അമിത വേഗം നിയന്ത്രിച്ചേ തീരൂ
കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഏതാനും ദിവസം മുൻപ് സ്വകാര്യ ബസ് നിയന്ത്രണം വിട്ടു തെന്നിനീങ്ങി ഡിവൈഡറിലിടിച്ചു തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിന്‍റെ ദൃശ്യം കേരളത്തെ മുഴുവൻ നടുക്കിയതാണ്. കോഴിക്കോടു നിന്ന് തൃശൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് ഇങ്ങനെ അപകടത്തിൽ പെട്ട് രണ്ടായി പിളർന്നത്. അപകടത്തിൽ ഒരാൾ മരിക്കുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു. അമിത വേഗം, മഴ, റോഡിന്‍റെ പ്രശ്നങ്ങൾ, ഗതാഗത ക്രമീകരണത്തിലെ പോരായ്മകൾ തുടങ്ങി പലതും അപകടകാരണമായി സംശയിച്ചിരുന്നു. മൂന്നുവരി പാതയിലൂടെ ഇറക്കിമിറങ്ങി വരുന്ന വാഹനങ്ങൾ പെട്ടെന്ന് രണ്ടുവരി പാതയുള്ള റെയ്‌ൽവേ മേൽപ്പാലത്തിലേക്കു പ്രവേശിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവിടെ അമിത വേഗം കൂടിയാവുമ്പോൾ ദുരന്തസാധ്യത പിന്നെയും കൂടുകയാണ്. അപകടം നടന്ന ഭാഗത്തു വേഗപരിധി പരമാവധി മണിക്കൂറിൽ 50 കിലോമീറ്ററാണത്രേ. ഈ ആറു വരിപ്പാതയിൽ വലിയ വാഹനങ്ങൾക്ക് അനുവദിക്കപ്പെട്ട പരമാവധി വേഗം 80 കിലോമീറ്ററുമാണ്.
എന്നാൽ, അപകടത്തിൽപെട്ട ബസ് അപകടത്തിനു തൊട്ടുമുൻപ് 130 കിലോമീറ്റർ വേഗത്തിലാണു സഞ്ചരിച്ചിരുന്നതെന്ന് അന്വേഷണത്തിനായി പൊലീസ് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടത്രേ. നാറ്റ്പാക്, എന്‍എച്ച്എഐ, മോട്ടോർ വാഹന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ അടങ്ങിയതാണ് ഈ അന്വേഷണ സംഘം. ഇവർ ശേഖരിച്ചിട്ടുള്ള ഡിജിറ്റൽ തെളിവുകൾ എത്ര അപകടകരമായാണ് ദേശീയപാതയിൽ വാഹനങ്ങൾ ഓടുന്നത് എന്നു വ്യക്തമാക്കുകയാണ്. ഇത്രയും വേഗത്തിൽ, അതും മഴ പെയ്യുമ്പോൾ, വാഹനമോടിക്കുന്നത് എങ്ങനെയാണു സുരക്ഷിതമാവുക. ഈ ഭാഗത്ത് ഓടുന്ന നിരവധി ബസുകളും മറ്റു വാഹനങ്ങളും ഇതുപോലെ അമിത വേഗത്തിലാണു പായുന്നത് എന്നത്രേ പറയുന്നത്. ഇപ്പോഴുണ്ടായ അപകടമെങ്കിലും ഡ്രൈവർമാരുടെ കണ്ണു തുറപ്പിച്ചാൽ നന്നായി. അപകടമൊക്കെ മറ്റുള്ളവർക്കാണ്, നമുക്ക് എങ്ങനെ വേണമെങ്കിലും പോകാം എന്ന ചിന്തയുമായി റോഡിലിറങ്ങുന്നവർ അവരവർക്കു മാത്രമല്ല മറ്റുള്ളവരുടെ ജീവനും ഭീഷണി ഉയർത്തുകയാണ്.
