കൊച്ചിയില്‍ അദാനി ഒരുക്കുന്നത് നിരവധി തൊഴിലവസരങ്ങൾ

 

Symbolic Image - Freepik.com

Career

കൊച്ചിയില്‍ അദാനി ഒരുക്കുന്നത് നിരവധി തൊഴിലവസരങ്ങൾ

പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജം പകരും.

കൊച്ചി: കേരളത്തിന്‍റെ വികസന കുതിപ്പില്‍ നിർണായക പങ്കുവഹിക്കാനൊരുങ്ങുകയാണ് അദാനി ലോജിസ്റ്റിക്സ് പാര്‍ക്ക്. പദ്ധതിയുടെ ശിലാസ്ഥാപനം കഴിഞ്ഞ ദിവസം കളമശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയുടെ ഭാഗമായാണ് കളമശേരിയില്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് നിര്‍മിക്കുന്നത്.

70 ഏക്കറില്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ 600 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തില്‍ വരുന്നത്. 13 ലക്ഷം ചതുരശ്രയടിയിലേറെ വിസ്തൃതിയില്‍ സംയോജിത ലോജിസ്റ്റിക്സ് സൗകര്യങ്ങളും പുതിയ സാങ്കേതികവിദ്യകളും സുസ്ഥിരവികസനത്തിനുള്ള സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് രൂപകല്‍പ്പന.

ഗതാഗതച്ചെലവ് കുറയ്ക്കുക, ഇ-കൊമേഴ്സ്, എഫ്എംസിജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടൊമൊബൈല്‍, റീട്ടെയ്‌ല്‍ എന്നീ മേഖലകളിലെ കയറ്റുമതി വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി. ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍, ഡിജിറ്റല്‍ ഇന്‍റഗ്രേഷന്‍, സ്മാര്‍ട്ട് ലോജിസ്റ്റിക്സ് സൊല്യൂഷന്‍സ് എന്നിവയും ഇവിടെയൊരുക്കും.

ഇതിലൂടെ 1500ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. പ്രാദേശിക തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ പ്രചോദനമേകാനും സാധിക്കും.

വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം വിമാനത്താവളം എന്നിവ ഉള്‍പ്പെടെയുള്ളവയുടെ തുടര്‍വികസനത്തിനായി 30,000 കോടിയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് എംഡി കരണ്‍ അദാനി ഇന്‍വെസ്റ്റ് കേരള നിക്ഷേപകസംഗമത്തില്‍ പ്രഖ്യാപിച്ചത്.

താമരശേരി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം യോഗ്യമാക്കുന്നത് വൈകും

'108' ആംബുലന്‍സ് പദ്ധതിയിൽ 250 കോടിയുടെ തട്ടിപ്പെന്ന് ചെന്നിത്തല

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിനുള്ളിൽ ട്യൂബ് കുടുങ്ങി; തിരുവനന്തപുരം ജന. ആശുപത്രി വിവാദത്തിൽ

ജമ്മു പ്രളയം: മരണം 41 ആയി