.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വേനൽച്ചൂടിനെ കരുതിയിരിക്കുക
symbolic image
കേരളത്തിൽ തെരഞ്ഞെടുപ്പു ചൂടിനൊപ്പം വേനൽച്ചൂടും കടുക്കുകയാണ്. ഈ ദിവസങ്ങളിൽ അസഹനീയമായ ചൂടാണു സംസ്ഥാനത്തു പലയിടത്തും അനുഭവപ്പെട്ടത്. വരും ദിവസങ്ങളിൽ ചൂടു വർധിക്കാനുള്ള സാധ്യതയാണു പൊതുവിൽ കാണുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നുണ്ട്. ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി വേനൽ മഴ പെയ്യുകയും ചെയ്തു.
എന്നാൽ, അതുകൊണ്ടൊന്നും ചൂടിനു ശമനമായിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി വേനൽ ഒന്നിനൊന്നു കടുത്തു കൊണ്ടിരിക്കുകയാണ്. ഇത്തവണയും അതിനു മാറ്റമുണ്ടാവില്ലെന്നു വേണം കരുതാൻ. കഴിഞ്ഞ വർഷങ്ങളിലെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്തു പലയിടത്തും ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. അതേ അവസ്ഥയാണ് ഇക്കുറിയും പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ സാധാരണയെക്കാൾ രണ്ടും മൂന്നും ഡിഗ്രി സെൽഷ്യസ് വരെ ചൂടു കൂടാൻ സാധ്യതയുണ്ടെന്നാണു പറയുന്നത്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. അതുകൊണ്ടു തന്നെ പകൽ സമയത്തു പുറത്തിറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നവരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണം. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഇതു സംബന്ധിച്ചു പല നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അതൊരു ചടങ്ങായി മാത്രം കാണാതെ ഗൗരവത്തിലെടുക്കേണ്ടതാണ്.
അതിനനുസരിച്ച് ഈ ദിവസങ്ങളിലെ പ്രവർത്തനങ്ങളും ചിട്ടപ്പെടുത്തേണ്ടതുണ്ട്. രാവിലെ 11 മുതൽ ഉച്ചയ്ക്കു മൂന്നു വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നതു കഴിയുന്നത്ര ഒഴിവാക്കണമെന്നാണു വിദഗ്ധർ നിർദേശിക്കുന്നത്. അങ്ങനെയാവുമ്പോൾ വെയിലു കൊള്ളേണ്ടിവരുന്ന തൊഴിലുകളിലടക്കം ക്രമീകരണങ്ങൾ വേണ്ടിവരും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പലവിധ രോഗങ്ങളുള്ളവർ, പ്രായമായവർ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയവരും കൂടുതൽ ജാഗ്രത കാണിക്കേണ്ടതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതടക്കം പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്നു സംഘാടകർ ഉറപ്പുവരുത്തേണ്ടതുണ്ട്.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. അതു മുന്നിൽക്കണ്ട് ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടതുമുണ്ട്. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയാണു മറ്റൊന്ന്. വനമേഖലയോടു ചേർന്നു താമസിക്കുന്നവരും വിനോദ സഞ്ചാരികളും ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം. വനം വകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കുക എന്നതു പ്രധാനമാണ്.
വേനൽ കനത്തതോടെ പലയിടത്തും കുടിവെള്ളക്ഷാമവും റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ ഇതു കൂടുതൽ ഗുരുതരമാവും. എല്ലാവർക്കും ആവശ്യത്തിനു കുടിവെള്ളമെത്തിക്കുന്നതിനു തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ തടസമായിക്കൂടാ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു.
ആവശ്യത്തിനു ശുദ്ധജലം ലഭ്യമാക്കാൻ കഴിയാതെ വരുകയും ആളുകൾ മലിന ജലത്തെ ആശ്രയിക്കുകയും ചെയ്യുമ്പോൾ പലവിധ അസുഖങ്ങൾ പടർന്നുപിടിക്കാനും ഇടയാവും. കത്തുന്ന വേനലിൽ ദാഹജലത്തിനു കാത്തിരിക്കുമ്പോഴാണു ടാപ്പും പൈപ്പും പൊട്ടി വെള്ളം പാഴാകുന്നതിന്‍റെ വിലയറിയുന്നത്. ഓരോ തുള്ളി കുടിവെള്ളവും വിലപ്പെട്ടതാണെന്ന് അതു വിതരണം ചെയ്യുന്നവരും ഉപയോഗിക്കുന്നവരും മനസിലാക്കേണ്ടതുണ്ട്.
വേനൽച്ചൂടിനൊപ്പം പാചക വാതക ക്ഷാമവും ആശങ്ക ഉയർത്തിയതോടെ സംസ്ഥാനത്തു വൈദ്യുതി ഉപയോഗവും കുതിച്ചുകയറുന്നുണ്ട്. ഈ മാസം 12ന് വൈദ്യുതി ഉപയോഗം റെക്കോഡിന് അടുത്തെത്തിയെന്നാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നത്. പകലും രാത്രിയിലും വൈദ്യുതി ഉപയോഗം വർധിച്ചിരിക്കുകയാണ്. പകൽ സമയത്തെ ഉപയോഗം മുൻപെങ്ങുമില്ലാത്തവിധം വർധിച്ചു എന്നാണു പറയുന്നത്. പാചക വാതക ക്ഷാമം ഭീഷണിയായി നിലനിൽക്കുന്നതിനാൽ പാചകാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗം കുതിച്ചുകയറിയതാണ് ഇതിനു കാരണം.
സാഹചര്യം മുൻകൂട്ടിക്കണ്ട് കൂടുതൽ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ടെന്നു കരുതാം. എന്നാൽ, പുറത്തുനിന്നു കൂടുതൽ വൈദ്യുതി വാങ്ങേണ്ട സാഹചര്യം വൈദ്യുതി ബോർഡിന് ഉയർന്ന ചെലവുണ്ടാക്കുന്നതാവും. വൈദ്യുതിയുടെ ഉപയോഗത്തിൽ പരമാവധി ശ്രദ്ധ നൽകേണ്ടത് ഈ സമയത്ത് അത്യാവശ്യമാണ്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കുന്നത് നാടിനു മൊത്തത്തിൽ ഗുണകരമാവും.
ഉപയോഗം കഴിഞ്ഞാലുടൻ ലൈറ്റും ഫാനും മറ്റ് ഇലക്‌ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്യേണ്ടതുണ്ട്. മുറിയിൽ ആരുമില്ലെങ്കിലും ബൾബ് കത്തിക്കിടക്കുകയും ഫാൻ കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ വിലപ്പെട്ട വൈദ്യുതി പാഴായിക്കൊണ്ടിരിക്കുകയാണ്. ആഡംബര ലൈറ്റുകൾക്കായി വൈദ്യുതി ഉപയോഗിക്കുന്നതും സ്വയം നിയന്ത്രിക്കേണ്ടതാണ്.