ആർക്കും വേണ്ട; യാത്രാ വാഹനങ്ങളുടെ റീട്ടെയ്‌ല്‍ വിൽപ്പന കുത്തനെ കുറഞ്ഞു 
Business

ആർക്കും വേണ്ട; യാത്രാ വാഹനങ്ങളുടെ റീട്ടെയ്‌ല്‍ വിൽപ്പന കുത്തനെ കുറഞ്ഞു

വ്യാപകമായ മഴയും വാങ്ങലിന് അശുഭ സമയമായി വിലയിരുത്തുന്ന ശാരദാ കാലവും കാര്‍ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചു.

ബിസിനസ് ലേഖകൻ

കൊച്ചി: സെപ്റ്റംബറില്‍ യാത്രാ വാഹനങ്ങളുടെ റീട്ടെയ്‌ല്‍ വിൽപ്പന കുത്തനെ കുറഞ്ഞു. 19 ശതമാനമാണ് ഇടിവ്. സാമ്പത്തിക മേഖലയിലെ തളര്‍ച്ചയും ഗ്രാമീണ വിപണിയില്‍ ഉപയോക്താക്കളുടെ വാങ്ങല്‍ ശേഷി കുറഞ്ഞതും വിൽപ്പനയെ പ്രതികൂലമായി ബാധിച്ചു. നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ കുറവ് വരുത്താതിരുന്നതും വാഹന വിൽപ്പനയെ പ്രതികൂലമായി ബാധിച്ചുവെന്ന് ഡീലര്‍മാര്‍ പറയുന്നു. വ്യാപകമായ മഴയും വാങ്ങലിന് അശുഭ സമയമായി വിലയിരുത്തുന്ന ശാരദാ കാലവും കാര്‍ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചു. ഉപയോക്താക്കള്‍ വാങ്ങല്‍ താത്പര്യം കുറച്ചതോടെ ഡീലര്‍ഷിപ്പുകളില്‍ വില്‍ക്കാതെ ശേഷിക്കുന്ന വാഹനങ്ങളുടെ എണ്ണം മുന്‍പൊരിക്കലുമില്ലാത്ത വിധം കുതിച്ചുയരുകയാണ്. നിലവില്‍ പല ഡീലര്‍ഷിപ്പുകളിലും വിൽപ്പന നടക്കാന്‍ 80 മുതല്‍ 85 ദിവസം വരെയെടുക്കുന്നു.

ഫെഡറേഷന്‍ ഒഫ് ഓട്ടൊമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍റെ (എഫ്എഡിഎ) കണക്കുകളനുസരിച്ച് വിവിധ ഡീലര്‍മാരുടെ കൈവശം വില്‍ക്കാതെ ശേഷിക്കുന്നത് 77,800 കോടി രൂപയുടെ 7.8 ലക്ഷം കാറുകളാണ്. ഓഗസ്റ്റില്‍ ഡീലര്‍ഷിപ്പുകളിലെ ഇന്‍വെന്‍ററി കാലയളവ് 70 മുതല്‍ 75 ദിവസങ്ങളായിരുന്നു. ഉത്സവകാല പ്രതീക്ഷകള്‍ നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ തൊട്ടടുത്തെത്തിയതോടെ വാഹന വിപണി വീണ്ടും ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് ഡീലര്‍മാര്‍. വാഹന വിപണിയിലെ തിരിച്ചടി ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിന് ബാങ്കുകളും നിർമാണ കമ്പനികളും മുന്‍കൈയെടുക്കണമെന്ന് എഫ്എഡിഎ ആവശ്യപ്പെടുന്നു.

കഴിഞ്ഞ മാസം മാരുതി സുസുക്കിയുടെ കാര്‍ വിൽപ്പനയില്‍ 20% ഇടിവാണുണ്ടായത്. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വിൽപ്പന 25 ശതമാനവും ടാറ്റ മോട്ടോഴ്സിന്‍റെ വിൽപ്പന 19 ശതമാനവും കഴിഞ്ഞ മാസം കുറഞ്ഞു. അതേസമയം അധിക ആനുകൂല്യങ്ങളും ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആകര്‍ഷകമായ വായ്പാ പദ്ധതികളും ഒരുക്കി ആഘോഷ നാളുകളില്‍ വിൽപ്പനയില്‍ ഉണര്‍വ് സൃഷ്ടിക്കാനാണ് മുന്‍നിര വാഹന നിർമാതാക്കളുടെ ശ്രമം.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