.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ലഹരി: നടപടികൾ ശക്തമാവണം
ലഹരി വസ്തുക്കളുടെ ഉപയോഗം സംസ്ഥാനത്തുണ്ടാക്കുന്ന ഗുരുതരമായ വിഷയങ്ങൾ ഇന്നലെ വീണ്ടും നിയമസഭയിൽ ചർച്ചാവിഷയമായി. സമീപകാലത്ത് രണ്ടാം തവണയാണ് വിഷയം അടിയന്തര പ്രമേയമായി സഭയിലെത്തുന്നത്. പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം രണ്ടു തവണയും സർക്കാർ പരിഗണിച്ചു എന്നതും എടുത്തുപറയേണ്ടതാണ്. വിഷയത്തിന്‍റെ ഗൗരവം സർക്കാരും പ്രതിപക്ഷവും ജനപ്രതിനിധികളും ഉൾക്കൊള്ളുന്നുണ്ടെന്നതു സ്വാഗതാർഹമായ കാര്യമാണ്. വർധിച്ചുവരുന്ന അതിക്രമങ്ങളും ലഹരിയുടെ ഉപയോഗവും സംബന്ധിച്ചുള്ള പ്രമേയം അവതരിപ്പിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാനത്തെ ഭൂരിഭാഗം അക്രമങ്ങൾക്കും പിന്നിൽ ലഹരിയാണെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. കുട്ടികൾ ലഹരിക്ക് അടിമകളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിപത്തിനെ നേരിടാൻ എല്ലാവരും ഒരുമിച്ചു നിൽക്കുക തന്നെയാണു വേണ്ടത്. സർക്കാർ തലത്തിൽ ശക്തമായ നടപടികളുണ്ടാവണം. പ്രതിപക്ഷം എല്ലാ പിന്തുണയും നൽകണം. ഈ സഹകരണം പ്രസംഗങ്ങളിലും പ്രഖ്യാപനങ്ങളിലും ഒതുങ്ങുന്നതാവരുത്.
ലഹരി മാഫിയയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് കേരളത്തിനു മോചനമുണ്ടാവണമെങ്കിൽ രാഷ്ട്രീയ- ഉദ്യോഗസ്ഥ തലത്തിൽ ദൃഢനിശ്ചയത്തോടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്. ലഹരിയിൽ നിന്ന് യുവതലമുറയെ മോചിപ്പിക്കുന്നതിന് പല പദ്ധതികളും സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ പ്രഖ്യാപിക്കുകയുണ്ടായി. പദ്ധതികൾക്കു വലിയ പ്രചാരണവും ലഭിച്ചു. പക്ഷേ, ലഹരിമുക്ത കേരളം യാഥാർഥ്യമായില്ലെന്നു മാത്രമല്ല ലഹരി ഉപയോഗിച്ചവരുടെ അതിക്രമങ്ങൾ വർധിക്കുകയാണു ചെയ്യുന്നത്. നാട്ടിൻപുറങ്ങളിൽ പോലും ലഹരിവസ്തുക്കളുടെ വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. ലഹരി മരുന്നുകളുമായി പലരും പിടിയിലാകുന്നുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ തുടർച്ചയായി മാധ്യമങ്ങളിൽ വരുന്നുമുണ്ട്. കഞ്ചാവ് പിടിച്ചു, എംഡിഎംഎ പിടിച്ചു തുടങ്ങിയ റിപ്പോർട്ടുകൾക്ക് യാതൊരു ക്ഷാമവുമില്ല. അപ്പോഴും വിൽപ്പന നടത്തുന്നതിന്‍റെ എത്രയോ ചെറിയ ഭാഗം മാത്രമാണു പിടികൂടുന്നത് എന്ന വസ്തുത മറക്കരുത്. ഈ സാമൂഹിക വിപത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ ഇപ്പോഴുള്ള പ്രവർത്തനങ്ങൾ തീർത്തും പോരാ എന്നതിൽ സംശയമൊന്നുമില്ല. എങ്ങനെയൊക്കെയാണ് ഇതിനെ പ്രതിരോധിക്കേണ്ടതെന്ന് ആവർത്തിച്ചു ചർച്ച ചെയ്യുകയും പദ്ധതികൾ ആസൂത്രണം ചെയ്യുകയും വേണം.
