വെളിച്ചം പകരാൻ പുതിയ ഇടയൻ

 
Editorial

വെളിച്ചം പകരാൻ പുതിയ ഇടയൻ

ഒരു മാർപാപ്പ നൂറു വർഷത്തിലേറെ കാലത്തിനു ശേഷമാണ് ലിയോ എന്ന പേര് തെരഞ്ഞെടുക്കുന്നത്

അശാന്തി വിതയ്ക്കുന്ന യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഭീകരപ്രവർത്തനങ്ങളുടെയുമൊക്കെ കാലത്ത് ലോകത്തിനു സമാധാന സന്ദേശം നൽകാൻ, ആഗോള കത്തോലിക്കാ സഭയെ നേർവഴി നയിക്കാൻ, വത്തിക്കാന്‍റെ ഭരണാധിപനായിരിക്കാൻ, പുതിയൊരു മാർപാപ്പയെ വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ കോൺക്ലേവ് തെരഞ്ഞെടുത്തിരിക്കുന്നു. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുള്ള വോട്ടവകാശമുള്ള 133 കർദിനാൾമാർ ചേർന്നു തെരഞ്ഞെടുത്ത പുതിയ മാർപാപ്പ അമെരിക്കയിൽ നിന്നാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത്. ലിയോ പതിനാലാമൻ എന്ന പേരാണ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി തെരഞ്ഞെടുത്തിരിക്കുന്നത്. അമെരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പ എന്ന പ്രത്യേകതയും ലിയോ പതിനാലാമന് ഉണ്ടാവും.

തെരഞ്ഞെടുപ്പിനു ശേഷം സ്ഥാനവസ്ത്രങ്ങളണിഞ്ഞ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിലെത്തി വിശ്വാസികളെ അഭിസംബോധന ചെയ്ത അറുപത്തൊമ്പതുകാരനായ പുതിയ മാർപാപ്പയുടെ ആദ്യ വാക്കുകൾ ""നിങ്ങൾക്കെല്ലാവർക്കും സമാധാനം ഉണ്ടാവട്ടെ'' എന്നതായിരുന്നു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിനു ജനങ്ങൾ ആ വാക്കുകൾ ആവേശപൂർവം സ്വീകരിക്കുകയും ചെയ്തു. സമാധാനത്തിൽ അധിഷ്ഠിതമായ ലോകത്തിനു വേണ്ടി പ്രവർത്തിക്കുകയും ധാർമികതയുടെയും നീതിയുടെയും ശബ്ദമായി നിലകൊള്ളുകയും ചെയ്തുകൊണ്ട് പുതിയ മാർപാപ്പ കോടിക്കണക്കിനുള്ള വിശ്വാസികൾക്കു മാർഗദീപം തെളിയിക്കുമെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ലോകത്തെ വിവിധ വിഷയങ്ങളിൽ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകൾ ലോകം ശ്രദ്ധിക്കുക തന്നെ ചെയ്യും.

മനുഷ്യത്വം, സ്നേഹം, സമാധാനം, സാഹോദര്യം തുടങ്ങിയവയ്ക്കെല്ലാം വേണ്ടി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പ ലോകത്തിനു മഹനീയ മാതൃകയായിരുന്നു. ലോകത്ത് എല്ലാ വിഭാഗം ജനങ്ങളും അത്യധികം ആദരവോടെ കണ്ടിരുന്നു അദ്ദേഹത്തെ. പാവങ്ങളോടുള്ള കരുണയും സാമൂഹിക നീതിക്കുവേണ്ടിയുള്ള നിലപാടുകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ലാളിത്യത്തിന്‍റെ പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപാപ്പ പലവിധത്തിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നവീകരണത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പരിശ്രമങ്ങൾ എക്കാലവും ഓർമിക്കപ്പെടും. സഭയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടു തന്നെയാണ് പരിഷ്കരണങ്ങൾക്ക് അദ്ദേഹം ശ്രമിച്ചത്. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചു. കുട്ടികളോടുള്ള മോശമായ പെരുമാറ്റം ഒരിക്കലും മറച്ചുവയ്ക്കരുതെന്ന് അദ്ദേഹം നിർദേശിച്ചു. അശരണർക്കും പാവപ്പെട്ടവർക്കും ഒപ്പമാണ് അദ്ദേഹം എപ്പോഴും നിന്നത്. കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളെയും ഉൾപ്പെടുത്തി. യുദ്ധം, ഭീകരത, ആഗോള താപനം തുടങ്ങി ലോകത്തെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം ശക്തമായ നിലപാടുകൾ സ്വീകരിച്ചു. അഭയാർഥികൾക്കു വേണ്ടി രംഗത്തുവരാനും അദ്ദേഹം തയാറായി. അഭയാർഥികളെ മനുഷ്യരായി കാണണമെന്നായിരുന്നു ആഹ്വാനം. ദുർബലരെയും മുറിവേറ്റവരെയും സഹായിക്കേണ്ടത് ബാധ്യതയായി കാണണമെന്നും അദ്ദേഹം നിർദേശിച്ചു. കുടിയേറ്റക്കാരോട് അനുകമ്പയോടെ പെരുമാറാൻ ഉപദേശിച്ചു. അവർക്കെതിരായ വിവേചനങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. പ്രകൃതി സംരക്ഷണത്തിനായി നിലകൊണ്ട അദ്ദേഹം പരിസ്ഥിതിയെ നശിപ്പിക്കുന്നതു പാപമാണെന്ന നിലപാട് സ്വീകരിച്ചിരുന്നു. പ്രകൃതിയെ ദൈവത്തിന്‍റെ വരദാനമായാണു ഫ്രാൻസിസ് മാർപാപ്പ കണ്ടത്. ഇത്തരം വിഷയങ്ങളിലെല്ലാം പുതിയ മാർപാപ്പയുടെ പ്രതികരണങ്ങൾ എങ്ങനെയാവുമെന്നു ലോകം ഉറ്റുനോക്കുന്നുണ്ട്.

ഒരു മാർപാപ്പ നൂറു വർഷത്തിലേറെ കാലത്തിനു ശേഷമാണ് ലിയോ എന്ന പേര് തെരഞ്ഞെടുക്കുന്നത്. 1878ൽ ആണ് ലിയോ പതിമൂന്നാമൻ തെരഞ്ഞെടുക്കപ്പെട്ടത്. 1903 വരെ അദ്ദേഹം തുടർന്നു. 1955ൽ ഷിക്കാഗോയിൽ ജനിച്ച റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് ലൊയോള യൂണിവേഴ്സിറ്റിയിൽ നിന്നു ഫിലോസഫിയിൽ ബിരുദം നേടിയ ശേഷം കാനോൻ നിയമം പഠിക്കാൻ റോമിലെത്തി. 1987ലാണ് വൈദികനായി അഭിഷിക്തനാവുന്നത്. പെറുവിൽ ദീർഘകാലം മിഷനറിയായി പ്രവർത്തിച്ചു. പെറുവിലെ പൗരത്വവും അദ്ദേഹത്തിനുണ്ട്. 2015 മുതൽ 2023 വരെ പെറുവിൽ ബിഷപ്പായി സേവനം അനുഷ്ഠിച്ചു. 2023ൽ കർദിനാളായി. രണ്ടു വർഷത്തിനുള്ളിൽ മാർപാപ്പയായും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, പോർച്ചുഗീസ് തുടങ്ങിയ ഭാഷകളിൽ അദ്ദേഹത്തിനു പരിജ്ഞാനമുണ്ട്. ലാറ്റിൻ, ജർമൻ ഭാഷകൾ വായിക്കാനുമാവും. മാർപാപ്പയാകും മുൻപ് രണ്ടു തവണ കേരളത്തിൽ എത്തിയിട്ടുണ്ട് അദ്ദേഹം. അഗസ്റ്റീനിയൻ സന്യാസ സഭയുടെ തലവനായിരുന്ന കാലത്ത് 2004ലും 2006ലുമാണ് കേരളത്തിൽ എത്തിയത്. ആദ്യ സന്ദർശനത്തിൽ ആലുവ മരിയാപുരത്തെയും ഇടക്കൊച്ചിയിലെയും അഗസ്റ്റീനിയൻ ഹൗസുകളിൽ ഒരാഴ്ചയിലധികം അദ്ദേഹം താമസിച്ചു. 2006 ഒക്റ്റോബറിൽ മരിയാപുരത്തെ അഗസ്റ്റീനിയൻ ഭവനത്തിലേക്ക് അദ്ദേഹം വീണ്ടും എത്തി. കേരളത്തെ വളരെയധികം ഇഷ്ടപ്പെടുന്ന പിതാവാണ് അദ്ദേഹമെന്ന് അറിയാവുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലളിത ജീവിതം നയിക്കുന്ന സൗമ്യനായ വ്യക്തിയാണ് അദ്ദേഹമെന്നും അവർ പറയുന്നു. ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയന് എല്ലാവിധ ആശംസകളും നേരുന്നു. ലോകത്തിനു പ്രതീക്ഷയുടെയും പ്രത്യാശയുടെയും വെളിച്ചം പകർന്നു നൽകാൻ അദ്ദേഹത്തിനു കഴിയട്ടെ.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം