ഫോക്സ്‌വാഗൻ ഒരു ലക്ഷത്തോളം പേരെ പിരിച്ചുവിടും.
Representative image
ജര്‍മന്‍ വാഹന ഭീമനായ ഫോക്സ്‌വാഗണ്‍ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ചൈനീസ് കാര്‍ നിർമാതാക്കളില്‍ നിന്നുള്ള കടുത്ത മത്സരത്തെത്തുടര്‍ന്ന്, ജര്‍മനിയിലെ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാനും നാല് പ്രധാന ഫാക്റ്ററികള്‍ അടച്ചുപൂട്ടാനുമാണ് കമ്പനിയുടെ തീരുമാനം. ഹാനോവര്‍, സ്വിക്കാവു, എംഡന്‍ തുടങ്ങിയ പ്ലാന്‍റുകള്‍ പൂട്ടുന്നതോടെ 45,000ത്തിലധികം പേർക്ക് തൊഴിൽ നഷ്ടമാകും. നേരത്തെ പ്രഖ്യാപിച്ച 50,000 പിരിച്ചുവിടലുകള്‍ക്ക് പുറമെയാണിത്.
ചൈനീസ് കമ്പനികളുടെ ഇലക്‌ട്രിക് വാഹനങ്ങളുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ വിയര്‍ക്കുകയാണ് ഫോക്സ്‌വാഗണ്‍. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി 2030ഓടെ വാര്‍ഷിക ചെലവില്‍ 600 കോടി യൂറോ ലാഭിക്കാനാണ് കമ്പനിയുടെ തീരുമാനം. ഔഡി, പോര്‍ഷെ തുടങ്ങിയ ബ്രാന്‍ഡുകളുള്‍പ്പെടുന്ന ഫോക്സ്‌വാഗണ്‍ ഗ്രൂപ്പിന്‍റെ ആകെ തൊഴില്‍ ശക്തിയില്‍ വലിയൊരു ശതമാനവും ജര്‍മനിയിലാണ്. അതിനാല്‍ ഈ വെട്ടിക്കുറയ്ക്കല്‍ യൂറോപ്യന്‍ വിപണിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.
പ്രതിസന്ധികളെ മറികടക്കാന്‍ സിഇഒ ഒലിവര്‍ ബ്ലൂമിന്‍റെ നേതൃത്വത്തില്‍ എട്ട് ഘട്ടങ്ങളുള്ള പുതിയ തന്ത്രപരമായ പദ്ധതിയും ഫോക്സ്‌വാഗണ്‍ ആവിഷ്കരിച്ചിട്ടുണ്ട്. അമിത ശേഷി കുറയ്ക്കുക, സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രവര്‍ത്തനമികവ് വർധിപ്പിക്കുക തുടങ്ങിയവയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍.
സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ ഭാവിയിലെ നിക്ഷേപങ്ങള്‍ക്കായി കൂടുതല്‍ വിഭവങ്ങള്‍ കണ്ടെത്താനാണ് കമ്പനി ശ്രമിക്കുന്നത്.
2030ഓടെ ഓട്ടൊമോട്ടീവ് ഡിവിഷനില്‍ 8 മുതല്‍ 10% വരെ പ്രവര്‍ത്തന വരുമാനവും ഉയര്‍ന്ന പണമൊഴുക്കുമാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. കടുത്ത ചെലവ് അച്ചടക്കത്തിലൂടെയും ഭാവി സാങ്കേതികവിദ്യകളിലെ ലക്ഷ്യബോധത്തോടെയുള്ള നിക്ഷേപങ്ങളിലൂടെയും ആഗോള വാഹന വിപണിയിലെ തങ്ങളുടെ മുന്‍നിര സ്ഥാനം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഫോക്സ്‌വാഗണ്‍ ഗ്രൂപ്പ്.