളര്‍ വരെ കയറിയ ശേഷം 5042 ഡോളറിലാണ്. രാജ്യാന്തര ക്രൂഡ് ഓയില്‍ അവധി വില ആറ് മാസത്തെ ഉയര്‍ന്ന നിരക്കായ 70.72 ഡോളറിലെത്തി ശേഷം വാരാന്ത്യം നിരക്ക് 67.80 ഡോളറിലാണ്. എണ്ണ വില 21 ദിവസങ്ങളിലെ ശരാശരിക്ക് മുകളില്‍ നീങ്ങുന്നതിനാല്‍ 75 ഡോളര്‍ വരെ വരും മാസങ്ങളില്‍ ഉയരാം. വിപണിയുടെ താങ്ങ് 62 ഡോളറിലാണ്.