രൂപ എക്കാലത്തെയും താഴ്ന്ന നിലയിൽ

 

symbolic 

Business

രൂപ എക്കാലത്തെയും താഴ്ന്ന നിലയിൽ

കഴിഞ്ഞ അഞ്ച് സെഷനുകളില്‍ മാത്രം 1% ഇടിവ് രേഖപ്പെടുത്തി.

Business Desk

മുംബൈ: ഇന്‍ട്രാ-ഡേ വ്യാപാരത്തില്‍ ഡോളറിനെതിരേ രൂപ 36 പൈസ ഇടിഞ്ഞ് 91 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഇത് ആദ്യമായിട്ടാണ് 91 എന്ന നിലയിലെത്തിയത്. എഫ്‌ഐഐ (വിദേശ നിക്ഷേപകര്‍) തുടര്‍ച്ചയായി പിന്മാറുന്നതും ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ വ്യക്തതയില്ലായ്മയുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ 10 വ്യാപാര സെഷനുകളിലാണ് ഡോളറിനെതിരേ രൂപ 90ല്‍ നിന്ന് 91ലെത്തിയത്. കഴിഞ്ഞ അഞ്ച് സെഷനുകളില്‍ മാത്രം 1% ഇടിവ് രേഖപ്പെടുത്തി.

2025 നവംബര്‍ അവസാനത്തിലും ഡിസംബര്‍ ആദ്യത്തിലും ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. യുഎസ് ഡോളറിനെതിരേ നിരവധി തവണയാണ് റെക്കോഡ് താഴ്ചയിലെത്തിയത്.

നവംബര്‍ 21ന് യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം ക്ലോസ് ചെയ്തത് 89.41 രൂപയിലാണ്. ഡിസംബര്‍ 1ന് 89.64 രൂപയിലേക്ക് താഴ്ന്നു. ഡിസംബര്‍ 4ന് 90.42 രൂപയിലേക്കും ഡിസംബര്‍ 16ന് ഇന്ത്യന്‍ രൂപ കൂടുതല്‍ ഇടിഞ്ഞ് 91 എന്ന നിലയിലുമെത്തി.

സ്വാധീനിക്കുന്ന ഘടകങ്ങള്‍

രൂപയുടെ ചലനത്തെ നിരവധി ആഭ്യന്തര, ആഗോള ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ഡോളര്‍ ഇന്‍ഡെക്‌സിന്‍റെ ചലനം, മൂലധന ഒഴുക്ക്, പലിശ നിരക്ക്, ക്രൂഡ് ഓയില്‍ വില, കറന്‍റ് അക്കൗണ്ട് കമ്മി തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിനെ സ്വാധീനിക്കുന്നു. ഇതിനു പുറമെ വ്യാപാര കമ്മി വര്‍ധിക്കുന്നതും അമെരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര കരാറിലുള്ള അനിശ്ചിതത്വം എന്നിവയും രൂപയുടെ ശക്തി ക്ഷയിക്കാന്‍ കാരണമാകുന്നുണ്ട്. ഇന്ത്യയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അമെരിക്ക 50% തീരുവയാണു ചുമത്തുന്നത്. മെക്‌സിക്കോയും അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ 50% തീരുവ ചുമത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഡോളര്‍ ആഗോളതലത്തില്‍ ശക്തിപ്പെടുന്നു

ലോകമെമ്പാടും യുഎസ് ഡോളര്‍ ശക്തിപ്പെടുന്നത് രൂപ ദുര്‍ബലമാകാന്‍ കാരണമാകുന്നുണ്ട്. വിദേശ പോര്‍ട്ട്‌ഫോളിയോ ഒഴുക്ക് കുറഞ്ഞതും, ആഗോളതലത്തിലുള്ള നിക്ഷേപകരുടെ ജാഗ്രതയും ഇന്ത്യയുടെ ആഭ്യന്തര വിപണിയില്‍ വിദേശ കറന്‍സിയുടെ ലഭ്യത പരിമിതപ്പെടുത്തുകയും ചെയ്തു. അസംസ്‌കൃത എണ്ണ വില, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍, പ്രധാന സെന്‍ട്രല്‍ ബാങ്കുകളുടെ നയപരമായ നടപടികള്‍ തുടങ്ങിയ ബാഹ്യമായ ഘടകങ്ങളും രൂപയുടെ മൂല്യം ഇടിയുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?