മധ്യപ്രദേശ് ട്രാവൽ മാർട്ട് (MPTM) 2025 ഒക്റ്റോബർ 11 മുതൽ 13 വരെ
MPTM 2025
ഭോപ്പാൽ: മധ്യപ്രദേശിനെ ലോകോത്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പ് എന്ന നിലയിൽ, ഒക്റ്റോബർ 11 മുതൽ 13 വരെ മധ്യപ്രദേശ് ടൂറിസം ബോർഡ് സംസ്ഥാനത്തെ ഏറ്റവും വലിയ യാത്രാ-വിനോദസഞ്ചാര പ്രദർശനമായ മധ്യപ്രദേശ് ട്രാവൽ മാർട്ട് (MPTM) 2025 സംഘടിപ്പിക്കുന്നു. ഭോപ്പാലിലെ കുശഭാവു താക്കറെ ഇന്‍റർനാഷണൽ കൺവെൻഷൻ സെന്‍ററാണ് മൂന്നുദിവസം നീളുന്ന പരിപാടിയുടെ വേദി.
സംസ്ഥാനത്തെ ആഗോള ഭൂപടത്തിൽ "ഇന്ത്യയുടെ ഹൃദയം" എന്ന നിലയിൽ അടയാളപ്പെടുത്താൻ ലക്ഷ്യമിടുന്ന ഈ പരിപാടി FICCI യുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നതെന്ന് വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ധർമേന്ദ്ര ഭവ് സിങ് ലോധി അറിയിച്ചു. വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കുക, സാമ്പത്തിക വളർച്ചയ്ക്ക് പുതിയ വഴികൾ തുറക്കുക, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ട്രാവൽ മാർട്ടിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനതല മാർട്ട്
27 രാജ്യങ്ങളിൽ നിന്നുള്ള 80-ൽ അധികം വിദേശ ടൂർ ഓപ്പറേറ്റർമാരും 150 ആഭ്യന്തര ടൂർ ഓപ്പറേറ്റർമാരും ഉൾപ്പെടെ 700-ൽ അധികം പ്രതിനിധികൾ ട്രാവൽ മാർട്ടിന്‍റെ ഭാഗമാകും. 355 വിൽപ്പനക്കാരുമായി ചേർന്ന് 3,000-ൽ അധികം മുൻകൂട്ടി നിശ്ചയിച്ച ബിസിനസ്-ടു-ബിസിനസ് (B2B) മീറ്റിംഗുകൾ ഇവിടെ നടക്കും. സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ ബിസിനസ് കൂട്ടായ്മയാണിത്.
ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഷിയോ ശേഖർ ശുക്ല (ഐഎഎസ്) അഭിപ്രായപ്പെട്ടതനുസരിച്ച്, പൈതൃകം, വന്യജീവികൾ, ഗ്രാമീണ സംസ്കാരം, കരകൗശല വസ്തുക്കൾ, പാചകരീതി, ചലച്ചിത്ര ടൂറിസം തുടങ്ങി സംസ്ഥാനത്തിന്‍റെ വൈവിധ്യമാർന്ന വിനോദസഞ്ചാര സാധ്യതകൾ MPTM 2025-ൽ 120-ൽ അധികം സ്റ്റാളുകളിലായി പ്രദർശിപ്പിക്കും. ഗോണ്ട് ആർട്ട്, ചന്ദേരി സാരി നെയ്ത്ത് എന്നിവയുടെ തത്സമയ പ്രദർശനങ്ങളും ഉണ്ടാകും.
നിക്ഷേപത്തിനും ചലച്ചിത്ര ടൂറിസത്തിനും ഊന്നൽ
ആതിഥ്യം, സിനിമ, വെഡ്ഡിങ്, MICE (മീറ്റിംഗുകൾ, ഇൻസെന്‍റീവുകൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ) മേഖലകളിലെ നിക്ഷേപ പ്രോത്സാഹനമാണ് മാർട്ടിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് നിക്ഷേപകരുമായി കൂടിക്കാഴ്ചകൾ നടത്തും.
“മധ്യപ്രദേശ്: മറഞ്ഞിരിക്കുന്ന രത്നത്തിൽ നിന്ന് ആഗോള ഐക്കണിലേക്ക്”, “മധ്യപ്രദേശിലെ ചലച്ചിത്ര മേഖലയുടെ ഭാവി: റീലിൽ നിന്ന് യഥാർഥ വളർച്ചയിലേക്ക്” എന്നിവ ട്രാവൽ മാർട്ടിന്‍റെ പ്രധാന ചർച്ചാ വിഷയങ്ങളാകും. ചലച്ചിത്ര നയം അനുസരിച്ചുള്ള സഹകരണ പ്രഖ്യാപനങ്ങൾക്ക് ഇത് വേദിയാകും. വിഖ്യാത കലാകാരി മൈത്രേയി പഹാരിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഡാൻസ്, ഐക്കോണിക് മൈഹാർ ബാൻഡ്, നാടൻ, ഗോത്ര നൃത്തങ്ങൾ എന്നിവ മാർട്ടിന് സാംസ്‌കാരിക ശോഭ നൽകും.
ഡോ. ജ്യോത്സ്‌ന സൂരി (ദി ലളിത് ഗ്രൂപ്പ്), പർവീൺ ചന്ദർ (ഐഎച്ച്‌സിഎൽ ഗ്രൂപ്പ്), എയർ ഇന്ത്യ, യാത്ര ഡോട്ട് കോം, പ്രമുഖ ട്രാവൽ അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും. ഒപ്പം, ഏകതാ കപൂർ, ഗജരാജ് റാവു, സ്പാനിഷ് ഫിലിം പ്രൊഡ്യൂസർ അന്ന സൗര തുടങ്ങിയ പ്രമുഖ ചലച്ചിത്ര വ്യക്തിത്വങ്ങളുടെ സാന്നിധ്യവും ചലച്ചിത്ര ടൂറിസത്തിന് പ്രാധാന്യം നൽകും.