ഡീപ് ഫേക്കുകൾ തിരിച്ചറിയപ്പെടട്ടെ

 

representative image

Editorial

ഡീപ് ഫേക്കുകളെ നിയന്ത്രിക്കുക തന്നെ വേണം

നിർമിതബുദ്ധി വഴിതെറ്റിപ്പോകുന്നതു നിയന്ത്രിക്കാൻ കർശനമായ നിയമങ്ങൾ ആവശ്യമാണ്.

Reena Varghese

ഡീപ് ഫേക് സാങ്കേതിക വിദ്യ ലോകത്തിനു വലിയ ഭീഷണിയായി വളർന്നുകൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എഐ) സഹായത്തോടെ തയാറാക്കുന്ന വിഡിയോകളും ഓഡിയോകളും ചിത്രങ്ങളും യഥാർഥത്തിലുള്ളതാണ് എന്നു തോന്നിപ്പിക്കുന്ന വിധത്തിലാവും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. ഈ കൃത്രിമ സൃഷ്ടികൾ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകാനും തട്ടിപ്പു നടത്താനും ഉപയോഗിക്കുമ്പോൾ ഒളിഞ്ഞിരിക്കുന്ന കെണിയറിയാതെ ആളുകൾ അതിൽ വീണുപോകുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എന്നതുപോലെ ഇന്ത്യയിലും ഡീപ് ഫേക്കുകൾ നിരവധിയാളുകളെ കബളിപ്പിക്കുന്നുണ്ട്. റിസർവ് ബാങ്ക് ഗവർണറുടെ പേരിൽ പോലും ഡീപ് ഫേക് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു നാം കണ്ടതാണ്. സാമ്പത്തിക ഉപദേശം നൽകിക്കൊണ്ടുള്ള ഈ വിഡിയോ വ്യാജമാണെന്നും ജാഗ്രത പാലിക്കണമെന്നും റിസർവ് ബാങ്ക് തന്നെ മുന്നറിയിപ്പു നൽകുകയുമുണ്ടായി.

ആർബിഐ ചില നിക്ഷേപ സ്കീമുകൾ ലോഞ്ച് ചെയ്യുന്നുവെന്നും പിന്തുണയ്ക്കുന്നുവെന്നുമെല്ലാം അവകാശപ്പെട്ടു കൊണ്ടുള്ള വിഡിയോയാണ് തട്ടിപ്പാണെന്നു വ്യക്തമാക്കപ്പെട്ടത്. കേന്ദ്ര ധനമന്ത്രിയുടെ വ്യാജ വിഡിയോ ഉപയോഗിച്ചുള്ള നിക്ഷേപത്തട്ടിപ്പിനെതിരേ ജാഗ്രത പുലർത്തണമെന്നു സൈബർ പൊലീസും മുന്നറിയിപ്പു നൽകുകയുണ്ടായി.

സദ്ഗുരുവിന്‍റെ വ്യാജ അറസ്റ്റ് ചിത്രീകരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി ഗൂഗിളിനോടു നിർദേശിച്ചതും ഓർക്കാവുന്നതാണ്. രാജ്യത്തെ നിരവധി പ്രമുഖ വ്യക്തികളുടെ പേരിൽ ഇത്തരത്തിലുള്ള വ്യാജ വിഡിയോകൾ ഇറങ്ങിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം ഉയരുന്ന ഇത്തരം ഭീഷണികളെ അതിജീവിച്ചേ കാലത്തിനു മുന്നോട്ടുപോകാനാവൂ.

നിർമിതബുദ്ധി വഴിതെറ്റിപ്പോകുന്നതു നിയന്ത്രിക്കാൻ കർശനമായ നിയമങ്ങൾ ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡീപ്ഫേക്ക് സംവിധാനങ്ങൾ ഉപയോഗിച്ചു സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതു തടയാൻ കേന്ദ്ര സർക്കാർ ചട്ടങ്ങൾ കർശനമാക്കിയിരിക്കുന്നത്. അവ ഫലപ്രദമായി നടപ്പാക്കാൻ കഴിയട്ടെ എന്നാവും ജനങ്ങൾ ആഗ്രഹിക്കുക.

സമൂഹമാധ്യമങ്ങൾ അടക്കം ഇന്‍റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ വരുന്ന ഉള്ളടക്കം നിയമവിരുദ്ധമാണെന്നു കോടതിയോ സർക്കാരോ ഉത്തരവിട്ടാൽ ബന്ധപ്പെട്ട പ്ലാറ്റ്ഫോം അതു മൂന്നു മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം എന്നതാണു പുതിയ ചട്ടം. നേരത്തേ 36 മണിക്കൂർ എന്നു പറഞ്ഞിരുന്നതാണ് 3 മണിക്കൂറായി വെട്ടിക്കുറച്ചിരിക്കുന്നത്. ഈ സമയത്തിനകം നടപടിയെടുത്തില്ലെങ്കിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോം ഏതാണോ അതും കുറ്റകൃത്യത്തിൽ പ്രതിയാവും.