നിരവധി യാത്രക്കാരുടെ ജീവന് ഒരു വിലയും കൽപ്പിക്കാതെയല്ലേ 130 കിലോമീറ്റർ വേഗത്തിലൊക്കെ ബസ് ഓടിക്കുന്നത്. അപകടത്തിന്‍റെ യഥാർഥ കാരണം പിന്നീട് പുറത്തുവരുമായിരിക്കാം. എന്തായാലും അമിത വേഗത്തിന്‍റെ ഡിജിറ്റൽ തെളിവുകൾ ഇതിനൊപ്പം നിലനിൽക്കും. ഓരോ ദിവസവും ആയിരക്കണക്കിനാളുകൾ യാത്രചെയ്യുന്നതാണു ദേശീയപാത. അതിൽ അമിത വേഗത്തിനു കടിഞ്ഞാണിടാൻ കർശനമായ പരിശോധനകളും പിഴ ചുമത്തുന്ന സംവിധാനവും ഉണ്ടാവേണ്ടതാണ്. സംസ്ഥാനത്ത് ദേശീയപാതകളിൽ അമിത വേഗവും അപകടങ്ങളും നിയന്ത്രിക്കാൻ 24 മണിക്കൂറും എന്‍ഫോഴ്സ്മെന്‍റ് സംവിധാനം ഏർപ്പെടുത്തുമെന്നു ഗതാഗത മന്ത്രി സി.പി. ജോൺ മൂന്നു ദിവസം മുൻപു പറയുകയുണ്ടായി. ഒരിടത്തു ദീർഘസമയം പരിശോധന നടത്തുന്നതിനു പകരം തുടർച്ചയായി സഞ്ചരിച്ചുകൊണ്ടുള്ള പരിശോധനാ മാതൃകയാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ആറ് എന്‍ഫോഴ്സ്മെന്‍റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എൻഫോഴ്സ്മെന്‍റ് സംഘങ്ങളെ നിയോഗിക്കുകയാണു ചെയ്യുന്നത്. നിയമലംഘനങ്ങൾ കണ്ടെത്തി തടയാൻ പ്രത്യേക സംഘമുണ്ട് എന്ന ബോധ്യം ഡ്രൈവർമാരിൽ ജാഗ്രതയുണ്ടാക്കും എന്നു കരുതാം. പ്രത്യേക സ്ക്വാഡുകളുടെ മുന്നിൽപ്പെട്ടാൽ കനത്ത പിഴ നൽകേണ്ടിവരും എന്നു ബോധ്യമാവുകയാണെങ്കിൽ ശ്രദ്ധയോടെ വാഹനമോടിക്കാൻ ഡ്രൈവർമാർ തയാറാവുക തന്നെ ചെയ്യും.
ഈ സംവിധാനം പേരിനു മാത്രമായി മാറ്റാതെ അതീവ ഗൗരവമുള്ള വിഷയമായി എടുക്കേണ്ടതുണ്ട്. എത്ര തവണ മുന്നറിയിപ്പുകൾ നൽകിയാലും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയാലും ഉപേക്ഷിക്കാത്ത ചില ശീലങ്ങൾ റോഡിൽ അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. മദ്യപിച്ചു വാഹനമോടിക്കൽ, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റും ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റും ഉപയോഗിക്കാതിരിക്കൽ തുടങ്ങിയവയൊക്കെ റോഡിൽ പലപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതാണ്. കുറ്റിപ്പുറത്തു തന്നെ ദേശീയപാതയിൽ ഫോണിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവറുടെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യാത്രക്കാരുടെ ജീവൻ പണയം വച്ചുകൊണ്ടുള്ള ഇത്തരം ഡ്രൈവിങ് ഉത്തരവാദിത്വ ബോധമില്ലായ്മയുടെ ലക്ഷണമാണ്. ദേശീയപാതകളിൽ ഒരു വിധത്തിലുള്ള നിയമലംഘനങ്ങളും നടക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്‍റ് സംഘങ്ങൾക്ക് ഉറപ്പിക്കാനാവണം. റോഡുകളിലെ എല്ലാ ക്യാമറകളും ഡിജിറ്റൽ ഉപകരണങ്ങളും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതും പ്രധാനമാണ്. അപകടസാധ്യതയേറിയ പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണവും പരിശോധനയും നടത്തേണ്ടതുണ്ട്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതകൾ പരിഹരിക്കേണ്ടതും അനിവാര്യം.