കൊട്ടാരക്കര നീലേശ്വരത്തെ  ടിപ്പർ ലോറി അപകടം

 
Editorial

അപകടങ്ങൾ കുറയ്ക്കാൻ ശക്തമായ നടപടികൾ വേണം

കൊട്ടാരക്കരയിലുണ്ടായ അപകടം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു കൂടുതൽ നടപടികൾ എടുക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നു

MV Desk

സംസ്ഥാനത്തു വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ സ്വീകരിക്കുന്ന നടപടികളൊന്നും വേണ്ടത്ര ഫലം കാണുന്നില്ലെന്നാണ് ഓരോ ദിവസവും കാണുകയും കേൾക്കുകയും ചെയ്യേണ്ടിവരുന്ന അപകടങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. സമീപ ദിവസങ്ങളിൽ തന്നെ നിരവധി അപകടങ്ങളാണു സംസ്ഥാനത്തുണ്ടായത്. കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്കു പാഞ്ഞുകയറി സ്കൂൾ വിദ്യാർഥിയടക്കം മൂന്നു പേർ മരിച്ച ദാരുണ സംഭവം ഇതിലുൾപ്പെടുന്നതാണ്. രാവിലെ ഏഴു മണിയോടെ മണ്ണുകയറ്റിവന്ന ലോറി അമിത വേഗത്തിൽ ഇറക്കം ഇറങ്ങിവരുമ്പോൾ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണു റിപ്പോർട്ടുകൾ. അപകടത്തിൽ അഞ്ചു പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏഴു മണിക്കു വരുന്ന ബസ് കാത്തുനിന്നിരുന്ന ആളുകൾക്കിടയിലേക്കാണ് ടിപ്പർ ലോറി പാഞ്ഞുകയറിയത്. ലോറിയിലുണ്ടായിരുന്ന മണ്ണ് ആളുകളുടെ മുകളിലേക്കു മറിഞ്ഞു. തകർന്ന ബസ് സ്റ്റോപ്പിന്‍റെയും മതിലിന്‍റെയും അവശിഷ്ടങ്ങളും ആളുകൾക്കു മുകളിൽ പതിച്ചു.

അളവിൽ കൂടുതൽ മണ്ണു കയറ്റിയ ലോറി അമിത വേഗത്തിൽ എത്തിയത് അപകടത്തിനു കാരണമായി എന്നാണു നാട്ടുകാർ പറയുന്നത്. അതുമാത്രമല്ല ഡ്രൈവർക്ക് ഹെവി ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പറയുന്നു. അപകടസമയത്ത് ടിപ്പർ ലോറിയിലെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നു. 17 വർഷം പഴക്കമുള്ളതാണ് ഈ ലോറി. ഇതിനു മുൻപും പലതവണ നിയമലംഘനങ്ങൾക്കു പിടിയിലായിട്ടുമുണ്ടത്രേ. 2024ൽ ഫിറ്റ്നസ് കാലാവധി അവസാനിച്ച ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ഇതിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചതത്രേ. എന്നാൽ, വാഹനത്തിന്‍റെ ഫിറ്റ്നസിൽ ഇപ്പോൾ ഗുരുതരമായ പ്രശ്നങ്ങളുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോ എന്ന സംശയം ഇതോടെ ഉയരുകയാണ്. ഇതേക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്. എത്രമാത്രം ഗുരുതരമായ പാകപ്പിഴകളാണു മൂന്നു നിരപരാധികളുടെ ജീവൻ എടുത്തത് എന്നാണ് ഇതിൽ നിന്നൊക്കെ മനസിലാക്കേണ്ടത്.

യാതൊരു കാരണവശാലും ടിപ്പർ ലോറി ഓടിക്കാൻ പാടില്ലാത്ത ഡ്രൈവർ ഫിറ്റ്നസ് പ്രശ്നങ്ങളുള്ള വണ്ടി അമിത വേഗത്തിൽ ഓടിച്ച് അപകടമുണ്ടാക്കിയെന്നു പറയുമ്പോൾ ട്രാഫിക് നിയമങ്ങൾക്ക് ഇത്രയൊക്കെയേ വില നൽകുന്നുള്ളൂ എന്നാണു തെളിയുന്നത്. ഈ സമീപനമാണു പാടേ ഇല്ലാതാക്കേണ്ടത്. പല തവണ നിയമലംഘനങ്ങൾക്കു പിടിക്കപ്പെട്ടിടും യാതൊരു കൂസലുമില്ലാതെ വീണ്ടും ആളുകൾ അതാവർത്തിക്കുന്നുവെങ്കിൽ നിയമം ലംഘിക്കുന്നവർക്കു നൽകുന്ന ശിക്ഷ പോരാ എന്നും അർഥമാക്കേണ്ടതുണ്ട്. അപകടത്തിനു തൊട്ടുപിന്നാലെ വാഹനത്തിന്‍റെ ഫിറ്റ്നസ് റദ്ദാക്കിയെന്നാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചത്. മനുഷ്യ ജീവനുകൾ കവർന്ന ശേഷം ഇത്തരത്തിലുള്ള നടപടികൾ എടുക്കുന്നതല്ല നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനത്തിന്‍റെ ലക്ഷണം. ജീവനു ഭീഷണിയാണെന്നു മുൻകൂട്ടി കണ്ട് അതു തടയാൻ കഴിയുന്നതാണ്. ശക്തമായ നടപടികൾ എടുക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടോ എന്നതടക്കം വിശദമായി അന്വേഷിക്കേണ്ടതാണ്.

കൊട്ടാരക്കരയിലുണ്ടായ അപകടം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു കൂടുതൽ നടപടികൾ എടുക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നു എന്നു തന്നെയാണ് എടുത്തുപറയേണ്ടത്. വലിയ വാഹനാപകടങ്ങളുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും "പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം' രൂപീകരിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചതായി പറയുന്നുണ്ട്. വിശദമായും ശാസ്ത്രീയമായും അന്വേഷണം നടത്തി ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള ശുപാർശകൾ സമർപ്പിക്കുക ഈ സമിതിയുടെ ചുമതലയാവും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് വിദഗ്ധ സമിതി രൂപീകരിക്കുക. മോട്ടോർ വാഹന വകുപ്പും പൊലീസും പൊതുമരാമത്തു വകുപ്പും ദേശീയപാതാ അഥോറിറ്റിയും അടക്കം വിവിധ ഏജൻസികളുടെ പങ്കാളിത്തം അന്വേഷണം കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും. വാഹനത്തിന്‍റെയും റോഡിന്‍റെയും തകരാറുകൾ, ഡ്രൈവറുടെ അശ്രദ്ധ, പരിചയക്കുറവ് തുടങ്ങി ഓരോ ഘടകവും വിദഗ്ധരുടെ പരിശോധനയ്ക്കു വരുന്നതു നല്ലതാണ്. ഈ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള കർശന നടപടികൾ സ്വീകരിക്കാൻ സർക്കാരിനു കഴിയുകയും ചെയ്യും. അപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിന് ഏറെക്കാലത്തെ അധ്വാനം വേണ്ടിവരുമെന്നുറപ്പാണ്. അതിനു ഗതാഗത മന്ത്രിയും ഉദ്യോഗസ്ഥരും ഉറച്ച മനസോടെ രംഗത്തുണ്ടാവണം.

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം