കാർഷിക മേഖലയ്ക്കായി ധൻ-ധാന്യ കൃഷി യോജന
ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലാണു കാർഷിക മേഖല. 45 ശതമാനത്തോളം ആളുകളും തൊഴിലിനായി ആശ്രയിക്കുന്നത് ഈ മേഖലയെയാണ്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 16 ശതമാനവും കാർഷിക മേഖലയിൽ നിന്നുള്ളത്. രാജ്യത്തിനു ഭക്ഷണം ഒരുക്കുന്ന കർഷകർക്കു പക്ഷേ, അർഹതപ്പെട്ട പരിഗണന കിട്ടുന്നില്ലെന്നതു വർഷങ്ങളായി നിലനിൽക്കുന്ന യാഥാർഥ്യമാണ്. മാറി മാറി വന്ന സർക്കാരുകൾ നിരവധിയായ പദ്ധതികൾ കർഷക ക്ഷേമം ലക്ഷ്യമാക്കി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും അതുവഴി സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനുമുള്ള പരിശ്രമങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തുടരേണ്ടതുണ്ട്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളുടെ വികസനത്തിന് കാർഷിക- അനുബന്ധ മേഖലകളിൽ പുരോഗതിയുണ്ടാവേണ്ടതുണ്ട്. പല വ്യവസായങ്ങൾക്കുമുള്ള അസംസ്കൃത വസ്തുക്കളാണ് കാർഷികോത്പന്നങ്ങൾ എന്നു കൂടി ഓർക്കണം.
മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകളെക്കുറിച്ച് അടുത്തിടെ പുറത്തുവന്ന കണക്കുകൾ വിരൽചൂണ്ടുന്നത് കാർഷിക മേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ്. സർക്കാരുകൾ അത് വളരെ ഗൗരവമായി എടുക്കേണ്ടതുണ്ട്. കാലാവസ്ഥ ചതിക്കുന്നതുകൊണ്ടുണ്ടാവുന്ന വിളനാശം, ജലസേചന സൗകര്യങ്ങളിലെ അപര്യാപ്തത, കൃഷിച്ചെലവിന് അനുസൃതമായുള്ള വില കിട്ടാത്തത് തുടങ്ങി പ്രശ്നങ്ങൾ പലതാണ്. കർഷക കുടുംബങ്ങൾക്കു പ്രതിവർഷം 6000 രൂപ നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കിസാൻ സമ്മാൻ നിധി അടക്കം പദ്ധതികൾ നിലവിൽ വന്ന ശേഷവും കർഷകരുടെ അവസ്ഥ മെച്ചപ്പെടാനിരിക്കുന്നതേയുള്ളൂ.
ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭ പുതിയൊരു പദ്ധതിക്കു കൂടി അംഗീകാരം നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന (പിഎംഡിഡികെവൈ)യ്ക്ക് 24,000 കോടി രൂപയുടെ വാർഷിക വിഹിതമാണു നീക്കിവയ്ക്കുന്നത്. 2025-26ലെ കേന്ദ്ര ബജറ്റിൽ ആദ്യമായി പ്രഖ്യാപിച്ച ഈ പദ്ധതി തെരഞ്ഞെടുത്ത 100 കാർഷിക ജില്ലകളിലെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ്. 11 മന്ത്രാലയങ്ങളിലായുള്ള 36 കേന്ദ്ര പദ്ധതികളെ സംയോജിപ്പിക്കുന്നതാണ് ആറു വർഷത്തേക്കുള്ള ഈ പദ്ധതി. സംസ്ഥാന പദ്ധതികളും സ്വകാര്യ മേഖലയുമായുള്ള പ്രാദേശിക പങ്കാളിത്തവും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. വിവിധ പദ്ധതികളുടെ ഏകോപനത്തിലൂടെ കാർഷിക വളർച്ച ഉറപ്പാക്കാനാണു സർക്കാരിന്‍റെ ലക്ഷ്യം.
ഇതിലൂടെ 1.7 കോടി കർഷകർക്കു നേരിട്ടു പ്രയോജനം ലഭിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു. കുറഞ്ഞ ഉത്പാദന ക്ഷമതയും കുറഞ്ഞ വായ്പാ വിതരണവും നടക്കുന്ന 100 ജില്ലകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുക. ഓരോ സംസ്ഥാനത്തുനിന്നും കുറഞ്ഞത് ഒരു ജില്ലയെങ്കിലും പദ്ധതിയിൽ ഉൾപ്പെടുമെന്നാണു പറയുന്നത്. ലക്ഷ്യങ്ങൾ ചിന്നിച്ചിതറി പോകാതെ ഒരുമിപ്പിച്ചെടുത്ത് കർഷകക്ഷേമത്തിനു വഴി തെളിക്കാൻ പുതിയ നീക്കത്തിനു കഴിയുമെന്നു പ്രതീക്ഷിക്കുക.
കാർഷിക ഉത്പാദനം വർധിപ്പിക്കുക, വിള വൈവിധ്യവത്കരണം നടപ്പാക്കുക, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ സ്റ്റോറെജ് സൗകര്യം വർധിപ്പിക്കുക, ജലസേചന സൗകര്യം വർധിപ്പിക്കുക, ഹ്രസ്വകാല- ദീർഘകാല വായ്പകൾ ലഭ്യമാക്കുക തുടങ്ങിയവയെല്ലാം ഈ പദ്ധതിയുടെ ലക്ഷ്യമാണ്. കാർഷിക മേഖലയിൽ പിന്നാക്കം നിൽക്കുന്ന ജില്ലകളിൽ ഉത്പാദനം വർധിപ്പിക്കുന്നതിനു പദ്ധതി സഹായിക്കും. ഇതുവഴി കർഷകരുടെ വരുമാനവും വർധിക്കും. കന്നുകാലികൾ, പാലുത്പന്നങ്ങൾ, മത്സ്യബന്ധനം തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാവും. പദ്ധതിയുടെ ഫലപ്രദമായ ആസൂത്രണം, നടപ്പാക്കൽ, നിരീക്ഷണം എന്നിവയ്ക്കായി ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ സമിതികളുണ്ടാവുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും അർഹതയുള്ളവരെ തന്നെ ഈ സമിതികളിൽ ഉൾപ്പെടുത്താൻ കഴിയണം. കർഷകരുടെയും കാർഷിക മേഖലയുടെയും പ്രശ്നങ്ങൾ അറിയുന്നവരും അതിനു പരിഹാരം കാണാൻ താത്പര്യമുള്ളവരും സമിതി അംഗങ്ങളാവണം. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ഓരോ ജില്ലയിലും കേന്ദ്ര നോഡൽ ഓഫിസർമാരെ നിയോഗിക്കുന്നുണ്ട്. നീതി ആയോഗ് ജില്ലാ പദ്ധതികൾക്കു വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും പദ്ധതികൾ നിരന്തരം വിലയിരുത്തുകയും ചെയ്യും. ദേശീയ ലക്ഷ്യങ്ങളോടു ചേരുന്ന തരത്തിലുള്ള ജില്ലാതല ആസൂത്രണം ഉണ്ടാവേണ്ടതുണ്ട്. കർഷകരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കേണ്ടതുണ്ട്. നീതി ആയോഗിന്‍റെ ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കാർഷിക മേഖലയ്ക്കു വേണ്ടിയുള്ള പുതിയ പദ്ധതിയും നടപ്പാക്കുന്നത്.
രാജ്യത്തെ 112 പിന്നാക്ക ജില്ലകളെ വികസന പാതയിലേക്കു കൊണ്ടുവരാനും അതുവഴി ആഗോളതലത്തിൽ രാജ്യത്തിന്‍റെ പുരോഗതി സൂചിക മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് 2018ൽ ആരംഭിച്ചതാണ് ആസ്പിരേഷണൽ ജില്ലാ പദ്ധതി. ദേശീയ-സംസ്ഥാന- പ്രാദേശിക പദ്ധതികളുടെ കേന്ദ്രീകരണവും ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനവും ഈ പദ്ധതിയുടെയും പ്രത്യേകതയാണ്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയൊക്കെ ആസ്പിരേഷണൽ ജില്ലാ പദ്ധതിയുടെ ഭാഗമാണ്. ഇതിന്‍റെ ചുവടുപിടിച്ച് കാർഷിക രംഗത്തിനു മാത്രമായി പുതിയ പദ്ധതി നടപ്പാക്കുമ്പോൾ ഗ്രാമങ്ങളുടെ പുരോഗതിക്ക് ആക്കം കൂടുമെന്നു കരുതാം.