സദ്ഭരണത്തിൽ ശ്രദ്ധിക്കട്ടെ, തദ്ദേശ സ്ഥാപനങ്ങൾ
symbolic
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഏതാനും ദിവസം മുൻപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു കഴിഞ്ഞു. മുനിസിപ്പൽ കോർപ്പറേഷനുകളിലെയും മുനിസിപ്പിപ്പൽ കൗൺസിലുകളിലെയും ചെയർപെഴ്‌സൺ, മേയർ തെരഞ്ഞെടുപ്പ് ഇന്നലെ നടന്നു. ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പും ഇന്നലെത്തന്നെയായിരുന്നു. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകൾ ഇന്നു നടക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികളുടെ പ്രവർത്തനം എങ്ങനെയൊക്കെയാവും എന്നതാണ് ഇനി അറിയാനുള്ളത്. ജനങ്ങൾ നൂറു ശതമാനവും വിശ്വാസം അർപ്പിച്ച് തെരഞ്ഞെടുത്തവരാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അസംബ്ലി സീറ്റിലേക്കോ പാർലമെന്‍റിലേക്കോ മത്സരിക്കുന്നതു പോലെയല്ല ഗ്രാമ പഞ്ചായത്തിലേക്കും മുനിസിപ്പാലിറ്റിയിലേക്കുമൊക്കെ മത്സരിക്കുന്നത്. ഓരോ വാർഡിലെയും വോട്ടർമാർക്കു നേരിട്ടു ബന്ധവും പരിചയവും ഉള്ളവരാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാവുന്നത്.
അതിൽ തന്നെ കൂടുതൽ വോട്ടു കിട്ടുന്നവരാണ് വിജയിക്കുന്നതും. അതുകൊണ്ടുതന്നെ വോട്ടർമാർ അവരിൽ വലിയ പ്രതീക്ഷകൾ വച്ചുപുലർത്തുന്നുണ്ട്. മതവും ജാതിയും രാഷ്‌ട്രീയവും മറ്റു പരിഗണനകളൊന്നും നോക്കാതെ എല്ലാവരെയും ഉൾക്കൊണ്ടു പ്രവർത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ ജനപ്രതിനിധിക്കും കഴിയേണ്ടതുണ്ട്. ഏറ്റവും അടിത്തട്ടിലുള്ള ഭരണ സംവിധാനം എന്ന നിലയിൽ വളരെ വലിയ പ്രസക്തിയാണു തദ്ദേശ സ്ഥാപനങ്ങൾക്കുള്ളത്.
ജനസേവനത്തിൽ മുൻപന്തിയിൽ നിൽക്കേണ്ട സ്ഥാപനങ്ങളാണിവ. ഓരോ നാടിന്‍റെയും വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ജനതാത്പര്യവും ജനക്ഷേമവും ഉറപ്പാക്കുന്ന സുസ്ഥിര ഭരണം കാഴ്ചവയ്ക്കാൻ പുതിയ ഭരണസമിതികൾക്കാവട്ടെ. വികസന പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നതിൽ പുതിയ ഭരണസമിതികൾ വിജയിക്കേണ്ടത് ഓരോ നാടിന്‍റെയും ആവശ്യമാണ്.
മാലിന്യനിർമാർജനം, തെരുവു വിളക്കുകളുടെ പരിപാലനം, പൊതുസ്ഥലങ്ങളുടെ സംരക്ഷണം, തെരുവുനായ ശല്യത്തിൽ നിന്നുള്ള സംരക്ഷണം തുടങ്ങി എത്രയെത്ര മേഖലകളിലാണ് തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടതുള്ളത്. ഇതിലേതിൽ വീഴ്ചവരുത്തിയാലും അതിന്‍റെ ഫലം ജനങ്ങൾ അനുഭവിക്കേണ്ടിവരും. ജലസ്രോതസുകൾ സംരക്ഷിക്കുക, മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓടകൾ അടഞ്ഞു കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക തുടങ്ങി പ്രത്യേക ശ്രദ്ധ വേണ്ടതായ മേഖലകൾ പലതുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് നല്ലൊരു പങ്കുവഹിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കഴിയും. അതിനാവശ്യം ജനപ്രതിനിധികളുടെ കൂട്ടായ പ്രവർത്തനമാണ്. സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള പരക്കം പാച്ചിലും ഗ്രൂപ്പു കളികളും കൊണ്ട് അഞ്ചുവർഷക്കാലവും തീർക്കുകയാണു ചെയ്യുന്നതെങ്കിൽ അതു ജനങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണെന്നു മറക്കാതിരിക്കുക.
