തെരഞ്ഞെടുപ്പു ചൂടിൽ സംഘർഷം വളർത്തരുത്

 
Editorial

തെരഞ്ഞെടുപ്പു ചൂടിൽ സംഘർഷം വളർത്തരുത്

കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കനുസരിച്ച് സംസ്ഥാനത്തെ 23,576 വാർഡുകളിലായി മത്സരിക്കുന്നത് 75,632 സ്ഥാനാർഥികളാണ്

MV Desk

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ചൂടേറിവരുന്ന ദിവസങ്ങളാണിനി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസവും കഴിഞ്ഞുപോയതോടെ തെരഞ്ഞെടുപ്പു ചിത്രം വ്യക്തമായിട്ടുണ്ട്. ഏതാനും മാസങ്ങൾക്കകം നിയമസഭാ തെരഞ്ഞെടുപ്പു കൂടി വരുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ കക്ഷികളും മുന്നണികളും പരമാവധി വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു കൂടുതൽ ആവേശം പകരുമെന്ന് എല്ലാ പാർട്ടികളും പ്രതീക്ഷിക്കുന്നു. നിലവിലുള്ളവ നിലനിർത്താനും കഴിഞ്ഞ തവണ കൈമോശം വന്നവ പിടിച്ചെടുക്കാനുമുള്ള വാശിയോടെ എല്ലാ കക്ഷികളും പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ്. എൽഡിഎഫും യുഡിഎഫും എന്‍ഡിഎയും അവയിലെ പാർട്ടികളും നേതാക്കളും പ്രചാരണ രംഗത്തു സജീവമാവുന്നു. ഡിസംബർ ഒമ്പതിനാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ വോട്ടെടുപ്പ്. ഡിസംബർ പതിനൊന്നിന് തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വോട്ടെടുപ്പു നടക്കും. ഡിസംബർ 13നാണു വോട്ടെണ്ണുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കനുസരിച്ച് സംസ്ഥാനത്തെ 23,576 വാർഡുകളിലായി മത്സരിക്കുന്നത് 75,632 സ്ഥാനാർഥികളാണ്. കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ 21,865 വാർഡുകളിലായി 75,013 സ്ഥാനാർഥികളുണ്ടായിരുന്നു. സ്ഥാനാർഥികളുടെ അന്തിമ പട്ടികയനുസരിച്ച് പുരുഷന്മാരെക്കാൾ കൂടുതൽ വനിതകൾ മത്സരരംഗത്തുണ്ട്. 39,604 സ്ത്രീകളും 36,027 പുരുഷൻമാരുമാണു മത്സരിക്കുന്നത്. ഒരു ട്രാൻസ്ജെൻഡറും മത്സരരംഗത്തുണ്ട്. വനിതാ സംവരണം സ്ത്രീകൾക്കു പൊതുരംഗത്തേക്കു കടന്നുവരാൻ കൂടുതൽ സാധ്യതകൾ നൽകുന്നു എന്നതിനൊപ്പം സ്ത്രീ ശാക്തീകരണത്തിനു സഹായമായി തീരുകയും ചെയ്യുന്നു. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് മലപ്പുറം ജില്ലയിലാണ്. 8,378 സ്ഥാനാർഥികളാണ് അവിടെയുള്ളത്. ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത് വയനാട്ടിലാണ്- 1,967.‌ തൃശൂർ, എറണാകുളം ജില്ലകളിൽ ഏഴായിരത്തിലധികം സ്ഥാനാർഥികളുണ്ട്. കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ ആറായിരത്തിലേറെ പേർ വീതമുണ്ട്. ക‍ണ്ണൂർ, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ അയ്യായിരത്തിലേറെയാണു സ്ഥാനാർഥികളുള്ളത്. പത്തനംതിട്ടയിലും ഇടുക്കിയിലും മൂവായിരത്തിലേറെയും കാസർഗോഡ് മൂവായിരത്തിൽ താഴെയുമാണു മത്സരാർഥികൾ.

പത്രിക പിൻവലിക്കാനുള്ള സമയം തീർന്ന ശേഷവും വിമതർ വിവിധ കക്ഷികളുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കു ഭീഷണിയാവുന്ന സാഹചര്യം പലയിടത്തുമുണ്ട്. പതിനാലു ജില്ലകളിലുമായി നാഞ്ഞൂറിലേറെ വിമതർ മുന്നണികൾക്കു തലവേദന സൃഷ്ടിക്കുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. വി​മ​ത​രും പ​ര​സ്പ​രമുള്ള കാ​ലു​വാ​ര​ലു​ക​ളും ഉ​ള്‍പ്പോ​രു​ക​ളും മുന്നണികളെ ഏതു വിധത്തിലൊക്കെ ബാധിക്കുമെന്നു ഫലം വരുമ്പോഴേ വ്യക്തമാവൂ. വി​മ​ത​ര്‍ പി​ന്‍വാ​ങ്ങി​യി​ല്ലെ​ങ്കി​ല്‍ പാ​ര്‍ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നു നേ​ര​ത്തെ തന്നെ മു​ന്ന​ണി നേതൃത്വങ്ങൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അതൊന്നും ഗൗനിക്കാതെ മത്സരരംഗത്തു തുടരുന്നവർ ഒരു വിജയം നൽകാവുന്ന രാഷ്ട്രീയ സാധ്യതകളുടെ വിലയിരുത്തലുകൾ നടത്തുന്നുണ്ടാവാം. തനിക്കു സീറ്റ് നൽകാതെ പാർട്ടി വഞ്ചിച്ചു എന്ന തോന്നലുള്ളവർ തന്‍റെ വിജയത്തെക്കാൾ പാർട്ടി സ്ഥാനാർഥിയുടെ പരാജയം കണക്കുകൂട്ടി ഉറച്ചുനിൽക്കുന്നതുമാവാം. എന്തായാലും ഇനി പ്രചാരണം ശക്തമാവുന്ന നാളുകളാണ്. സ്വാഭാവികമായും തെരഞ്ഞെടുപ്പിന്‍റെ ആവേശവുമേറും. അതു പരസ്പരമുള്ള ശത്രുതകൾക്കും സംഘർഷങ്ങൾക്കും വഴിവയ്ക്കാതെ നോക്കേണ്ടതുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെയാണ് പല സ്ഥാനാർഥികളുടെ പിന്തുണക്കാരായി രംഗത്തുവരുന്നത്. എല്ലാവരും ചുറ്റുവട്ടത്തുള്ളവർ തന്നെയാണ്. വോട്ടെടുപ്പു കഴിഞ്ഞാൽ ഒന്നിച്ചു ജീവിക്കേണ്ടവരാണ് എന്ന ബോധ്യം എല്ലാവർക്കും ഉണ്ടാവണം. സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക നേതൃത്വങ്ങൾ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. പ്രവർത്തകരെ തമ്മിലടിക്കാൻ പ്രോത്സാഹിപ്പിക്കുകയല്ല, സമാധാനപരമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയാണു വേണ്ടത്.

മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിലും ശ്രദ്ധയുണ്ടാവേണ്ടതുണ്ട്. തെരഞ്ഞെടുപ്പു വേളയില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയാറാക്കിയിട്ടുള്ള മാര്‍ഗനിർദേശങ്ങളാണു മാതൃകാ പെരുമാറ്റച്ചട്ടത്തിലുള്ളത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ഇതു കൃത്യമായി പാലിക്കേണ്ടതുണ്ട്. ഇതു പ്രകാരം ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പു കുറ്റകൃത്യങ്ങള്‍, കള്ളവോട്ട്, വോട്ടര്‍മാര്‍ക്കു പണം നല്‍കി സ്വാധീനിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നടപടി തെരഞ്ഞെടുപ്പു കമ്മിഷന്‍ സ്വീകരിക്കും. ജാതിയുടെയോ സമുദായത്തിന്‍റെയോ ഭാഷയുടെയോ പേരിൽ വോട്ട് ചോദിക്കുകയോ മതസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കുകയോ ചെയ്യരുത് എന്നതാണു ചട്ടം. മതപരമോ വംശപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതും പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണ പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതാണ്. മറ്റു സ്ഥാനാർഥികളുടെയോ പ്രവർത്തകരുടെയോ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമർശനങ്ങളും പാടില്ല. രാഷ്ട്രീയ എതിരാളികൾക്കും പ്രവർത്തിക്കാനുള്ള അവസരം തടയാതിരിക്കുന്നതാണു ജനാധിപത്യത്തിന്‍റെ കരുത്ത്.

''ഉപദേശിക്കാൻ ധാർമികതയില്ല'': രാമക്ഷേത്രത്തിൽ പതാക ഉയർത്തിയതിനെതിരായ പാക് വിമർശനം തള്ളി ഇന്ത്യ

തൃശൂരിൽ ഗർഭിണി പൊള്ളലേറ്റു മരിച്ച നിലയിൽ; മൃതദേഹം വീടിന് പിന്നിലെ കാനയിൽ

തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് 33,711 പോളിങ് സ്റ്റേഷനുകൾ

സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; 2 കുട്ടികൾ മരിച്ചു

2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; അഹമ്മദാബാദ് വേദിയാവും