.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പകർച്ചപ്പനികൾക്കെതിരേ പ്രത്യേക ജാഗ്രത പാലിക്കേണ്ട അവസ്ഥയിലാണു സംസ്ഥാനം ഇപ്പോൾ. കോഴിക്കോട്ട് നിപ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്നുള്ള ജാഗ്രതയും രോഗപ്രതിരോധ പ്രവർത്തനങ്ങളും തുടരുന്നതിനിടെയാണിത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും പുതിയ നിപ കേസുകൾ കണ്ടെത്തിയിട്ടില്ല എന്നതു പൊതുവിൽ ആശ്വാസം പകരുന്നുണ്ട്. വൈറസിന്റെ വ്യാപനം തടയാനായി എന്നത് നമ്മുടെ ആരോഗ്യ മേഖലയുടെ നേട്ടം തന്നെയാണ്. അപ്പോഴും ഭീഷണി ഒഴിഞ്ഞു എന്നു പറയാറായിട്ടില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ മാത്രമല്ല കണ്ണൂർ, വയനാട്, മലപ്പുറം തുടങ്ങിയ സമീപ ജില്ലകളിലും നിപ വൈറസിനെ പ്രതിരോധിക്കാനുള്ള ശാസ്ത്രീയമായ മുൻകരുതലുകൾ സ്വീകരിച്ചാണ് സംസ്ഥാനം ഈ ഭീഷണിയെ മറികടക്കാൻ ശ്രമിക്കുന്നത്. കേരളത്തിലെ മുഴുവൻ ആരോഗ്യ സംവിധാനങ്ങളും നിപക്കെതിരായ ജാഗ്രതയിൽ പങ്കുകൊള്ളുന്നുണ്ട്. കൂടുതൽ ഭീഷണികൾ ഉയർത്താതെ ഈ വൈറസിനെ പിടിച്ചുകെട്ടാൻ നമുക്കു കഴിയുമെന്നു വിശ്വസിക്കാം.
അതു മാത്രമല്ല ആരോഗ്യ മേഖല ഇപ്പോൾ നേരിടുന്ന വെല്ലുവിളി എന്നതാണ് എടുത്തുപറയാനുള്ളത്. വിവിധ തരം പനികൾ സംസ്ഥാന വ്യാപകമായി ആളുകളെ ബാധിക്കുന്നുണ്ട്. ആശുപത്രികളിൽ പകർച്ചപ്പനി ബാധിതരുടെ തിരക്കാണ്. അതിൽതന്നെ ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നതു ഡെങ്കിയാണ്. മൂന്നാഴ്ചക്കിടെ പനി ബാധിച്ചു മരിച്ചവരിൽ 22 പേർക്കു ഡെങ്കിയായിരുന്നു എന്നാണു സംശയിക്കുന്നത്. ഇരുപതു ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേർ പനി ബാധിച്ചു ചികിത്സ തേടിയെന്നും കണക്കുകളിൽ കാണുന്നു. കഴിഞ്ഞ ദിവസം മാത്രം 89 പേർക്കാണു ഡെങ്കി സ്ഥിരീകരിച്ചത്. 141 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. പനി ബാധിച്ച് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒമ്പതിനായിരത്തോളം പേർ വീതം ചികിത്സ തേടിയിട്ടുണ്ട്. ഈ പനിക്കണക്കിന് അപ്പുറമായിരിക്കും യഥാർഥത്തിൽ പനി ബാധിച്ചവർ. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ കൃത്യമായ കണക്കെടുത്താൽ രോഗബാധിതരുടെ സംഖ്യ ഇരട്ടിയായേക്കും. അടുത്തിടെ എലിപ്പനി ബാധിച്ച് പത്തു പേർ മരിച്ചതായും പറയുന്നുണ്ട്.
കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾ അടക്കം പകർച്ചവ്യാധികളുടെ ഭീഷണിക്കു കാരണമായിട്ടുണ്ടാവാം. പനിയല്ലേ, സ്വയം ചികിത്സിക്കാം എന്ന ധാരണയിൽ മരുന്നു വാങ്ങി കഴിച്ച് രോഗം ഭേദമാക്കാൻ ശ്രമിക്കുന്നത് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്. സ്വയം ചികിത്സ ഒഴിവാക്കാൻ രോഗബാധിതർ തയാറാവേണ്ടതാണ്. വിപുലമായ ചികിത്സാ സംവിധാനങ്ങളാണ് സർക്കാർ തലത്തിൽ നമുക്കുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളെജുകൾ വരെയുള്ള ശൃംഖലയുടെ കാര്യക്ഷമമായ പ്രവർത്തനം ഈ ഘട്ടത്തിൽ അനിവാര്യമാണ്. അത് ഉപയോഗപ്പെടുത്താൻ രോഗബാധിതരും തയാറാവേണ്ടതാണ്. കുട്ടികളും പ്രായമായവരും പ്രത്യേക ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പും അവഗണിക്കരുത്.
സംസ്ഥാനത്ത് ആവർത്തിച്ച് ഡെങ്കിപ്പനിയുടെ ഭീഷണി ഉണ്ടാവുന്നത് ആരോഗ്യ മേഖലയിലെ വിദഗ്ധർ ഗൗരവത്തിൽ എടുക്കേണ്ടതാണ്. ഒരു തവണ ഡെങ്കി ബാധിച്ചവരിൽ വീണ്ടും ബാധിക്കുമ്പോൾ ഗുരുതരാവസ്ഥയിലേക്കു പോകാനുള്ള സാധ്യതയേറുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാൽ തന്നെ ആവർത്തിച്ചുള്ള രോഗഭീഷണിക്കു ഗൗരവമേറുന്നു. കഴിഞ്ഞ ദിവസം മാത്രം എറണാകുളത്ത് 31 പേർക്കു ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പതിനഞ്ചു പേർക്കു വീതവും തൃശൂരിൽ പത്തു പേർക്കും ഡെങ്കി സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. എറണാകുളം ജില്ലയിൽ നിരവധിയാളുകൾക്ക് ഡെങ്കിപ്പനി ബാധിച്ചത് ഏതാനും മാസങ്ങൾ മുൻപാണ്. പ്രതിദിനം അമ്പതിലേറെ പേർക്ക് ജില്ലയിൽ ഡെങ്കി ബാധിക്കുന്ന സാഹചര്യമുണ്ടായിരുന്നു.
രാജ്യത്ത് ഏറ്റവുമധികം ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണെന്നും അതിൽ തന്നെ എറണാകുളമാണു മുന്നിലെന്നും ആരോഗ്യ മേഖലയിലെ വിദഗ്ധർ അന്നു ചൂണ്ടിക്കാണിക്കുകയുണ്ടായി. കൊച്ചി കോർപ്പറേഷൻ മേഖലയിലും തൃക്കാക്കരയിലും കോതമംഗലം, പെരുമ്പാവൂർ, കളമശേരി, പിറവം, തൃപ്പൂണിത്തുറ തുടങ്ങിയ മേഖലകളിലും ഡെങ്കി ഭീഷണി ഉണ്ടായിരുന്നു. ഇപ്പോൾ വീണ്ടും ഇതേ ഭീഷണി ഉയർന്നു വരുന്നത് ആരോഗ്യ മേഖലയ്ക്ക് അവഗണിക്കാനാവുന്നതല്ല. ഡെങ്കി ഭീതി വിട്ടൊഴിയാത്ത സംസ്ഥാനമായി കേരളം മാറുന്നതു പ്രതിരോധിക്കാൻ എന്തൊക്കെ അടിയന്തര നടപടികളാണ് ആവശ്യമായിട്ടുള്ളതെന്നു വിലയിരുത്തി ഉചിതമായ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തേണ്ടിയിരിക്കുന്നു.