ഇതേ നാട്ടുകാർക്കു മുന്നിലാണ് വീണ്ടും വോട്ടുതേടിയിറങ്ങേണ്ടതെന്ന് ഇപ്പോഴേ ഓർക്കുക. അത്യാവശ്യങ്ങളുമായി സമീപിക്കുന്ന വോട്ടർമാരെ കണ്ടഭാവം നടിക്കാതിരുന്നാൽ അതു സ്വന്തം ഉത്തരവാദിത്വത്തോടു ചെയ്യുന്ന കടുത്ത അനീതിയാണെന്നു തിരിച്ചറിയുക. ഏതാനും മാസങ്ങൾക്കകം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ രാഷ്‌ട്രീയച്ചൂടും പെട്ടെന്ന് അടങ്ങുമെന്നു കരുതാനാവില്ല.
ഇപ്പോൾ അധികാരത്തിലേറിയിരിക്കുന്ന രാഷ്‌ട്രീയ കക്ഷികളുടെ പ്രവർത്തനം വരുന്ന മാസങ്ങളിൽ എങ്ങനെയാവുമെന്നതു രാഷ്‌ട്രീയമായി കൂടി പ്രാധാന്യമുള്ളതാണ്. അധികാരം കൈയിൽ കിട്ടിയാൽ എങ്ങനെയാവും തങ്ങളുടെ പ്രവർത്തനം എന്നു ജനങ്ങളെ കാണിക്കുകയാണല്ലോ ഓരോ കക്ഷിയും മുന്നണിയും ചെയ്യുന്നത്. ഉദാഹരണത്തിന്, കേരള ചരിത്രത്തിൽ ആദ്യമായി ഒരു കോർപ്പറേഷന്‍റെ ഭരണം ബിജെപിക്കു ലഭിച്ചിരിക്കുകയാണ്. അതും തലസ്ഥാന നഗരിയിൽ.
തിരുവനന്തപുരം മേയറായി പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് അധികാരമേറ്റിട്ടുണ്ട്. ഏറെ രാഷ്‌ട്രീയ പരിചയമുള്ള മുതിർന്ന നേതാവാണു രാജേഷ്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരും പരിഗണിക്കപ്പെട്ടെങ്കിലും ദീർഘകാല രാഷ്‌ട്രീയ പരിചയമാണ് രാജേഷിനെ ആ സ്ഥാനത്തെത്തിച്ചത് എന്നു കരുതാം. കോർപ്പറേഷനിലേക്കു തെരഞ്ഞെടുപ്പു നടന്ന 100ൽ 50 സീറ്റുകൾ നേടിയ ബിജെപിക്ക് ഒരു സ്വതന്ത്രന്‍റെ കൂടി പിന്തുണയുണ്ട്.
അതുകൊണ്ടു തന്നെ ഭൂരിപക്ഷം ഉറപ്പിച്ച് സ്വതന്ത്രമായി ഭരിക്കാനുള്ള അവസരമാണിത്. ഇതു ജനക്ഷേമ ഭരണത്തിനുള്ള അവസരമായി കണ്ട് ഓരോ ദിവസവും പ്രവർത്തിക്കുക എന്നതാണു കേരളത്തിലെ ബിജെപി പ്രവർത്തകർ മുഴുവൻ ആഗ്രഹിക്കുന്നുണ്ടാവുക. അതായത് തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണം കേരളം മുഴുവൻ ഉറ്റുനോക്കുകയാണെന്ന ധാരണ രാജേഷിനും ഭരണപക്ഷത്തിനും ഉണ്ടാവണം. തൃപ്പൂണിത്തുറ, പാലക്കാട് മുനിസിപ്പാലിറ്റികളും ബിജെപിയാണു ഭരിക്കുന്നത്.
