.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു യുഗത്തിനു കൂടി അവസാനമാകുകയാണ്. തന്‍റെ മാന്ത്രിക സ്പിൻ കൊണ്ട് എതിരാളികളെ കറക്കിവീഴ്ത്തി രാജ്യത്തിനു വേണ്ടി നിരവധി മത്സരങ്ങൾ ജയിപ്പിച്ച ആർ. അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാൾ എന്ന നിലയിൽ ആരാധകർ എന്നും അശ്വിനെ ഓർക്കും. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ വാർത്താസമ്മേളനത്തിലാണ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പമെത്തി അശ്വിൻ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ഈ ടെസ്റ്റിൽ അശ്വിൻ കളിച്ചിരുന്നില്ല എന്നതാണു പ്രത്യേകം ഓർക്കേണ്ടത്.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ വാഷിങ്ടൺ സുന്ദറായിരുന്നു ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഏക സ്പിന്നർ. രണ്ടാം ടെസ്റ്റിൽ അശ്വിനെ ഇറക്കിയെങ്കിലും നിരാശയായിരുന്നു ഫലം. അതോടെ മൂന്നാം ടെസ്റ്റിൽ സ്ഥാനം ലഭിച്ചില്ല. പകരം രവീന്ദ്ര ജഡേജയെ കളിപ്പിച്ചു. ഓസ്ട്രേലിയൻ പരമ്പരയ്ക്കു മുൻപ് ന്യൂസിലൻഡിനോടു കളിച്ച മൂന്നു മത്സരത്തിലും ഇന്ത്യ തോറ്റ പരമ്പരയിലും അശ്വിനു പ്രതീക്ഷിച്ചപോലെ തിളങ്ങാനായിരുന്നില്ല.
അങ്ങനെ അവസാന മത്സരങ്ങളിൽ നിരാശപ്പെടുത്തിയാണ് അശ്വിന്‍റെ മടക്കം. ക്ലബ് ക്രിക്കറ്റിൽ തുടർന്നും കളിക്കുമെന്ന് അശ്വിൻ വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎൽ അടക്കം ടൂർണമെന്‍റുകളിൽ ഇനിയും അദ്ദേഹത്തെ കാണാനാവുമെന്നു സാരം. എന്തായാലും ടെസ്റ്റ് ക്രിക്കറ്റിൽ അശ്വിൻ കുറിച്ച നേട്ടങ്ങൾ ഈ അവസരത്തിൽ മറന്നുകൂടാ. 106 ടെസ്റ്റുകളിൽ നിന്ന് 537 വിക്കറ്റുകളാണ് ഈ തമിഴ്നാട്ടുകാരൻ സ്വന്തമാക്കിയിട്ടുള്ളത്. ലോകത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ളവരിൽ ഏഴാമനാണ് അശ്വിൻ.
ഇന്ത്യൻ താരങ്ങളിൽ അനിൽ കുംബ്ലെ മാത്രമാണ് ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ അശ്വിനു മുന്നിലുള്ളത്. 133 മത്സരങ്ങളിൽ നിന്ന് 800 വിക്കറ്റ് നേടിയിട്ടുള്ള മുത്തയ്യ മുരളീധരൻ, 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റ് നേടിയ ഷെയ്‌ൻ വോൺ, 188 മത്സരങ്ങളിൽ നിന്ന് 704 വിക്കറ്റ് നേടിയ ജയിംസ് ആൻഡേഴ്സൻ എന്നിവർക്കു പുറകിലായി നാലാമനാണ് അനിൽ കുംബ്ലെ.
132 ടെസ്റ്റിൽ 619 വിക്കറ്റ്. 167 ടെസ്റ്റ് കളിച്ച സ്റ്റുവർട്ട് ബ്രോഡ് 604 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. 124 ടെസ്റ്റിൽ ഗ്ലെൻ മക്ഗ്രാത്ത് 563 വിക്കറ്റെടുത്തു. ഇവരൊന്നും കളിച്ച അത്രയും ടെസ്റ്റുകളിൽ അശ്വിന് അവസരം കിട്ടിയില്ല. അങ്ങനെ നോക്കുമ്പോൾ ഒട്ടും ചെറുതായി കാണാനാവില്ല അശ്വിന്‍റെ പ്രകടനം.
