ശ്രീനിവാസൻ

 
Editorial

മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനി

വരുംതലമുറകളും ശ്രീനിവാസൻ എന്ന സിനിമാ മാന്ത്രികനെ, അദ്ദേഹത്തിന്‍റെ അസാധാരണ വൈഭവത്തെ, അതിശയത്തോടെയും ആദരവോടെയും നോക്കിക്കാണുമെന്നുറപ്പാണ്

MV Desk

ഇനി മലയാള സിനിമയിൽ ശ്രീനിവാസനില്ലാത്ത കാലമാണ്. പക്ഷേ, കാലത്തെ അതിജീവിക്കുന്ന സിനിമകളിലൂടെ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ അതുല്യ പ്രതിഭയുടെ ഓർമകൾക്കു മരണമില്ല. വരുംതലമുറകളും ശ്രീനിവാസൻ എന്ന സിനിമാ മാന്ത്രികനെ, അദ്ദേഹത്തിന്‍റെ അസാധാരണ വൈഭവത്തെ, അതിശയത്തോടെയും ആദരവോടെയും നോക്കിക്കാണുമെന്നുറപ്പാണ്. ഒരുനോക്കു കണ്ട് അന്ത്യയാത്രാമൊഴിയേകാൻ എറണാകുളം ടൗൺ ഹാളിലും കണ്ടനാട്ടെ വീട്ടിലും ഒഴുകിയെത്തിയ ആയിരങ്ങൾ ശ്രീനിവാസൻ എന്ന തിരക്കഥാകൃത്തും സംവിധായകനും നടനും ജനങ്ങൾക്ക് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്നു തെളിയിക്കുന്നുണ്ട്. മലയാളത്തിന്‍റെ ശ്രീനി വിടപറഞ്ഞു എന്ന യാഥാർഥ്യത്തെ ചങ്കുപൊട്ടുന്ന വേദനയോടെയാണു സഹപ്രവർത്തകരും സുഹൃത്തുക്കളും സാധാരണ സിനിമാപ്രേമികളും അഭിമുഖീകരിച്ചത്.

മലയാള സിനിമയിൽ ശ്രീനിവാസൻ ആരായിരുന്നുവെന്ന പരിശോധനയിൽ ഏറ്റവും പ്രധാനം അദ്ദേഹം എഴുതിയ കഥകളും അഭിനയിച്ച കഥാപാത്രങ്ങളും സംവിധാനം ചെയ്ത സിനിമകളും എങ്ങനെയായിരുന്നു എന്നുള്ളതാണല്ലോ. ഇതിലൊക്കെ സ്വന്തമായ സ്ഥാനം ഉറപ്പിച്ച അദ്ദേഹം ഏതെങ്കിലും ഒരു കാര്യത്തിൽ പിന്നിലായിരുന്നുവെന്ന് ആർക്കു പറയാനാവും. അഞ്ചു പതിറ്റാണ്ടോളമാണ് മലയാള സിനിമയിൽ അദ്ദേഹം തലയെടുപ്പോടെ വ്യത്യസ്തനായി നിന്നത്. നായക കഥാപാത്രത്തെ സംബന്ധിച്ച പരമ്പരാഗത സങ്കൽപ്പങ്ങൾ അടിമുടി മാറ്റിമറിച്ചില്ലേ ശ്രീനി.

സൗന്ദര്യ സങ്കൽപ്പങ്ങളൊന്നും ബാധിക്കാത്ത സാധാരണക്കാരനായ നായകൻ മലയാളികൾക്ക് എത്ര പ്രിയപ്പെട്ടവനായി മാറി എന്നോർക്കണം. തട്ടാൻ ഭാസ്കരനെയും തളത്തിൽ ദിനേശനെയുമൊക്കെ എത്ര സ്നേഹത്തോടെയാണ് മലയാളികൾ നെഞ്ചേറ്റിയത്. ""ഞാനൊരു സുന്ദരനേ അല്ല ഡോക്റ്റർ... കറുത്തിട്ടാണ്, ഉയരവും വളരെ കമ്മിയാണ്'' എന്ന് അപകർഷതാബോധം നിറഞ്ഞ തളത്തിൽ ദിനേശൻ പറയുമ്പോൾ ആ മനസ് വളരെയെളുപ്പം ഉൾക്കൊള്ളാൻ മലയാളികൾക്കു കഴിഞ്ഞു. പാവം പാവം രാജകുമാരനിലെ പാരലൽ കോളെജ് അധ്യാപകനായ ഗോപാലകൃഷ്ണനെ മനസിലാക്കാനും മലയാളികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. നാടോടിക്കാറ്റിലെ വിജയനും ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയനും ഉദയനാണു താരത്തിലെ സരോജ്കുമാറും തലയണമന്ത്രത്തിലെ സുകുമാരനും തുടങ്ങി എത്രയെത്ര ശ്രദ്ധേയമായ കഥാപാത്രങ്ങൾ.

