പ്രതീകാത്മക ചിത്രം
ഇന്നു തിരുവോണമാണ്. എവിടെ മലയാളിയുണ്ടോ അവിടെയെല്ലാം ഓണവുമുണ്ട്. ഇങ്ങനെയൊരാഘോഷം നമ്മുടെ സ്വകാര്യ അഹങ്കാരമാണ്. സമത്വത്തിന്‍റെയും സമൃദ്ധിയുടെയും ഓർമപുതുക്കൽ എന്നതിനപ്പുറം പുതിയ കാലത്തെ ഓണാഘോഷങ്ങൾക്കു മറ്റു പല തരത്തിലുള്ള പ്രസക്തിയുമുണ്ട്. വാണിജ്യ മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും ഓണക്കാലം നൽകുന്ന ഉണർവ് എടുത്തുപറയേണ്ടതാണ്. പുലികളിയും വള്ളം കളിയുമൊക്കെ ഓണവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന വിനോദങ്ങളായി മാറിയിട്ടുണ്ട്. ഓണാഘോഷവും സോഷ്യൽ മീഡിയയും തമ്മിലുള്ള ബന്ധവും ഇന്നു വളരെ വലുതാണ്. ഡിജിറ്റൽ ആശംസകളും റീൽസും ഫോട്ടൊഷൂട്ടുകളും ഓൺലൈൻ ഷോപ്പിങ്ങും എല്ലാം ആഘോഷങ്ങൾക്കു പുതിയ മുഖമാണു നൽകുന്നത്. ലക്ഷക്കണക്കിനു രൂപയുടെ വിപണിയാണ് ആധുനിക കാലത്തെ ഓണസദ്യ ബിസിനസിനുള്ളത്. മുൻകൂട്ടി ഓർഡറുകൾ സ്വീകരിച്ച് ആവശ്യാനുസരണം സദ്യ ലഭ്യമാക്കുന്നവർ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഏതു നിലയ്ക്കു നോക്കിയാലും ഓണാഘോഷങ്ങളുടെ വ്യാപ്തി വർധിച്ചുകൊണ്ടിരിക്കുന്നു.
നിത്യജീവിതത്തിലെ നിരവധി പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള ഓട്ടത്തിലാണു നാമെല്ലാം. അതിനിടയിലും ഇങ്ങനെയൊരു ആഘോഷ ദിവസം മലയാളി വേണ്ടെന്നു വയ്ക്കാറില്ല എന്നതാണു വാസ്തവം. സർക്കാർ തലത്തിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും കുടുംബങ്ങൾ കേന്ദ്രീകരിച്ചും എല്ലാം പലവിധ ആഘോഷങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ചൂണ്ടിക്കാണിച്ചതു പോലെ ഓണത്തിന്‍റെ അനുഭവങ്ങൾ വരാനിരിക്കുന്ന കാലത്തേക്കു കൂടിയുള്ളതാണ്. ഈ ഓണക്കാലത്ത് എല്ലാവരും സന്തോഷത്തോടുകൂടി ഇരിക്കാൻ സർക്കാരിനു ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി അവകാശപ്പെടുകയുണ്ടായി. എല്ലാവരുടെയും കൈകളിലേക്കു പണമെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഓഗസ്റ്റ് 30 വരെ നടക്കുന്ന വാരാഘോഷത്തിൽ തലസ്ഥാനത്തു മാത്രം 35 വേദികളിലായി 340ൽ ഏറെ കലാപരിപാടികളാണ് അവതരിപ്പിക്കുന്നത്. മൂവായിരത്തോളം കലാകാരന്മാർ അരങ്ങിലും അണിയറയിലുമായെത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോക്ക് കലാരൂപങ്ങൾ ഉൾപ്പെടെ നൂറിലേറെ കലാരൂപങ്ങളാണ് സമാപന ദിവസത്തെ ഘോഷയാത്രയിൽ അണിനിരക്കുന്നത്. തലസ്ഥാന നഗരത്തിനു പുറമെ വിവിധ ജില്ലകളിലായി നൂറുകണക്കിനു വേദികളാണു സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനത്താകെ എണ്ണായിരത്തിലേറെ കലാകാരന്മാർ ആഘോഷങ്ങളിൽ പങ്കാളികളാകും. കേരളത്തിന്‍റെ സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും കലാപൈതൃകവും വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് അവതരിപ്പിക്കുന്ന തരത്തിലാണ് ഓണാഘോഷം ഒരുക്കിയിരിക്കുന്നത്. അത് ഏറ്റവും ഭംഗിയായി തന്നെ വരും ദിവസങ്ങളിലും നടക്കട്ടെ.
കള്ളവും ചതിയും പൊളിവചനവുമില്ലാത്ത, മാനുഷരെല്ലാരും ഒന്നുപോലെ കഴിയുന്ന, മാവേലി നാട് ഇന്നത്തെ നമ്മുടെ ജീവിത ചുറ്റുപാടുകളിൽ നിന്ന് എത്രയോ അകലെയാണ്. അഴിമതിയും അക്രമവും തട്ടിപ്പും വെട്ടിപ്പും കമ്മിഷനും കോഴയും നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ കറുത്ത പൊട്ടുകളായി മാറിയിട്ടുണ്ട്. ലഹരിയുടെ കരാള ഹസ്തങ്ങളിൽ അകപ്പെട്ട് കുട്ടികളും യുവാക്കളും വഴിതെറ്റിപ്പോകുന്നതു തടയാൻ അതീവ ജാഗ്രത പുലർത്തേണ്ട കാലമാണിത്. സമൂഹത്തിനു ഹിതകരമല്ലാത്ത പലവിധത്തിലുള്ള പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്താനും കർശനമായി ഇടപെട്ടു തടയാനും ജനങ്ങൾക്കും ഭരണകൂടത്തിനും കഴിയേണ്ടതുണ്ട്. മാവേലി നാടിന്‍റെ ഒരറ്റത്തെങ്കിലും എത്തിപ്പെടണമെങ്കിൽ അത്രയേറെ പരിശ്രമങ്ങൾ ആവശ്യമാണ്. നാടിനോടും സഹജീവികളോടുമുള്ള ഉത്തരവാദിത്വം ഓർമിപ്പിക്കുന്നതാണ് ഓണം. കള്ളപ്പറയും ചെറുനാഴിയും ഉപയോഗിക്കില്ലെന്നു നാം ഓരോരുത്തരുമാണു തീരുമാനിക്കേണ്ടത്. സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കില്ലെന്നു തീരുമാനിക്കേണ്ടതും നമ്മൾ ഓരോരുത്തരും തന്നെ.
ഇപ്പോൾ കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണു ലഹരി വസ്തുക്കളുടെ ഉപയോഗം. വളർന്നുവരുന്ന തലമുറകളെ ലഹരിക്ക് അടിമയാക്കി കോടികൾ സമ്പാദിച്ചുകൂട്ടാൻ ശ്രമിക്കുന്ന സമൂഹദ്രോഹികളെ അതിശക്തമായി നേരിടേണ്ടതുണ്ട്. യുഡിഎഫ് സർക്കാരിന്‍റെ ഓപ്പറേഷൻ തൂഫാൻ പദ്ധതി ലഹരിമാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഫലപ്രദമായി ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ പൊലീസിനു കഴിയുന്നുണ്ട്. ലഹരി വേട്ടകളിൽ വൻ തോതിൽ മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്. നിരവധിയാളുകൾ അറസ്റ്റിലായിട്ടുണ്ട്. ഓണക്കാലത്ത് മയക്കുമരുന്നിന്‍റെ ലഭ്യത കുറയ്ക്കാൻ ഓപ്പറേഷൻ തൂഫാൻ സഹായിച്ചിട്ടുണ്ട് എന്നാണു കരുതേണ്ടത്. പൊലീസും എക്സൈസും പോലുള്ള ഏജൻസികളും ഭരണാധികാരികളും മാത്രമല്ല ജനങ്ങളും മയക്കുമരുന്നുകൾക്കെതിരായി കൈകോർക്കേണ്ടതുണ്ട്. ഓണം പോലുള്ള ആഘോഷങ്ങൾ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാവാതെ ലഹരിക്കെതിരായ സന്ദേശം സമൂഹത്തിനു നൽകുന്നതാവേണ്ടതാണ്. ദുർബലരെ ചേർത്തുപിടിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുകയും ചെയ്യുന്നത് മാവേലി നാട് എന്ന സ്വപ്നവുമായി ചേർന്നു നിൽക്കുന്നതാണ്. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ സമഭാവനയുള്ള സർക്കാർ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ഐശ്വര്യത്തിന്‍റെ പുതുവർഷം മുന്നിലുണ്ടാവുമെന്ന പ്രതീക്ഷയോടെയാണ് ഓരോ ഓണവും കടന്നുപോകുക. എല്ലാവർക്കും നല്ലൊരു നാളെ ആശംസിച്ചുകൊണ്ട് നമുക്ക് ഓണാഘോഷങ്ങളിലേക്കു കടക്കാം.