അധിക്ഷേപകരമായ വിധത്തിലുള്ള ലൈംഗിക ഉള്ളടക്കങ്ങളും ഡീപ് ഫേക്കുകളും ശ്രദ്ധയിൽപെട്ടാൽ രണ്ടു മണിക്കൂറിനകം അവ നീക്കം ചെയ്യേണ്ടതുണ്ട്. നേരത്തേ ഇതിന് 24 മണിക്കൂർ സമയമുണ്ടായിരുന്നു. അപകീർത്തികരമായതും ഉപദ്രവിക്കുന്നതുമെന്ന പരാതി ലഭിച്ചാൽ 36 മണിക്കൂറിനകം അതു പരിഗണിക്കണം. നേരത്തേ ഇതിന് 72 മണിക്കൂറായിരുന്നു അനുവദിച്ചിരുന്ന സമയം.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നിയോഗിക്കുന്ന പരാതി പരിഹാരത്തിനുള്ള ഓഫിസർമാർ പരാതികളിന്മേലുള്ള അന്തിമ തീരുമാനം ഏഴു ദിവസത്തിനകം അറിയിക്കണം. നേരത്തേ ഇതിനുണ്ടായിരുന്നത് 15 ദിവസ പരിധിയായിരുന്നു. ഉള്ളടക്കത്തിന്‍റെ കാര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിവരും എന്നാണ് ഇതിനർഥം.

എഐ ഉപയോഗിച്ചു നിർമിച്ച ഉള്ളടക്കങ്ങൾ യഥാർഥമെന്നു ചിന്തിക്കാനുള്ള സാധ്യതയുണ്ടെങ്കിൽ അവ കൃത്രിമമാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകും വിധമുള്ള ലേബൽ ഉണ്ടാവണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. എഐ നിർമിതമാണെന്ന ടാഗുകൾ മറയ്ക്കാനോ മാറ്റാനോ പാടില്ല. അപ്‌ലോഡ് ചെയ്യുന്നത് ആധികാരികമാണോ അതോ എഐ നിർമിതമാണോ എന്ന് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളോട് ആരായണമെന്നും അതിനുശേഷം അവർ സ്വന്തം സ്ഥിരീകരണ ഉപകരണങ്ങൾ ഉപയോഗിച്ച് ആ ക്ലെയിമുകൾ പരിശോധിക്കണമെന്നും നിർദേശിക്കുന്നുണ്ട്.

പ്ലാറ്റ്‌ഫോമിൽ നിന്ന് നിയമവിരുദ്ധമോ വഞ്ചനാപരമോ ആയ എഐ ഉള്ളടക്കം ഒഴിവാക്കാൻ ഓട്ടൊമേറ്റഡ് സിസ്റ്റങ്ങൾ സ്കാൻ ചെയ്യണം. എഐ നിയമങ്ങൾ ലംഘിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഉപയോക്താക്കളെ ഓരോ മൂന്നു മാസത്തിലും ഒരിക്കൽ ഓർമപ്പെടുത്തണമെന്നും ചട്ടം നിർദേശിക്കുന്നു. പുതിയ ചട്ടങ്ങൾ ഈ മാസം 20നു പ്രാബല്യത്തിൽ വരുകയാണ്. എഐ ഉള്ളടക്കം നിയമപരമായ ചട്ടക്കൂടിന്‍റെ പരിധിയിൽ വരുന്നതു സ്വാഗതാർഹം തന്നെ.

ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾ തടയുന്നതിന് വാട്സ് ആപ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ "സിം ബൈൻഡിങ്' നടപ്പിലാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിക്കുകയുണ്ടായി. ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന ഫോണിൽ തന്നെ ആ നമ്പരിലുള്ള സിം കാർഡും ഉണ്ടായിരിക്കണമെന്നതാണ് "സിം ബൈൻഡിങ്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇപ്പോൾ ബാങ്കിങ് ആപ്പുകൾക്ക് ഈ രീതിയാണുള്ളത്. ഒരാളുടെ നമ്പർ ഉപയോഗിച്ച് മറ്റൊരാൾ തട്ടിപ്പു നടത്തുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കും. ഓൺ ലൈൻ തട്ടിപ്പുകൾ തടയുന്നതിനു പരമാവധി പരിശ്രമങ്ങൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്.

ആര‍്യാംശ് - സൊഹൈബ് കൂട്ടുകെട്ടിൽ ക‍്യാനഡയ്ക്കെതിരേ യുഎഇക്ക് ജയം

നഗര നയത്തിന് മന്ത്രിസഭായോഗത്തിന്‍റെ അംഗീകാരം; നഗര നയം തയ്യാറാക്കിയ ആദ്യസംസ്ഥാനമായി കേരളം

അയ്യപ്പ സംഗമത്തിന് ചെലവായത് 3 കോടി, കണക്കുകൾ ആർക്കും പരിശോധിക്കാമെന്ന് പി.എസ്. പ്രശാന്ത്

പോക്സോ കേസിൽ പ്രതിക്ക് ജാമ്യം; കോടതി വളപ്പിൽ വച്ച് അതിജീവിതയുമായി വിവാഹം

വീടിനരികിൽ മൂത്രമൊഴിക്കുന്നത് തടഞ്ഞയാളെ കൊന്നു; പൊലീസുകാരൻ അടക്കം 6 പേർ പിടിയിൽ