Business

ഓഹരി വിപണിയിൽ മുന്നേറ്റം

ഐടി, ധനകാര്യ മേഖലകളിലെ ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യമാണ് വിപണിക്ക് ഇന്നലെ നേട്ടമായത്.

ബിസിനസ് ലേഖകൻ

കൊച്ചി: നാണയപ്പെരുപ്പ ഭീഷണി ഒഴിയുന്ന സൂചനകള്‍ ശക്തമായതോടെ രാജ്യത്തെ ഓഹരി വിപണി വന്‍ മുന്നേറ്റം നടത്തി. ഇന്നലെ ബോംബെ ഓഹരി സൂചിക 742.06 പോയിന്‍റ് കുതിപ്പോടെ 65675.93ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ദേശീയ സൂചികയായ നിഫ്റ്റി 231.90 പോയിന്‍റ് നേട്ടവുമായി 19,675.45ല്‍ അവസാനിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന മൊത്ത വില സൂചികയും ചില്ലറ വില സൂചികയും അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞിരുന്നു. ഇതോടെ പലിശ നിരക്ക് കുറയാനുള്ള സാധ്യത ഉയര്‍ന്നതാണ് നിക്ഷേപകര്‍ക്ക് ആവേശം പകര്‍ന്നത്. ഇതോടൊപ്പം അമെരിക്കയിലും നാണയപ്പെരുപ്പ ഭീഷണി ഒഴിയുന്നതിന്‍റെ സൂചനകള്‍ ശക്തമായതിനാല്‍ ഡോളറിന്‍റെ മൂല്യം കുറയുന്നതും അനുകൂല സാഹചര്യം സൃഷ്ടിച്ചു.

ഐടി, ധനകാര്യ മേഖലകളിലെ ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യമാണ് വിപണിക്ക് ഇന്നലെ നേട്ടമായത്. ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ ഇതിനു നേതൃത്വം നല്‍കി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.

സാമ്പത്തിക മാന്ദ്യം ഒഴിവാകുകയാണെന്ന സൂചന ശക്തമായതോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഓഹരി വിപണികളിലേക്ക് വന്‍ തോതില്‍ പണം ഒഴുക്കിയതാണ് മുന്നേറ്റം സജീവമാക്കിയത്. ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ മികച്ച വളര്‍ച്ചാ സാധ്യതകളും വിദേശ നിക്ഷേപകരുടെ പണമൊഴുക്കിന് വേഗത കൂട്ടി.

ഇതോടൊപ്പം ചൈനയുടെ സാമ്പത്തിക മേഖലയില്‍ വെല്ലുവിളികള്‍ ശക്തമാകുന്നതും ബദല്‍ വിപണിയെന്ന നിലയില്‍ ഇന്ത്യയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. കഴിഞ്ഞ ആറ് മാസമായി രാജ്യത്തെ ഓഹരി വിപണി തുടര്‍ച്ചയായി നേട്ടപാതയില്‍ നീങ്ങുന്നതിന് കാരണം വിദേശ നിക്ഷേപകരുടെ പണക്കരുത്താണെന്ന് ബ്രോക്കര്‍മാരും റിസര്‍ച്ച് ഏജന്‍സികളും പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുഖ്യ പലിശ പലതവണ വർധിപ്പിച്ചിട്ടും ഉത്പന്നങ്ങളുടെ വിലക്കയറ്റം കാര്യമായി പിടിച്ചുനിർത്താന്‍ കഴിഞ്ഞിട്ടില്ല. പലിശ വർധന സര്‍ക്കിളില്‍ ആദ്യ കാലയളവില്‍ ഡോളര്‍ അസാധാരണമായ വിധത്തില്‍ ശക്തിയാര്‍ജിച്ചെങ്കിലും ഈ നടപടികള്‍ കാര്യമായ ഗുണം ചെയ്യാത്തതിനാല്‍ നിക്ഷേപകര്‍ നിലവില്‍ ആശങ്കാകുലരാണ്. യുഎസിലെ വിവിധ ആസ്തികളിലേക്ക് നിക്ഷേപം മാറ്റാനുള്ള തീരുമാനം ധനകാര്യ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പുനഃപരിശോധിക്കുകയാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു. അതിനാല്‍ വികസിത വിപണികളില്‍ നിന്നും പണം വന്‍തോതില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളിലേക്ക് പണം ഒഴുക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലോകത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ പലതും കടുത്ത പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യയിലെ ബാങ്കിങ് മേഖല ചരിത്രത്തിലേക്കും ഏറ്റവും മികച്ച ലാഭവും ബിസിനസുമാണ് നേടിയതെന്ന് അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം