ഡൽഹി സ്ഫോടനം: മുഴുവൻ വിവരങ്ങളും പുറത്തുവരട്ടെ

 
Editorial

ഡൽഹി സ്ഫോടനം: മുഴുവൻ വിവരങ്ങളും പുറത്തുവരട്ടെ

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടാണ് തിങ്കളാഴ്ച വൈകിട്ട് ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്കു സമീപം ചുരുങ്ങിയതു 12 പേരുടെ ജീവനെടുത്ത വൻ സ്ഫോടനമുണ്ടായത്

Aswin AM

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടാണ് തിങ്കളാഴ്ച വൈകിട്ട് ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്കു സമീപം ചുരുങ്ങിയതു 12 പേരുടെ ജീവനെടുത്ത വൻ സ്ഫോടനമുണ്ടായത്. അതൊരു ബോംബ് സ്ഫോടനമാണെന്നും പിന്നിൽ ഭീകരരാണെന്നും അന്വേഷണ ഏജൻസികൾ പൊതുവേ കരുതുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. വിശദമായ അന്വേഷണം നടന്നുവരികയാണ്. സർക്കാരും അന്വേഷണ ഏജൻസികളും സ്ഫോടനത്തിനു പിന്നിലെ മുഴുവൻ വിവരങ്ങളും കൃത്യമായി കണ്ടെത്തുന്നതിനുള്ള പരിശ്രമങ്ങളിലാണ്. പൊട്ടിത്തെറിച്ച കാറിന്‍റെ അവശിഷ്ടങ്ങളിൽ നിന്ന് ആരംഭിച്ച അന്വേഷണം അന്തർ സംസ്ഥാന ഭീകര സംഘത്തിലാണ് എത്തിനിൽക്കുന്നതെന്നു പൊലീസ് വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്. സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്നുവെന്നു സംശയിക്കുന്ന ജമ്മു കശ്മീരിലെ പുൽവാമയിൽ നിന്നുള്ള ഡോക്റ്റർ ഉമർ നബിക്ക് ഭീകരരുമായി ബന്ധമുണ്ടെന്നാണു കരുതുന്നത്. ഡൽഹിക്കു സമീപം ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തതിന്‍റെ തൊട്ടുപിന്നാലെയാണ് ഡൽഹിയിലെ ജനത്തിരക്കേറിയ പ്രദേശത്തു വൻ സ്ഫോടനമുണ്ടായത്. ഞായറാഴ്ച ഉത്തർപ്രദേശിൽ അറസ്റ്റിലായ ജമ്മു കശ്മീർ സ്വദേശിയായ ഡോക്റ്ററിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫരീദാബാദിൽ റെയ്ഡ് നടത്തിയാണ് ഇത്രയേറെ സ്ഫോടക വസ്തുക്കൾ പിടികൂടിയത്. ജമ്മു കശ്മീർ, ഹരിയാന, യുപി സംസ്ഥാനങ്ങളിലായുള്ള ഭീകര സംഘത്തിലുൾപ്പെട്ട മൂന്നു ഡോക്റ്റർമാരടക്കം എട്ടുപേർ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ഈ സംഘത്തിൽ ഉൾപ്പെട്ടയാളാണ് കാർ ഓടിച്ചിരുന്ന ഡോക്റ്റർ ഉമർ എന്നാണു പറയുന്നത്. ഇയാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്നാണു കരുതുന്നത്. ഭീകരസംഘം പിടിക്കപ്പെടുന്നുവെന്നു കണ്ടപ്പോൾ പരിഭ്രാന്തനായാണ് ഉമർ സ്ഫോടനത്തിനു പദ്ധതിയിട്ടതെന്നു കരുതുന്നവരുണ്ട്. ആരൊക്കെയാണ് ഇയാളുടെ കൂട്ടാളികൾ എന്നതടക്കം ഇനിയും ഏറെ വിവരങ്ങൾ പുറത്തുവരേണ്ടതായിട്ടുണ്ട്. കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)ക്ക‌ു കൈമാറിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആക്രമണത്തിന്‍റെ ഉത്തരവാദികളെ വെറുതേ വിടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനം സംബന്ധിച്ചും ഭീകര സംഘത്തിലെ കണ്ണികളെ സംബന്ധിച്ചുമുള്ള മുഴുവൻ വിവരങ്ങളും എത്രയും വേഗം കണ്ടെത്തി ശക്തമായ നടപടികളെടുക്കാൻ ബന്ധപ്പെട്ടവർക്കു കഴിയട്ടെ. സ്ഫോടനത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ജനങ്ങളെ അറിയിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാഗ്ദാനം നൽകിയിരിക്കുന്നത്. ജനങ്ങളുടെ ആശങ്ക ഒഴിവാക്കാൻ സർക്കാരിനു കഴിയണം. എന്താണു സംഭവിച്ചതെന്ന് ജനങ്ങൾക്കു മനസിലാവുകയും വേണം.

ഡൽഹിയിൽ അതീവ സുരക്ഷയുള്ള പ്രദേശത്താണ് ഇത്തരത്തിലൊരു വൻ സ്ഫോടനമുണ്ടായിരിക്കുന്നത്. ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്ക് മാർക്കറ്റിനും സമീപം ചെങ്കോട്ട മെട്രൊ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിനടുത്ത് സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിലാണ് വലിയ ശബ്ദത്തോടെ കാറിൽ പൊട്ടിത്തെറിയുണ്ടായി തീഗോളമുയരുന്നതും അടുത്തുള്ള വാഹനങ്ങൾ അടക്കം കത്തുന്നതും. ഏതു സമയത്തും ജനത്തിരക്കുള്ള പ്രദേശമാണിത്. ചെങ്കോട്ടയുടെ ചരിത്രപ്രാധാന്യം എല്ലാവർക്കും അറിയാം. രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നാണു ചാന്ദ്നി ചൗക്കിലേത്. പ്രത്യേകിച്ച് സ്ഫോടനമുണ്ടായ വൈകുന്നേരം സമയം ടൂറിസ്റ്റുകൾ അടക്കം നിരവധിയാളുകൾ ഈ പ്രദേശത്തുണ്ടാവും. കനത്ത സുരക്ഷാ സംവിധാനങ്ങൾ ഇവിടെയുണ്ടാവുന്നതും സാധാരണമാണ്. സ്ഫോടനമുണ്ടായ ഹരിയാന രജിസ്ട്രേഷനുള്ള ഐ20 കാർ മൂന്നു മണിക്കൂറോളം സമയം ഈ പ്രദേശത്തു പാർക്ക് ചെയ്തിരുന്നു എന്നാണു കണ്ടെത്തിയിരിക്കുന്നത്. അതിനു ശേഷം ട്രാഫിക് സിഗ്നലിലേക്കു പതുക്കെ നീങ്ങിയപ്പോഴാണു പൊട്ടിത്തെറിയുണ്ടാവുന്നത്. വലിയൊരു ദുരന്തത്തിനുള്ള സാധ്യത ഉറപ്പിച്ചാണ് സ്ഫോടനത്തിനുള്ള സ്ഥലവും സമയവും തെരഞ്ഞെടുത്തതെന്നു വേണം കരുതാൻ.

സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ ഭാഗമായി കശ്മീരിലും ഡൽഹിയിലും റെയ്ഡുകൾ നടക്കുന്നുണ്ട്. ചിലർ അറസ്റ്റിലായിട്ടുണ്ട്. ചെങ്കോട്ടയ്ക്കു സമീപമുള്ള പ്രദേശങ്ങളിലെ സിസിടിവികൾ സുക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഡൽഹിയിൽ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി പൊലീസും സുരക്ഷാ സംവിധാനങ്ങളും ജാഗ്രത പുലർത്തുന്നുണ്ട്. ഭീകരർക്കെതിരേ അതിശക്തമായ നിലപാടു സ്വീകരിക്കുക എന്നതു രാജ്യത്തിന്‍റെ ആവശ്യമാണ്. ചെങ്കോട്ടയിൽ മുൻപും ഭീകരരുടെ ഭീഷണി ഉണ്ടായിട്ടുണ്ട്. 2000 ഡിസംബറിൽ ലഷ്കർ- ഇ- തൊയ്ബ ഇവിടെ നടത്തിയ ഭീകരാക്രമണത്തിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരടക്കം മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്‍റെ നടുക്കുന്ന ഓർമകൾ നിലനിൽക്കുമ്പോൾ തന്നെയാണ് ഇപ്പോൾ ചെങ്കോട്ടയിലും ഭീകരപദ്ധതി മനുഷ്യ ജീവനെടുക്കുന്നത്. ഭീകരപ്രവർത്തനം നാടിനും ജനങ്ങൾക്കും ദോഷം മാത്രമേയുണ്ടാക്കൂ. അതുകൊണ്ടുതന്നെ അതിനു രാജ്യത്ത് എവിടെയും ആരും പ്രോത്സാഹനം നൽകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്.

ഡൽഹി സ്ഫോടനം ചാവേറാക്രമണമല്ല; പരിഭ്രാന്തിയിലുണ്ടായതെന്ന് ഉന്നത വൃത്തങ്ങൾ

ശബരിമല സ്വർണക്കൊള്ള; എൻ. വാസു റിമാൻഡിൽ, കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും

എൻ. വാസു അറസ്റ്റിലായതോടെ സിപിഎം നേതൃത്വത്തിന്‍റെ പങ്ക് വ‍്യക്തമായെന്ന് വി.ഡി. സതീശൻ

ചെങ്കോട്ട സ്ഫോടനം; ഡൽഹി സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചു

ബിഹാറിൽ ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ; കിങ് മേക്കറാകാതെ പ്രശാന്ത് കിഷോർ