പാൽ വില കൂടും? മിൽമ യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: പാൽ വില കൂടാൻ സാധ്യത. ലിറ്ററിന് മൂന്നു മുതൽ നാല് രൂപ വരെ വർധിപ്പിക്കാനാണ് മിൽമയുടെ നീക്കം. മിൽമ ഡയറക്റ്റർമാരുടെ യോഗത്തിനു ശേഷം വിലവർധനവിൽ തീരുമാനമാകും. തിരുവനന്തപുരം പട്ടത്തെ മിൽമ ഹെഡ് ഓഫിസിൽ യോഗം ആരംഭിച്ചു. തിരുവനന്തപുരം, എറണാകുളം മിൽമ യൂണിയനുകൾ വില വർധനയെ അനുകൂലിച്ചിട്ടുണ്ട്. മലബാർ യൂണിറ്റാണ് വിഷയത്തിൽ എതിർപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉത്പാദന ചെലവിന് ആനുപാതികമായി വില കൂട്ടാനാണ് ആവശ്യം. നിലവിൽ ലിറ്ററിന് 52 രൂപയാണ് മിൽമ പാൽ വില(ടോൺഡ് മിൽക്). പാലിന് വില കൂട്ടിയാൽ എല്ലാ പാലുത്പന്നങ്ങളുടെയും വില ആനുപാതികമായി വർധിച്ചേക്കും. നിലവിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പാൽ വില കൂടുതലാണ്.