മധ്യ പ്രദേശിലെ പച്ച്മടിയിൽ നിന്നുള്ള സൂര്യാസ്തമയ ദൃശ്യം.

 

Metro Vaartha

Business

₹3,665 കോടിയുടെ നിക്ഷേപം: മധ്യ പ്രദേശ് ടൂറിസത്തിൽ പ്രതീക്ഷയുടെ സൂര്യോദയം

ഭോപ്പാലിൽ സമാപിച്ച മധ്യപ്രദേശ് ട്രാവൽ മാർട്ട് (MPTM) 2025-ൽ വിവിധ മേഖലകളിൽ നിന്നായി 3,665 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് ലഭിച്ചത്

VK SANJU

വി.കെ. സഞ്ജു

വിനോദസഞ്ചാര രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്, ഇന്ത്യയുടെ ഹൃദയഭൂമിയായ മധ്യപ്രദേശ്. ഭോപ്പാലിൽ സമാപിച്ച മധ്യപ്രദേശ് ട്രാവൽ മാർട്ട് (MPTM) 2025-ൽ വിവിധ മേഖലകളിൽ നിന്നായി 3,665 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് ലഭിച്ചത്.

ടൂറിസം മേഖലയിലെ എല്ലാ പങ്കാളികളെയും ഒരുമിപ്പിക്കുന്ന ആഗോള വേദിയായി മാറിയ MPTM, 27 രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം അന്താരാഷ്ട്ര ടൂർ ഓപ്പറേറ്റർമാർ ഉൾപ്പെടെ എഴുനൂറിലധികം പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഈ വിജയത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട സംസ്ഥാന സർക്കാർ, MPTM ഒരു വാർഷിക പരിപാടിയായി നടത്താനും തീരുമാനിച്ചുകഴിഞ്ഞു.

പ്രധാന നിക്ഷേപങ്ങൾ

അടിസ്ഥാന സൗകര്യ വികസനം: സാഞ്ചിക്കടുത്ത് ഒരു 18-ഹോൾ ഗോൾഫ് കോഴ്സും ഖണ്ഡ്‌വയിലെ നസർപുര ദ്വീപിൽ ഒരു വെൽനസ് റിസോർട്ടും ഉൾപ്പെടെ 386 കോടി രൂപയുടെ രണ്ട് പ്രധാന പദ്ധതികൾക്ക് അനുമതി പത്രം കൈമാറി.

ചലച്ചിത്ര വ്യവസായത്തിന് ഉത്തേജനം: ബാലാജി ടെലിഫിലിംസുമായി ഒപ്പുവെച്ച സുപ്രധാന ധാരണാപത്രം (MoU) അനുസരിച്ച്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ₹50 കോടി രൂപയുടെ സിനിമകളും വെബ് സീരീസുകളും മധ്യപ്രദേശിൽ നിർമിക്കും. സംസ്ഥാനത്തെ ഒരു ഫിലിം ഹബ്ബായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടായി ഇത് വിലയിരുത്തപ്പെടുന്നു.

ആഡംബര സൗകര്യങ്ങൾ: ഹനുവന്തിയ, മാണ്ഡു, താമിയ, ഓർച്ച തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടെന്‍റ് സിറ്റികൾ സ്ഥാപിക്കാൻ EaseMyTrip, ആഗമൻ ഇന്ത്യ ട്രാവൽ എന്നിവരുമായി ധാരണാപത്രങ്ങൾ ഒപ്പിട്ടതിലൂടെ, ഉയർന്ന നിലവാരമുള്ള താമസ സൗകര്യങ്ങൾ ഉറപ്പാക്കുന്നു.

