ഇറാനെതിരായ യുഎസ് ഉപരോധം ഇന്ത്യയെയും ബാധിക്കുന്നു.
പ്രതീകാത്മക ചിത്രം
വാഷിങ്ടൺ: ഇറാന്‍റെ സാമ്പത്തിക സ്രോതസുകൾ തടയാൻ ലക്ഷ്യമിട്ട് അമെരിക്ക ആരംഭിച്ച "ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്" (Operation Economic Outcast) നടപടികളുടെ ഭാഗമായി 4 ഇന്ത്യൻ കമ്പനികൾക്കും 3 ഇന്ത്യൻ പൗരന്മാർക്കും ഉപരോധമേർപ്പെടുത്തി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്. ഇറാന്‍റെ പെട്രോളിയം, പെട്രോകെമിക്കൽ ഉത്പന്നങ്ങൾ വാങ്ങി വിപണനം നടത്തുന്നതിൽ പങ്കാളികളായി എന്ന് ആരോപിച്ചാണ് നീക്കം.
ആഗോളതലത്തിൽ ഇറാനുമായി ബന്ധമുള്ള അറുപതോളം വ്യക്തികൾക്കും കമ്പനികൾക്കും കപ്പലുകൾക്കും എതിരെ തിങ്കളാഴ്ച അമെരിക്ക പ്രഖ്യാപിച്ച വ്യാപകമായ ഉപരോധ നടപടികളുടെ ഭാഗമായാണ് ഇതും.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തുവിട്ട പട്ടികയിൽ പറയുന്ന ഇന്ത്യൻ കമ്പനികളും വ്യക്തികളും:
പോർട്ടീസ് പാർട്ണേഴ്സ് എൽഎൽപി (Portease Partners LLP): ഇറാനിൽ നിന്നുള്ള പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഏജന്‍റായി പ്രവർത്തിച്ച കസ്റ്റംസ് ബ്രോക്കർ കമ്പനി. ഉപരോധം നേരിട്ട പങ്കാളികൾ: ഹരീഷ് രാമചന്ദ്ര രംഗി, ഇദ്രീസ്മിയ അഷ്റഫ്മിയ ഷെയ്ഖ്.
സദാശിവ ഓവർസീസ് ലിമിറ്റഡ് (Sadashiva Overseas Ltd): ഇറാന്‍റെ പെട്രോളിയം ഉത്പന്നങ്ങൾ ഏകദേശം 6.9 കോടി ഡോളറിന് (ഏകദേശം 575 കോടി രൂപ) ഇറക്കുമതി ചെയ്തുവെന്ന ആരോപണം.
പിപി സോഫ്റ്റ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ് (PP Softtech Pvt Ltd): 2.5 കോടി ഡോളറിന്‍റെ (ഏകദേശം 200 കോടി രൂപ) പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തതായി ആരോപണം. ഉപരോധം നേരിട്ട ഡയറക്റ്റർ: പ്രശാന്ത് ഗാർഗ്.
പ്രകൃതീസ് ഇൻഫ്രാ ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (Prakrutees Infra Impex India Pvt Ltd): 2.5 കോടി ഡോളർ മൂല്യമുള്ള ഇറാനിയൻ പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തു.
ഉപരോധത്തിന്‍റെ അനന്തരഫലങ്ങൾ
അമെരിക്കൻ പണമിടപാട് ശൃംഖല, ബാങ്കുകൾ, ആഗോള സാമ്പത്തിക സേവനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കപ്പെടുന്നതാണ് ഉപരോധ നടപടികൾ. ഇറാനുമായി സാമ്പത്തിക-വ്യാപാര ബന്ധങ്ങളിൽ ഏർപ്പെടുന്ന മറ്റ് രാജ്യങ്ങളിലെ കമ്പനികൾക്കും വ്യാപാര പങ്കാളികൾക്കും എതിരെ 'സെക്കൻഡറി ഉപരോധങ്ങൾ' ചുമത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.