യുഎഇ യിൽ ജ്യൂസ് വെൻഡിങ്ങ് മെഷീൻ പദ്ധതിയുമായി ജ്യൂസ് വേൾഡ് ഗ്രൂപ്പ്
ഷാർജ: യുഎഇ യിലെ വിവിധ എമിറേറ്റുകളിൽ ജ്യൂസ് വെൻഡിങ്ങ് മെഷീനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്യൂസ് വേൾഡ് ഗ്രൂപ്പ് രംഗത്ത്. സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഗുണ നിലവാരമുള്ള 'ഫ്രഷ്' ജ്യൂസ് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ജ്യൂസ് വേൾഡിന്‍റെ മാനേജിങ് പാർട് ണർ മുഹമ്മദ് മെദുവിൽ ഷാർജയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാളുകൾക്കും വ്യാപാര കേന്ദ്രങ്ങൾക്കും പുറമെ പാതയോരങ്ങളിലും വെൻഡിങ്ങ് മെഷീനുകൾ സ്ഥാപിക്കാനാണ് പദ്ധതി.
ജ്യൂസ് വേൾഡിന്‍റെ യുഎഇ യിലെ അഞ്ചാമത് ശാഖ ശനിയാഴ്ച ഷാർജയിലെ കിംഗ് ഫൈസലിൽ പ്രവർത്തനം തുടങ്ങും. വൈകിട്ട് 7.30ന് ഷാർജ രാജകുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലീദ് അൽ ഖാസിമി ഉദ്ഘാടനം നിർവഹിക്കും. അൽ മജാസ് 1-ൽ ലുലു ഹൈപ്പർ മാർക്കറ്റിന് സമീപമാണ് പുതിയ ശാഖ. ഫ്രഷ് ജ്യൂസുകൾ, ഫലൂദ, ബ്രോസ്റ്റഡ് ചിക്കൻ, ഷവർമ , പാസ്ത, ബർഗർ, സാൻഡ് വിച്ച് , പോപ്പ്സിക്കിളുകൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. പുതിയ സ്റ്റോറിൽ മറ്റ് ശാഖകളിൽ നിന്ന് വ്യത്യസ്തമായി ഇറ്റാലിയൻ പാസ്ത നൽകുമെന്നും അധികൃതർ അറിയിച്ചു.
200 ഇൽ അധികം വ്യത്യസ്ത രുചികളിലുള്ള ജ്യൂസുകളാണ് തങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും അവക്കൊപ്പം ഫലൂദ, പാസ്ത, ബർഗറുകൾ എന്നിവ കൂടി ഉൾപ്പെടുത്തി മെനു കുടുംബങ്ങൾക്ക് അനുയോജ്യമായ രീതിയിൽ നവീകരിച്ചിട്ടുണ്ടെന്നും മുഹമ്മദ് മെദുവിൽ പറഞ്ഞു. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന ശാഖയിൽ കുടുംബ പാർട്ടികൾ നടത്താനുള്ള സൗകര്യവുമുണ്ട്.
2013 ലാണ് ജ്യൂസ് വേൾഡ് യുഎഇ യിൽ പ്രവർത്തനം തുടങ്ങിയത്. യുഎഇ യിൽ കൂടുതൽ ശാഖകൾ തുറക്കുമെന്നും ഗ്രൂപ്പിന്‍റെ മറ്റൊരു സംരംഭമായ മന്തി വേൾഡിന്‍റെ പ്രവർത്തനം യുഎഇ യിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാനേജിങ് പാർട്ട് ണർ മുഹമ്മദ് മെദുവിനെ കൂടാതെ മാർക്കറ്റിങ്ങ് മാനേജർ ഷഹീൻ യൂസഫ്, ഖലീൽ റഹ്മാൻ, ജുനൈദ് മെദുൽ, ഇഷാഖ് പി.കെ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.