'അതിഥി ദേവോ ഭവ'

മധ്യ പ്രദേശ് ടൂറിസത്തെ, 'അതിഥി ദേവോ ഭവ' എന്ന തത്വം അടിസ്ഥാനമാക്കി, ആധുനിക ആഗോള ബ്രാൻഡ് എന്ന രീതിയിൽ പരിവർത്തനം ചെയ്യുകയാണ് ലക്ഷ്യം. വെയിൽസ് ബെക്കൺസ് ലിമിറ്റഡിന്‍റെ (യുകെ) പ്രതിനിധി എറിക് ഹോളിഡേ, MPTM അനുഭവത്തെ വിശേഷിപ്പിച്ചത് 'അവിശ്വസനീയവും അവിസ്മരണീയവും' എന്നാണ്. ഫ്രാൻസിൽ നിന്നുള്ള ഓറേലി ഡൈലാക്, മധ്യ പ്രദേശിന്‍റെ സൗന്ദര്യത്തെ ഫ്രാൻസിലുടനീളം പ്രചരിപ്പിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും പ്രഖ്യാപിച്ചു.

പ്രശസ്ത ഷെഫ് മൻജിത് ഗില്ലിന്‍റെ പാചക പ്രദർശനങ്ങളും, ഗ്രാമീണ ടൂറിസം, കരകൗശലവസ്തുക്കൾ എന്നിവ പ്രദർശിപ്പിച്ച 'വില്ലേജ് വൈബ്‌സ്' പവലിയനും ഈ സാംസ്‌കാരിക സമന്വയത്തിനു വൈവിധ്യം പകർന്നു.

ബി2ബി പ്ലാറ്റ്‌ഫോം

മധ്യ പ്രദേശിലെ ടൂറിസം വികസനത്തിനുള്ള എൻജിൻ എന്ന നിലയിലാണ് ഇത്തവണ ട്രാവൽ മാർട്ട് വിഭാവനം ചെയ്യപ്പെട്ടത്. ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട്, പ്രാദേശിക ഹോട്ടലുടമകളെയും ടൂർ ഓപ്പറേറ്റർമാരെയും ദേശീയ അന്തർദേശീയ ട്രാവൽ ഏജന്‍റുമാരുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു B2B (ബിസിനസ്-ടു-ബിസിനസ്) പ്ലാറ്റ്‌ഫോമും ഇതിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു. വൈവിധ്യമാർന്ന യാത്രാ പാക്കേജുകൾ രൂപീകരിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതിയായിരുന്നു ഇത്.

പുതിയ ടൂറിസം നയങ്ങളും നിക്ഷേപ സാധ്യതകളും സംബന്ധിച്ച് നിക്ഷേപകർക്ക് വിവരങ്ങൾ നൽകുന്ന വേദിയായും മാർട്ട് പ്രവർത്തിച്ചു. ഈ B2B പ്ലാറ്റ്‌ഫോമിന്‍റെ വിജയം, ടൂറിസ്റ്റ് പ്രവാഹത്തിൽ വർധനവുണ്ടാക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

സുരക്ഷയും പ്രാദേശിക വൈദഗ്ധ്യവും

സേഫ് ടൂറിസം ഫോർ വിമെൻ (സ്ത്രീകൾക്ക് സുരക്ഷിത ടൂറിസം) പോലുള്ള പദ്ധതികളും ട്രാവൽ മാർട്ടിൽ വിശദീകരിക്കപ്പെട്ടു. പരിശീലനം ലഭിച്ച യുവതികളുമായി ചീഫ് സെക്രട്ടറി അനുരാഗ് ജെയിൻ നേരിട്ട് സംവദിച്ചു. എല്ലാ സഞ്ചാരികൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനുള്ള സംസ്ഥാനത്തിന്‍റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.

കരകൗശല പ്രദർശനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്, പ്രാദേശിക കരകൗശല വിദഗ്ധരുടെ വൈദഗ്ദ്ധ്യം സംരക്ഷിക്കാനും അവർക്ക് പുതിയ വിപണി കണ്ടെത്താനും സഹായിക്കുന്നു. ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനപ്പുറം, സുരക്ഷിതവും, വൈദഗ്ധ്യമുള്ളതും, സാംസ്‌കാരികമായി സമ്പന്നവുമായ ഒരു അനുഭവം ഓരോ സന്ദർശകനും നൽകുക എന്ന ലക്ഷ്യത്തോടെയാണ് മധ്യ പ്രദേശ് സർക്കാർ ടൂറിസം രംഗത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്.

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി