പ്രാദേശിക ഉത്പന്ന വിതരണക്കാർക്ക് പിന്തുണയുമായി യൂണിയൻ കോപ്
ദുബായ്: യു എ ഇ യിലെ പ്രാദേശിക ഉത്പന്ന വിതരണക്കാരെ പിന്തുണയ്ക്കാൻ വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് യൂണിയൻ കോപ് സിഇഒ മുഹമ്മദ് അൽ ഹഷെമി അറിയിച്ചു. ചില ഫീസുകൾ ഒഴിവാക്കൽ, സാധനങ്ങൾ ലിസ്റ്റ് ചെയ്യാനുള്ള നടപടികൾ ലഘൂകരിക്കൽ, ഡിസ്പ്ലേ ചാർജുകളിൽ 50% വരെ കിഴിവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ പ്രാദേശിക ഫാമുകൾക്കും ഫാക്ടറികൾക്കും മാർക്കറ്റിങ് പിന്തുണയും ലോജിസ്റ്റിക്കൽ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉയർന്ന ഗുണമേന്മയുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് പദ്ധതിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുമെന്ന് സി ഇ ഒ പറഞ്ഞു. നിലവിൽ യൂണിയൻ കോപ് സ്റ്റോറുകളിൽ 6,000-ത്തിന് മുകളിൽ പ്രാദേശിക ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഉയർന്ന ഗുണമേന്മയ്ക്ക് ഒപ്പം മത്സരാധിഷ്ഠിതമായ വിലയും ആയതിനാൽ മികച്ച വിപണന സാധ്യതയാണ് ഈ ഉൽപ്പന്നങ്ങൾക്കുള്ളതെന്നും ഇവയ്ക്ക് ആഗോള ഉൽപ്പന്നങ്ങളുമായുള്ള മത്സരത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കുമെന്നും അൽ ഹഷെമി പറഞ്ഞു.
വാർഷിക പദ്ധതിയുടെ ഭാഗമായി യൂണിയൻ കോപ് കർഷകർക്കും പ്രാദേശിക കമ്പനികൾക്കും ഇൻ-സ്റ്റോർ ഡിസ്പ്ലേയ്ക്കും വിപുലമായ പ്രൊമോഷണൽ പദ്ധതികൾക്കും മാർക്കറ്റിങ്ങിനും പ്രത്യേക അവസരം നൽകുന്നുണ്ട്. നിലവിൽ യൂണിയൻ കോപിന് ദുബായിൽ 30 ശാഖകളുണ്ട്. ഈ വർഷം കൂടുതൽ ശാഖകൾ തുറക്കുമെന്നും അധികൃതർ അറിയിച്ചു.