പ്രമേയത്തിനു മറുപടി പറയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചതുപോലെ മയക്കുമരുന്ന് എന്ന മാരക വിപത്തിനെ തുടച്ചുനീക്കുന്നതിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത ഒരുമയാണ് ആവശ്യം. നാട്ടുകാരില്‍ പലര്‍ക്കും മയക്കുമരുന്നു കൈമാറുന്ന ഇടങ്ങളറിയാം. എന്നാല്‍ അവരില്‍ പലരും വിവരം പൊലീസിനോ എക്‌സൈസിനോ കൈമാറുന്നതിനെ ഭയക്കുന്നു. ഈ അവസ്ഥ മാറേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരു പൊലീസ് സ്റ്റേഷനില്‍ ചെന്നു പറയുന്നതിനു പകരം, ഉന്നത പൊലീസ് ഓഫിസര്‍ക്കു മാത്രം മൊബൈലില്‍ വിവരം കൈമാറാവുന്നതാണെന്ന് മുഖ്യമന്ത്രി നിർദേശിക്കുന്നുണ്ട്. എന്നാൽ, സമൂഹത്തിൽ സ്വാധീനമുള്ളവർ അതിശക്തമായ മയക്കുമരുന്നു ലോബിക്കു സഹായങ്ങൾ ചെയ്തു കൊടുക്കുന്നുവെന്ന ആരോപണം നിലനിൽക്കുകയാണെങ്കിൽ ധൈര്യപൂർവം അവരെ ചെറുക്കാൻ എത്രപേർ രംഗത്തുവരുമെന്ന ചോദ്യം ബാക്കിയാണ്.
കുട്ടികള്‍ അരുതാത്ത വഴിക്കു നീങ്ങുന്നില്ല എന്നുറപ്പാക്കാനുള്ള ഉത്തരവാദിത്വം സാമൂഹ്യ ഉത്തരവാദിത്വം കൂടിയാവണമെന്ന നിലപാട് നൂറു ശതമാനവും അംഗീകരിക്കപ്പെടേണ്ടതാണ്. പൊലീസ്, പഞ്ചായത്ത്, രക്ഷാകര്‍തൃ സമിതി, അധ്യാപകർ, തദ്ദേശഭരണ പ്രതിനിധി, ബഹുമാന്യനായ ഒരു തദ്ദേശീയ വ്യക്തിത്വം എന്നിവര്‍ ഉള്‍പ്പെട്ട സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതും ഓരോ മാസവും ജനവാസ മേഖലകളില്‍ ഈ വിഷയം മുന്‍നിര്‍ത്തി പൊലീസ്- റസിഡൻസ് സംയുക്ത യോഗങ്ങള്‍ നടത്തുന്നതും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി ശക്തമാക്കുന്നതും എല്ലാം നല്ല കാര്യങ്ങൾ തന്നെ. പ്രഖ്യാപിക്കുന്ന പദ്ധതികൾ ഫലപ്രദമായി നടപ്പാവുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് ഇതിനെല്ലാം ഒപ്പം ആവശ്യമുള്ളത്. കുട്ടികളിൽ അക്രമവാസന വർധിച്ചുവരുന്നതിനു പല കാരണങ്ങളുമുണ്ട് എന്നതിൽ തർക്കമില്ല. ഗൗരവമായ പഠനം ആവശ്യപ്പെടുന്ന വിഷയവുമാണിത്. അതിനെല്ലാമൊപ്പം ലഹരി ഉപയോഗം ഒരു പ്രധാന ഘടകമാവുന്നുണ്ട്. മയക്കുമരുന്നു ശൃംഖലയ്‌ക്കെതിരേ കേരളത്തിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഏജന്‍സികള്‍ നടത്തുന്ന പ്രവര്‍ത്തനം മെച്ചപ്പെട്ടതാണെന്ന് സർക്കാർ കണക്കുകൾ കാണിക്കുന്നുണ്ട്. മയക്കുമരുന്നു കേസുകളില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശിക്ഷാ നിരക്കുള്ള സംസ്ഥാനവും കേരളമാണെന്ന് സർക്കാർ അവകാശപ്പെടുന്നു. കേരളത്തിലെ തുറമുഖങ്ങളിലൂടെ മയക്കുമരുന്ന് ഇറക്കുമതി ചെയ്യപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിലെ തുറമുഖത്തിലിറങ്ങിയാല്‍ അത് അവിടെനിന്ന് റോഡിലേക്കിറക്കാന്‍ അനുവദിക്കാത്ത കര്‍ക്കശ സാഹചര്യം ഇവിടെ ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇതൊക്കെയായിട്ടും മയക്കുമരുന്ന് ഉപയോഗം ഇവിടെ കുറയുന്നില്ല എന്നതാണ് സർക്കാരും ഉദ്യോഗസ്ഥരും ശ്രദ്ധിക്കേണ്ടത്.