രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്
മുംബൈ: യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 90.43 എന്ന നിലയിലെത്തി. ബുധനാഴ്ച 18 പൈസയുടെ ഇടിവിന് ശേഷം 90.14 എന്ന റെക്കോർഡ് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യം കുറയുന്നതോടെ കൂടുതൽ നഷ്ടം ഒഴിവാക്കാൻ ഇറക്കുമതിക്കാർ ഡോളർ വാങ്ങാൻ തിടുക്കം കാട്ടുന്നതാണ് മൂല്യം കുറയാൻ വീണ്ടും കാരണമായത്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പുരോഗതിയില്ലാത്തത് രൂപയെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ഡോളറിനുള്ള ആവശ്യകത വർദ്ധിക്കുന്നതും ഇടിവിന് കാരണമാകുന്നുണ്ട്. ഇന്ത്യയുടെ വ്യാപാരക്കമ്മി വർദ്ധിക്കുന്നതും വിദേശ നിക്ഷേപം ദുർബലമാകുന്നതും രൂപയെ തളർത്തുന്നുണ്ട്. ആർബിഐ ഇടപെട്ടില്ലെങ്കിൽ, കമ്പനികൾ സാധാരണ ഡോളർ വാങ്ങുന്നത് പോലും രൂപയെ താഴേക്ക് തള്ളിവിടുന്ന ഒരു സാഹചര്യം ഉണ്ടാക്കിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു.