ആരോഗ്യമന്ത്രി വീണാ ജോർജ് വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി ജെറമി മൈല്‍സിനൊപ്പം

 
Career

കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് വെയിൽസിൽ അവസരം

. ദന്ത ഡോക്ടര്‍മാര്‍ക്കും, സൈക്യാട്രി നഴ്‌സുമാര്‍ക്കും വെയില്‍സില്‍ ഏറെ സാധ്യതയുണ്ട്.

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കഴിവും സേവന സന്നദ്ധയും മൂലം വെയില്‍സില്‍ ധാരാളം അവസരങ്ങള്‍ ലഭ്യമാണെന്ന് വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെല്‍ത്ത് ആൻഡ് സോഷ്യല്‍ കെയര്‍ കാബിനറ്റ് സെക്രട്ടറി) ജെറമി മൈല്‍സ്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സിലേക്ക് റിക്രൂട്ട് ചെയ്യും. ദന്ത ഡോക്ടര്‍മാര്‍ക്കും, സൈക്യാട്രി നഴ്‌സുമാര്‍ക്കും വെയില്‍സില്‍ ഏറെ സാധ്യതയുണ്ട്. ആരോഗ്യ രംഗത്ത് കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്തും. വെയില്‍സിലെ സ്‌കില്‍ ഷോര്‍ട്ടേജ് പരിഹരിക്കുന്നതിന് കേരളത്തിലെ സ്‌കില്‍ഡ് ക്വാളിഫൈഡ് പ്രൊഫഷണല്‍മാരുടെ സേവനം പ്രയോജനപ്പെട്ടുവെന്നും ജെറമി മൈല്‍സ് പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ജെറമി മൈല്‍സ് സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തി.

സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ജനകീയ കാന്‍സര്‍ സ്‌ക്രീനിംഗിനെ കാബിനറ്റ് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു. ആരോഗ്യ രംഗത്ത് കേരളം നൂതനവും ജനക്ഷേമകരവുമായ പദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്. അതില്‍ ഏറ്റവും വലിയ ഉദാഹരണമാണ് 30 വയസിന് മുകളിലുള്ളവര്‍ക്ക് കാന്‍സര്‍ ഉണ്ടോ എന്ന് കണ്ടെത്തുവാനുള്ള സ്‌ക്രീനിംഗ് പ്രോഗ്രാം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെട്ട സംഘം മുമ്പ് വെയില്‍സ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വെയില്‍സുമായി 2024 മാര്‍ച്ച് ഒന്നിന് നോര്‍ക്ക ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നു. വെയില്‍സിലെ ആരോഗ്യ മേഖലയിലേക്ക് പ്രതിവര്‍ഷം 250 പ്രൊഫഷണലുകളെ നിയമിക്കുന്നതിനാണ് ധാരണയായത്. റിക്രൂട്ട്‌മെന്‍റ് നടപടികള്‍ സമയബന്ധിതമായും സുഗമമായും നടന്നതിനാല്‍, ധാരണയായതില്‍ നിന്നും അധികമായി 352 നഴ്‌സുമാര്‍ക്ക് വെയില്‍സില്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ സാധിച്ചു. 94 പേര്‍ നിയമനത്തിന്‍റെ വിവിധ ഘട്ടങ്ങളിലുമാണ്. കൂടാതെ, 31 ഡോക്ടര്‍മാര്‍ വെയില്‍സില്‍ ജോലിയില്‍ പ്രവേശിക്കുകയും 21 പേര്‍ നിയമനത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. കൂടാതെ 30 ഓളം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് മാര്‍ച്ച് ഏഴിന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നിശ്ചയിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏകദേശം 500 ഓളം പേര്‍ക്ക് നിയമനം നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്.

ഡിപ്ലോമാറ്റ് മിച്ച് തീക്കര്‍, പ്രൈവറ്റ് സെക്രട്ടറിമാരായ വില്യം തോമസ്, ജോനാഥന്‍ ബ്രൂംഫീല്‍ഡ്, സൗത്ത് ഇന്ത്യ കണ്‍ട്രി മാനേജര്‍ ബിന്‍സി ഈശോ, എന്‍.എച്ച്.എസ്. വര്‍ക്ക് ഫോഴ്സ് ഇയാന്‍ ഓവന്‍, ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ജയിംസ് ഗോര്‍ഡന്‍, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു