വിറ്റുപോകാത്ത വീടുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പുതുതായി നിര്‍മിക്കുന്ന വീടുകളുടെ എണ്ണം ഓരോ മാസവും കൂടിക്കൊണ്ടിരിക്കുന്നു
കൊച്ചി: ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല അസാധാരണമായ പ്രവണതകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. വിറ്റുപോകാത്ത വീടുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പുതുതായി നിര്‍മിക്കുന്ന വീടുകളുടെ എണ്ണം ഓരോ മാസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഡിമാന്‍ഡില്‍ കുറവ് വന്നെങ്കിലും വില കുതിച്ചുയരുകയും ചെയ്യുന്നു.
മുംബൈ, ഡല്‍ഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ചില അപ്പാര്‍ട്ട്മെന്‍റുകളുടെ വില ന്യൂയോര്‍ക്ക്, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളിലേതിന് തുല്യമോ അധികമോ ആണ്. മുംബൈയില്‍ അഞ്ച് ലക്ഷം വീടുകള്‍ വിറ്റുപോകാതെ കിടക്കുമ്പോഴാണ് ബില്‍ഡര്‍മാര്‍ കഴിഞ്ഞ വര്‍ഷം ഒരുലക്ഷം പുതിയ വീടുകള്‍ നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിറ്റുപോകാത്ത ആകെ വീടുകളുടെ എണ്ണം പൂനെയില്‍ 2.4 ലക്ഷവും ഹൈദരാബാദില്‍ 68,500 ആണ്. പല നഗരങ്ങളിലും ചില പ്രദേശങ്ങളില്‍ ആഡംബര ഭവനങ്ങള്‍ക്ക് വലിയ ഡിമാൻഡുണ്ട്.
ബജറ്റ് ഹോമുകളും വിറ്റുപോകുന്നുണ്ട്. എന്നാല്‍, സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും മധ്യവര്‍ഗത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയും പൊതുവെ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്നു. ആഗോള നിലവാരം വച്ച് നോക്കുമ്പോള്‍ പോലും ഇന്ത്യയിലെ വീടുകളുടെ വില ജനങ്ങളുടെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണ്.