വിശദമായി ചർച്ച ചെയ്യട്ടെ, വിവാദ ബില്ലുകൾ
പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ഗുരുതര കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായി 30 ദിവസം തടവിൽ കഴിയേണ്ടിവന്നാൽ സ്ഥാനം നഷ്ടപ്പെടുന്നതു വ്യവസ്ഥ ചെയ്യുന്ന ബില്ലുകളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ച മൂന്നു വിവാദ ബില്ലുകളും പാർലമെന്‍റിന്‍റെ സംയുക്ത സമിതിക്കു വിട്ടിരിക്കുന്നു. ബില്ലുകളിൽ ഒന്ന് ഭരണഘടനാ ഭേദഗതിയാണെന്നതിനാൽ പാസാക്കിയെടുക്കാൻ സർക്കാരിന് മൂന്നിൽ രണ്ടു ഭൂരിപക്ഷം ആവശ്യമാണ്. ഈ സാഹചര്യത്തിൽ സർക്കാരിന്‍റെ പദ്ധതിയെന്ത് എന്നത് ഏറെ ആകാംക്ഷ ഉണർത്തുന്നതാണ്. സർക്കാർ അവതരിപ്പിച്ച ഭേദഗതികൾക്കെതിരേ പ്രതിപക്ഷ കക്ഷികൾ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ഭരിക്കുന്ന പ്രതിപക്ഷ സർക്കാരുകളെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാരിന്‍റെ ഈ നീക്കം എന്ന് അവർ സംശയിക്കുന്നു. കേന്ദ്ര സർക്കാരിന്‍റെ അന്വേഷണ ഏജൻസികൾ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരെയും കേസുകളിൽ കുടുക്കുന്നു എന്ന പരാതി നിലവിലുണ്ട്. രാഷ്ട്രീയ താത്പര്യങ്ങൾക്കായി സിബിഐയെയും ഇഡിയെയും കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നു എന്നാണ് ആരോപണം.
പല സംസ്ഥാന മന്ത്രിമാരും നേതാക്കളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിനു വിധേയരാവുകയും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ രാജിവച്ച മന്ത്രിമാരുമുണ്ട്. മുൻപ്, കാലിത്തീറ്റ കുംഭകോണ കേസിൽ അറസ്റ്റിലാവുന്നതിനു മുൻപാണ് ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിസ്ഥാനത്തിരുത്തിയ ശേഷമായിരുന്നു ലാലു ജയിലിൽ പോയത്. സമീപകാലത്ത് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലാവുന്നതിനു തൊട്ടുമുൻപ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതും ഓർക്കാവുന്നതാണ്. എന്നാൽ, മുഖ്യമന്ത്രിയായിരിക്കെ അഴിമതിക്കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത അരവിന്ദ് കെജരിവാൾ രാജിവച്ചില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലായിരിക്കുമ്പോഴും കെജരിവാൾ ഡൽഹി മുഖ്യമന്ത്രിയായി തുടർന്നു. അറസ്റ്റിലാവുന്ന മന്ത്രിമാരോ മുഖ്യമന്ത്രിയോ ഈ രീതി പിന്തുടരാതിരിക്കാൻ പുതിയ ഭേദഗതി സഹായിക്കുമെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്.
അഴിമതിക്കും ക്രിമിനൽ കുറ്റങ്ങൾക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമാണു പുതിയ ബിൽ എന്നു കേന്ദ്ര ഭരണകക്ഷിക്കു പറയാം. പ്രധാനമന്ത്രിയെ അടക്കം ബില്ലിന്‍റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ടെന്ന വാദവും ബിജെപി ഉയർത്തുന്നു. അതിൽ പക്ഷേ, കാര്യമൊന്നുമില്ലെന്നാണു പ്രതിപക്ഷ നിലപാട്. അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്ത ചരിത്രം ഇന്ത്യയിലില്ല. ഉണ്ടാകുമെന്നു കരുതാനും വയ്യ. അതുകൊണ്ടു തന്നെ ഇതു തങ്ങളെ ലക്ഷ്യമിട്ടാണ് എന്ന വാദമാണ് പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്നത്. രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട് എന്നതിനാൽ വളരെ ആലോചിച്ചും ചർച്ച ചെയ്തും വേണം ഈ ഭേദഗതി നടപ്പാക്കാൻ എന്നു പറയുന്നതിൽ ന്യായമുണ്ട്. വോട്ടർ പട്ടിക തട്ടിപ്പ് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ വലിയ വിവാദത്തിനു തിരികൊളുത്തുകയുണ്ടായി. ഈ വിഷയത്തിൽ നിന്നു ജനശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നത് എന്നു ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അവരുടെ കണക്കുകൂട്ടലിൽ ബില്ലുകൾക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. എന്തായാലും ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ വരുംദിവസങ്ങളിൽ സജീവമാകുമെന്നുറപ്പാണ്.
പ്രധാനമന്ത്രിയായാലും കേന്ദ്ര മന്ത്രിമാരായാലും മുഖ്യമന്ത്രിയായാലും സംസ്ഥാന മന്ത്രിമാരായാലും അറസ്റ്റിലായി 30 ദിവസമായിട്ടും രാജിവയ്ക്കുന്നില്ലെങ്കിൽ മുപ്പത്തൊന്നാം ദിവസം സ്ഥാനം തനിയെ നഷ്ടമാകുന്നതാണ് ഭരണഘടനാ ഭേദഗതി ബിൽ. കസ്റ്റഡിയിൽ നിന്നു മോചിപ്പിക്കപ്പെട്ടാൽ അവരെ പുനർ നിയമിക്കാനും കഴിയുന്നതാണ്. കുറ്റവാളിയാണെന്നു കണ്ടെത്തിയാൽ മാത്രമേ ഇതുവരെയും മന്ത്രിമാരെ സ്ഥാനങ്ങളിൽ നിന്നു നീക്കം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി തടവിൽ കഴിയുമ്പോൾ കെജരിവാളിന് മുഖ്യമന്ത്രിസ്ഥാനത്തു തുടരാനായി. താൻ രാജിവച്ചാൽ അതൊരു കീഴ്വഴക്കമായെടുത്ത് കേന്ദ്ര സർക്കാർ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ലക്ഷ്യമിടുമെന്നായിരുന്നു കെജരിവാളിന്‍റെ അന്നത്തെ ന്യായം. ജനാധിപത്യത്തിനു വളരെ അപകടകരമാണ് കേന്ദ്ര സർക്കാരിന്‍റെ ഈ മാർഗമെന്നും കെജരിവാൾ പറഞ്ഞിരുന്നു. എന്നാൽ, ജാമ്യം ലഭിച്ച് ജയിൽമോചിതനായ ശേഷം കെജരിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയുണ്ടായി. അതിഷിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു നേരിട്ട കെജരിവാളിനും എഎപിക്കും പക്ഷേ, ജനവിധി എതിരാവുകയും ചെയ്തു. അഴിമതിക്കേസിൽ തടവിൽ കിടക്കുമ്പോഴും കെജരിവാൾ അധികാരത്തിൽ തുടർന്നത് എഎപിയെ ബാധിച്ചുവെന്നു കരുതുന്നവരുണ്ടാകാം. മന്ത്രിമാരുടെ നിർബന്ധിത രാജി വേണോ വേണ്ടയോ എന്നു സംയുക്ത സമിതി ചർച്ച ചെയ്യട്ടെ. തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കേണ്ടതില്ല.