എല്ലാ ഫോർമാറ്റിലുമായി 765 വിക്കറ്റുകളാണ് അശ്വിൻ നേടിയിട്ടുള്ളത്. ഈ കണക്കിലും ഇന്ത്യയിൽ കുംബ്ലെ മാത്രമേ അശ്വിനു മുന്നിലുള്ളൂ. 953 വിക്കറ്റുകളാണ് കുംബ്ലെയുടെ സമ്പാദ്യം. അമ്പത്, നൂറ്, നൂറ്റമ്പത് എന്നിങ്ങനെ വിക്കറ്റ് വേട്ടയിലെ ഓരോ നാഴികക്കല്ലുകളും ഏറ്റവും വേഗത്തിൽ പിന്നിട്ട താരമാണ് അശ്വിൻ. മുപ്പത്തെട്ടു വയസു വരെ ഇന്ത്യൻ ടീമിന്‍റെ ഭാഗമായി തുടർന്നത് രാജ്യത്തിനായി നൽകിവന്ന സംഭാവനകളുടെ പശ്ചാത്തലത്തിൽ തന്നെയാണ്.
116 ഏകദിനങ്ങളും 65 ടി20 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചു. ഏകദിനത്തിൽ 156 വിക്കറ്റും അന്താരാഷ്ട്ര ടി20യിൽ 72 വിക്കറ്റുമാണുള്ളത്. 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. ബൗളിങ്ങിൽ മാത്രമല്ല ലോവർ ഓർഡറിലെ ബാറ്റിങ്ങിലും അശ്വിന്‍റെ മികവ് പലതവണ രാജ്യത്തിനു സഹായമായി. ആറു സെഞ്ചുറിയും 14 അർധ സെഞ്ചുറിയും സ്വന്തമായിട്ടുള്ള താരത്തിന് 3503 ടെസ്റ്റ് റൺസുകളാണുള്ളത്. ടെസ്റ്റ് മത്സരങ്ങളിൽ 37 തവണയാണ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
എട്ടുവട്ടം പത്തു വിക്കറ്റ് നേട്ടവും കരസ്ഥമാക്കി. ധോണിയുടെയും കോഹ്‌ലിയുടെയും നേതൃത്വത്തിലുള്ള ടീമുകളുടെ പ്രധാന മാച്ച്- വിന്നർ എന്ന നിലയിൽ അശ്വിനെ കാണാവുന്നതാണ്. ടെസ്റ്റ് ക്രിക്കറ്റിൽ രാജ്യത്തിനായി ഏറ്റവുമധികം "മാൻ ഓഫ് ദ സീരിസ് ' നേടിയിട്ടുള്ള താരവും മറ്റാരുമല്ല. 2011ൽ വെസ്റ്റിൻഡീസിനെതിരേ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചതു തന്നെ ഗംഭീര പ്രകടനത്തോടെയാണ്. ആദ്യ ടെസ്റ്റിൽ തന്നെ ഒമ്പതു വിക്കറ്റുമായി പ്ലെയർ ഓഫ് ദ മാച്ചായി. മൂന്നു ടെസ്റ്റുകളുടെ കന്നി പരമ്പരയിൽ 22 വിക്കറ്റുകളാണു വാരിക്കൂട്ടിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ടേണിങ് ട്രാക്കുകളിൽ വിക്കറ്റുകൾ വാരിക്കൂട്ടാൻ അശ്വിനു കഴിഞ്ഞു.
ഓസ്ട്രേലിയക്കെതിരേ നാലു ടെസ്റ്റുകളുടെ പരമ്പരയിൽ 29 വിക്കറ്റെടുത്തതുപോലുള്ള അതിഗംഭീര പ്രകടനങ്ങൾ ഇന്ത്യൻ ടീമിൽ അശ്വിന്‍റെ സാന്നിധ്യം നിർണായകമാക്കി. 2015-16 സീസണിൽ എട്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 48 വിക്കറ്റും 336 റൺസുമാണ് വാരിക്കൂട്ടിയത്. ഇന്ത്യൻ ടീമിനു വേണ്ടി നിരവധി മഹത്തായ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുള്ള അശ്വിനെ എക്കാലത്തെയും മികച്ച താരങ്ങളുടെ കൂട്ടത്തിൽ തന്നെയാണ് ക്രിക്കറ്റ് ലോകം എന്നും കാണുക.