ആഗോള നിക്ഷേപകരെ ആകർഷിക്കാൻ യുഎഇയുടെ 'ദേശീയ നിക്ഷേപ ഫണ്ട്'
ദുബായ്: ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതിന് യുഎഇ 'ദേശീയ നിക്ഷേപ ഫണ്ട്' സംരംഭം തുടങ്ങുന്നു. ദുബായ് എയർഷോയുടെ ഭാഗമായി ചേർന്ന മന്ത്രിസഭ യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പ്രാരംഭ ഘട്ടത്തിൽ 3670 കോടി ദിർഹമിന്‍റെ മൂലധനം പദ്ധതിയിൽ നിക്ഷേപിക്കും. ആകർഷകമായ സാമ്പത്തിക പാക്കേജുകൾ വഴി രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌ഡിഐ) പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.
അതുവഴി 2031ഓടെ വാർഷിക എഫ്.ഡി.ഐ നിക്ഷേപം 115 ശതകോടി ദിർഹമിൽ നിന്ന് 240 ശതകോടിയായി വർധിപ്പിക്കും. ഇതേ വർഷം തന്നെ മൊത്തം നീക്കിയിരിപ്പ് 800 ശതകോടിയിൽ 2.2 ലക്ഷം കോടി ദിർഹമായി ഉയർത്തും.