കൊല്ലം കോർപ്പറേഷനിൽ ഇതാദ്യമായാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്. മുതിർന്ന ഐഎൻടിയുസി നേതാവ് എം.കെ. ഹഫീസിനെ മേയർ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നതാണ്. ഭരണ മുന്നണിയിൽ കല്ലുകടിയില്ലാതെ ഹഫീസിന്‍റെ നേതൃത്വത്തിലുള്ള കോർപ്പറേഷൻ ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത് കോൺഗ്രസിനു രാഷ്‌ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്. കണ്ണൂരിൽ പി. ഇന്ദിരയെ തർക്കങ്ങളില്ലാതെ മേയറാക്കാനായി എന്നതും കോൺഗ്രസിനു നേട്ടം.
ഡെപ്യൂട്ടി മേയർ സ്ഥാനത്തു നിന്നാണ് ഇന്ദിര മേയർ കസേരയിലേക്ക് എത്തിയിരിക്കുന്നത്. യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ ഈ കോർപ്പറേഷനിൽ മാതൃകാ പ്രവർത്തനം കാഴ്ചവയ്ക്കാൻ ഇന്ദിരയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കു കഴിയണമെന്നു യുഡിഎഫ് ആഗ്രഹിക്കുന്നു. കൊച്ചി, തൃശൂർ കോർപ്പറേഷനുകളിൽ മേയർ സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി കോൺഗ്രസിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായത് യുഡിഎഫ് പ്രവർത്തകർ ആഗ്രഹിച്ചിരുന്നതല്ല.
വോട്ടിലൂടെ അധികാരം നൽകുമ്പോൾ കസേരകൾക്കു വേണ്ടി തമ്മിലടിക്കുന്നത് ജനങ്ങളിൽ അതൃപ്തിയുണ്ടാക്കും. കൊച്ചിയിൽ മേയറാവുമെന്നു പ്രതീക്ഷിച്ചിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ തഴഞ്ഞാണ് വി.കെ. മിനിമോളെ കോൺഗ്രസ് മേയറാക്കിയിരിക്കുന്നത്. തൃശൂരിൽ ഡോ. നിജി ജസ്റ്റിനെ മേയർ സ്ഥാനാർഥിയാക്കിയപ്പോൾ ഇടഞ്ഞത് സീനിയർ നേതാവ് ലാലി ജയിംസാണ്. ജില്ലയിലെ പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റു എന്ന ആരോപണം ഗുരുതര സ്വഭാവമുള്ളതാണ്.
ലാലി ജയിംസ് ഉന്നയിച്ച ആരോപണങ്ങൾ കോൺഗ്രസ് ജില്ലാ നേതൃത്വം നിഷേധിച്ചിട്ടുണ്ട്. എന്തായാലും എൽഡിഎഫിൽ നിന്ന് അധികാരം പിടിച്ചെടുത്ത കൊച്ചി, തൃശൂർ കോർപ്പറേഷനുകളിൽ തമ്മിലടികൾക്ക് അവസരം നൽകാതെ നല്ല ഭരണം കാഴ്ചവയ്ക്കേണ്ടത് രാഷ്‌ട്രീയമായി യുഡിഎഫിന് ഏറെ പ്രാധാന്യമുള്ളതാണ്. കനത്ത പോരാട്ടത്തിനൊടുവിൽ ഏറ്റവും വലിയ സഖ്യം എന്ന നിലയിൽ എൽഡിഎഫിനു തുടർഭരണം ലഭിച്ച കോഴിക്കോട് കോർപ്പറേഷനിൽ സിപിഎം നേതാവ് ഒ. സദാശിവനാണു മേയർ. അവിടെ രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾക്ക് അവസരമൊരുക്കാതെ ഭരണം കൊണ്ടുപോകുക എന്നതു സിപിഎമ്മിനു വളരെ പ്രധാനമാണ്.