ആശങ്ക സൃഷ്ടിച്ച് അമീബിക് മസ്തിഷ്ക ജ്വരം

 

freepik

Editorial

ആശങ്ക സൃഷ്ടിച്ച് അമീബിക് മസ്തിഷ്ക ജ്വരം

ആഗോളതലത്തിൽ 97 ശതമാനം മരണനിരക്കുള്ള രോഗം എന്ന നിലയിൽ അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രത്യേക ജാഗ്രതയോടെയാണു ലോകം കാണാറുള്ളത്

മലബാറിൽ അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്. താമരശേരി ആനപ്പാറപ്പൊയിൽ സനൂപിന്‍റെ മകൾ ഒമ്പതു വയസുള്ള അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു വ്യാഴാഴ്ച മരിച്ചിരുന്നു. അനയയുടെ സഹോദരനായ ഏഴു വയസുകാരനും പിന്നീടു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അനയയും സഹോദരനും വീടിനു സമീപത്തുള്ള കുളത്തിൽ നീന്തൽ പരിശീലിച്ചിരുന്നു എന്നാണു പറയുന്നത്. ഈ കുളത്തിൽ നിന്നാണു രോഗബാധയുണ്ടായതെന്നാണു നിഗമനം. അനയയുടെ സഹോദരൻ അടക്കം അഞ്ചു പേർ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. മലപ്പുറം സ്വദേശിയായ നാൽപ്പത്തൊമ്പതുകാരൻ, ചേളാരി സ്വദേശിയായ പതിനൊന്നുകാരി, ഓമശേരിയിലെ മൂന്നു മാസം പ്രായമുള്ള കുഞ്ഞ്, അന്നശേരി സ്വദേശിയായ മുപ്പത്തെട്ടുകാരൻ എന്നിവരാണു രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. കൂടുതൽ ആളുകൾക്കു രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ അടക്കം ആരോഗ്യ വകുപ്പിനു നടത്തേണ്ടതുണ്ട് എന്നാണു സാഹചര്യങ്ങൾ കാണിക്കുന്നത്.

ആഗോളതലത്തിൽ 97 ശതമാനം മരണനിരക്കുള്ള രോഗം എന്ന നിലയിൽ അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രത്യേക ജാഗ്രതയോടെയാണു ലോകം കാണാറുള്ളത്. കേരളത്തിൽ ഈ രോഗത്തെ നേരിടുന്നതിനു മാതൃകാപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. അതുവഴി മരണനിരക്കു ഗണ്യമായി കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അപ്പോഴും ഈ രോഗത്തിനെതിരായ ജാഗ്രത ഒട്ടും കുറയരുത് എന്നാണ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവർ നിർദേശിക്കുന്നത്. ലോകത്ത് ‌അപൂർവമായി മാത്രം കാണപ്പെടുന്നതാണ് ഈ രോഗം. എന്നാൽ, കേരളത്തിൽ കൂടുതലായി ഇപ്പോൾ കാണപ്പെടുന്നു എന്നതാണ് ഇതിനെതിരേ അതീവ ജാഗ്രത ആവശ്യമാക്കുന്നത്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു പകരുമെന്ന ഭീതിയും ആവശ്യമില്ല. പക്ഷേ, കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുമ്പോൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നതിനു സാധ്യതയുണ്ട്. ‌മലിന ജലത്തിൽ നിന്ന് മൂക്കിലൂടെ അമീബ ശരീരത്തിലേക്കു പ്രവേശിക്കുന്നത് ഒഴിവാക്കാൻ രോഗസാധ്യതയെക്കുറിച്ചു ബോധ്യമുണ്ടാവുന്നത് ഉപകരിക്കും. രോഗ‌ബാധയുണ്ടായി ഒമ്പതു ദിവസങ്ങൾക്കു ശേഷമാണു രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയത്രേ. കടുത്ത തലവേദന, പനി, ഓക്കാനം. കഴുത്തു വേദന, ഭക്ഷണം കഴിക്കാനുള്ള താത്പര്യക്കുറവ്, വെളിച്ചത്തിലേക്കു നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ രോഗലക്ഷണങ്ങളാണ്.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കുക, വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക, മൂക്കിലേക്കു വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യാതിരിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ആരോഗ്യ വകുപ്പു നിർദേശിക്കുന്നുണ്ട്. അടുത്തകാലത്തായി കേരളത്തിൽ രോഗബാധിതരായ പലരെയും രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത് അത്രയും ആശ്വാസകരമാണ്. പുതിയ മരുന്നുകളും ചികിത്സാരീതികളും പരീക്ഷിക്കാൻ തുടങ്ങിയതു ഗുണം കണ്ടിട്ടുണ്ട്. തുടക്കത്തിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തി ചികിത്സ നൽകാൻ കഴിയുമ്പോഴാണു സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുന്നത്. അതിനാൽ ചികിത്സ വൈകാതെ നോക്കേണ്ടത് അനിവാര്യമാണ്. ഇതു സംബന്ധിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്താൻ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സർക്കാരിനും കഴിയണം. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച മാര്‍ഗരേഖ സംസ്ഥാനം പുറത്തിറക്കുകയുണ്ടായി. രാജ്യത്ത് ആദ്യമായി ഈ മാർഗരേഖ പുറത്തിറക്കിയതു കേരളമാണ്.

കേരളത്തിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് 2016ൽ ആലപ്പുഴയിലാണ്. അതു മുതൽ ഏഴു വർഷത്തിനിടെ ആറു പേർക്കു മാത്രം ബാധിച്ച രോഗമാണു പിന്നീട് കൂടുതൽ ആളുകളെ ബാധിക്കാൻ തുടങ്ങിയത്. 2016നു ശേഷം മലപ്പുറത്തും കോഴിക്കോടും തൃശൂരിലും ആലപ്പുഴയിലും തിരുവനന്തപുരത്തും എല്ലാം രോഗബാധയുണ്ടായിരുന്നു. രാജ്യത്തുതന്നെ ആദ്യമായി ഈ രോഗം ബാധിച്ച ഒരാൾ ജീവിതത്തിലേക്കു തിരിച്ചെത്തിയതു കഴിഞ്ഞ വർഷം കോഴിക്കോട്ടായിരുന്നു. തിക്കോടി സ്വദേശിയായ പതിനാലുകാരനായിരുന്നു അത്. പിന്നീട് മറ്റു ചില കുട്ടികളെ കൂടി ഈ രോഗത്തിൽ നിന്നു രക്ഷിക്കാനായി. അതിജീവനത്തിന്‍റെ ഈ വാർത്തകൾ ആശ്വാസം പകരുന്നതാണെങ്കിലും രോഗത്തെ ചെറുതായി കാണാവുന്ന സാഹചര്യമില്ല. കേരളം നേരിടുന്ന പുതിയ ഭീഷണിയായി അമീബിക് മസ്തിഷ്ക ജ്വരം മാറുന്നുണ്ട് എന്ന ബോധ്യത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. അമീബയുള്ള വെള്ളവുമായി സമ്പർക്കത്തിൽ വരുമ്പോൾ മൂക്കിലൂടെ അതു ശരീരത്തില്‍ പ്രവേശിക്കുമെന്ന് എല്ലാവർക്കും ബോധ്യമുണ്ടാവേണ്ടതുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