Business

എസ്ഐപി നിക്ഷേപം റെക്കോഡിൽ

ബിസിനസ് ലേഖകൻ

കൊച്ചി: സാമ്പത്തിക മേഖലയുടെ മികച്ച വളര്‍ച്ചയുടെ സാധ്യതകള്‍ മുതലെടുക്കാന്‍ ചെറുകിട നിക്ഷേപകര്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പദ്ധതികളിലൂടെ (എസ്ഐപി) ഓഹരി വിപണിയില്‍ പണം മുടക്കുന്നതില്‍ ചരിത്ര വർധന.

പ്രതിമാസം നിശ്ചിത തുകളായി ഓഹരി വിപണിയില്‍ ചെറുകിട നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി നടത്തുന്ന നിക്ഷേപമാണ് എസ്ഐപികള്‍. ചെറിയ തുകയായി നല്‍കാമെന്നതും വിദഗ്ധരായ പ്രൊഫഷണലുകള്‍ നിക്ഷേപകര്‍ക്ക് വേണ്ടി മികച്ച ഗവേഷണങ്ങളുടെ പിന്തുണയോടെ നിക്ഷേപ തീരുമാനം എടുക്കുന്നുവെന്നതുമാണ് എസ്ഐപികളുടെ കരുത്ത്.

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ (സെബി) കണക്കുകളനുസരിച്ച് എസ്ഐപികളിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെറുകിട നിക്ഷേപകര്‍ രണ്ട് ലക്ഷം കോടി രൂപയാണ് ഓഹരി വിപണിയില്‍ മുടക്കിയത്. മുന്‍വര്‍ഷത്തേക്കാള്‍ 28 ശതമാനം വർധനയാണ് എസ്ഐപി നിക്ഷേപങ്ങളിലുണ്ടായത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1.56 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് എസ്ഐപിയിലൂടെ ലഭിച്ചിരുന്നത്. ഏഴ് വര്‍ഷത്തിനിടെ എസ്ഐപിയിലേക്കുള്ള പണമൊഴുക്കില്‍ നാലിരട്ടി വർധനയുണ്ടായെന്ന് അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. എസ്ഐപികളിലൂടെ മാര്‍ച്ചില്‍ മൊത്തം 19,270 കോടി രൂപയുടെ നിക്ഷേപമാണ് വിപണിയിലെത്തിയത്. മുന്‍വര്‍ഷം മാര്‍ച്ചില്‍ എസ്ഐപികളിലെ നിക്ഷേപം 14,276 കോടി രൂപയായിരുന്നു.

രാജ്യത്തെ ഓഹരി വിപണി റെക്കോഡുകള്‍ കീഴടക്കി മുന്നേറിയതാണ് നിക്ഷേപ താത്പര്യം വർധിപ്പിച്ചത്. നിലവില്‍ രാജ്യത്തെ മുന്‍നിര മ്യൂച്വല്‍ ഫണ്ടുകള്‍ മൊത്തമായി കൈകാര്യം ചെയ്യുന്ന ആസ്തി 71 ലക്ഷം കോടി രൂപ കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വന്‍കിട വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ മുടക്കിയ പണത്തിനൊപ്പം നില്‍ക്കുന്നതാണ് എസ്ഐപി നിക്ഷേപങ്ങള്‍. കടപ്പത്ര വിപണയില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളിലേക്കും ചെറുകിട നിക്ഷേപകരില്‍ നിന്നും വന്‍ തോതില്‍ പണം ഒഴുകിയെത്തുന്നുണ്ട്.

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി ഹൈക്കോടതി

'ഇല്ലാത്ത കുറ്റത്തിന് തന്നെ ക്രിമിനൽ ലീഡറാക്കി, യഥാർഥ പ്രതികളെ കണ്ടത്തേണ്ടത് സർക്കാരാണ് ‌‌'

മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി 31 വരെ നീട്ടി

ഒഴുകി വന്ന തേങ്ങ എടുക്കാൻ ആറ്റിൽ ചാടിയ വയോധികൻ്റെ മൃതദേഹം കണ്ടെത്തി

പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാരിനായില്ല, പ്രതിപക്ഷം സമരത്തിനിറങ്ങും; വി. ഡി. സതീശൻ