വിപണി  
Business

വിപണി തിരിച്ചു കയറി...

സെന്‍സെക്സ് 843.16 പോയിന്‍റ് നേട്ടവുമായി 82,133.12ല്‍ വ്യാപാരം പൂര്‍ത്തിയാക്കി.

ബിസിനസ് ലേഖകൻ

കൊച്ചി: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ മികച്ച നേട്ടവുമായി വെളളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു. നാണയപ്പെരുപ്പം കുറഞ്ഞതും വ്യാവസായിക ഉത്പാദനത്തിലെ ഉണര്‍വുമാണ് നിക്ഷേപകര്‍ക്ക് ആവേശം പകര്‍ന്നത്. ഇന്നലെ ഒരവസരത്തില്‍ 1,200 പോയിന്‍റ് നഷ്ടം നേരിട്ട മുഖ്യ സൂചിക പിന്നീട് 2,000 പോയിന്‍റിലധികം നേട്ടമുണ്ടാക്കി. കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍, ഐടി, ബാങ്കിങ് തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.

സെന്‍സെക്സ് 843.16 പോയിന്‍റ് നേട്ടവുമായി 82,133.12ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. നിഫ്റ്റി 219.60 പോയിന്‍റ് ഉയര്‍ന്ന് 24,768.30ല്‍ അവസാനിച്ചു. തുടര്‍ച്ചയായ നാലാം വാരമാണ് ഓഹരി വിപണി നേട്ടമുണ്ടാക്കുന്നത്. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നുവെന്ന സൂചനകള്‍ കണ്‍സ്യൂമര്‍ ഉത്പന്ന മേഖലയിലെ ഓഹരികള്‍ക്ക് ആവേശം പകര്‍ന്നു.

നാണയപ്പെരുപ്പം കുറഞ്ഞതോടെ അടുത്ത വര്‍ഷമാദ്യം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. ട്രംപ് ഭീതിയില്‍ കനത്ത തിരിച്ചടി നേരിട്ട ഇന്ത്യന്‍ ഓഹരി വിപണി ശക്തമായി തിരിച്ചുകയറുകയാണ്. നവംബറിലെ വലിയ ഇടിവിന് ശേഷം ഇതുവരെ 5,300 പോയിന്‍റിന്‍റെ നേട്ടമാണ് മുഖ്യ ഓഹരി സൂചികയായ സെന്‍സക്സിലുണ്ടായത്.

നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്. ഇന്നലെ തുടക്കത്തില്‍ കനത്ത നഷ്ടം നേരിട്ടതിന് ശേഷം ഓഹരി സൂചികകള്‍ ശക്തമായി തിരിച്ചുകയറി. ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും സാമ്പത്തിക മേഖലയിലെ തളര്‍ച്ചയും അവഗണിച്ചാണ് വിദേശ, സ്വദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ പണമൊഴുക്കുന്നത്.

നാണയപ്പെരുപ്പം താഴ്ന്നതും വ്യാവസായിക രംഗത്തെ തളര്‍ച്ചയും കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കാന്‍ തയാറെടുക്കുന്നുവെന്നാണ് വിലയിരുത്തുന്നത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് പിന്നാലെ അമെരിക്കയിലെ ഫെഡറല്‍ റിസര്‍വും പലിശ കുറയ്ക്കുന്നതോടെ ഇന്ത്യയിലേക്കുള്ള വിദേശ പണമൊഴുക്ക് കൂടുമെന്നും പ്രതീക്ഷിക്കുന്നു.

പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ കുറയുന്നതിനാല്‍ ക്രൂഡ് ഓയില്‍ വില താഴുന്നതോടെ കമ്പനികളുടെ പ്രവര്‍ത്തന ലാഭം മെച്ചപ്പെടാനും ഇടയുണ്ട്. 2014 ഏപ്രില്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ ഒഴുക്കിയത് 45.96 ലക്ഷം കോടി രൂപയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