തനിക്കു ചുറ്റുമുള്ള സാധാരണ മനുഷ്യരെ സിനിമയിലേക്കു കൊണ്ടുവന്ന് സാധാരണക്കാരുടെ മുഴുവൻ പ്രശംസയും പിടിച്ചുപറ്റാൻ ശ്രീനിവാസനിലെ എഴുത്തുകാരനും അഭിനേതാവിനും കഴിഞ്ഞു. സമൂഹത്തിലെ ചെറിയ ചലനങ്ങള്‍ പോലും മനോഹരമായി വരച്ചുകാണിച്ചു അദ്ദേഹത്തിന്‍റെ മാന്ത്രിക തൂലിക. എത്ര സരസമായാണ് സ്വയം വിമര്‍ശനത്തെ അദ്ദേഹം അവതരിപ്പിച്ചത്. ശ്രീനിവാസന്‍റെ ആക്ഷേപഹാസ്യം ഉൾക്കൊള്ളാൻ കഴിയാത്ത ആളുകളില്ല. അന്ധമായ രാഷ്‌ട്രീയം കുടുംബത്തെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുന്നത് അവതരിപ്പിക്കുന്ന ആക്ഷേപഹാസ്യ ചിത്രമായ സന്ദേശത്തിന്‍റെ രചനയിൽ ശ്രീനിവാസൻ കാണിച്ചിരിക്കുന്ന മികവ് ആർക്കാണ് അവഗണിക്കാൻ കഴിയുക. ഏതാണ്ട് മൂന്നര പതിറ്റാണ്ടിലെത്തിയിട്ടും സന്ദേശം നൽകിയ സന്ദേശം പ്രസക്തമായി തുടരുന്നു. ജനപക്ഷത്തുനിന്നുകൊണ്ട് അതിശക്തമായ വിമർശനം ഉന്നയിക്കുന്നതിൽ അദ്ദേഹം മടികാണിച്ചില്ല. ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നതാണു ശ്രീനിവാസന്‍റെ സിനിമകൾ. ""എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ'', ""പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്'' തുടങ്ങിയ ഡയലോഗുകൾ എത്രയോ വട്ടം ആവർത്തിച്ചുകൊണ്ടിരിക്കുന്നു മലയാളികൾ.

മറ്റുള്ളവര്‍ക്കു വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിച്ചപ്പോഴും സ്വയം കഥാപാത്രങ്ങളായി മാറിയപ്പോഴും അതിലെല്ലാം ഒരു ശ്രീനിവാസൻ ടച്ച് ഉണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം ശ്രമിച്ചു. നഗ്നമായ ജീവിത യാഥാര്‍ഥ്യങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു. മാമൂലുകളെ തകർത്തെറിഞ്ഞു. ആസ്വാദനതലത്തിൽ തന്നെ മാറ്റങ്ങളുണ്ടായി. അദ്ദേഹം സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും ചലച്ചിത്ര പ്രേമികളുടെ മുഴുവൻ അംഗീകാരവും നേടിയവയാണ്. കരുത്തുറ്റ തിരക്കഥകളുടെ നീണ്ട നിര തന്നെ അദ്ദേഹത്തിന്‍റെ സിനിമാ ജീവിതത്തിലുണ്ട്. ശ്രീനിവാസൻ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ജനപ്രിയ ഹിറ്റുകൾ പലതുണ്ട്. മികച്ച നടനെന്നതുപോലെ വളരെ നല്ല മനുഷ്യനുമായിരുന്നു ശ്രീനിവാസനെന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്‍റെ സഹപാഠിയായിരുന്ന തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്ത് അനുശോചന സന്ദേശത്തിൽ ഓർമിക്കുന്നുണ്ട്.

മോഹൻലാൽ അനുസ്മരിക്കുന്നതുപോലെ ""മലയാളി തന്‍റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്‌ക്രീനില്‍ കണ്ടു. മധ്യവര്‍ഗത്തിന്‍റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്‌കരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റാര്‍ക്കു കഴിയും''. മലയാള സിനിമയ്ക്ക് ശ്രീനിവാസൻ നൽകിയ സംഭാവനകൾക്കു മുന്നിൽ ആദരവോടെ കൈകൂപ്പുന്നു.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്