ഒമ്പതു പതിറ്റാണ്ടുകൾക്കു മുൻപ് മഹാകവി വള്ളത്തോളിന്‍റെ നേതൃത്വത്തിൽ രൂപം കൊടുത്ത കേരള കലാമണ്ഡലം പിന്നീട് മലയാള നാടിന്‍റെ അഭിമാനമായി വളരുകയായിരുന്നു. കേരളീയ കലകളുടെ മാറ്റ് കുറയാതെ തലമുറകളിലേക്കു പകർന്നുനൽകുകയെന്ന മഹത്തായ ലക്ഷ്യത്തിൽ അടിയുറച്ചു പ്രവർത്തിക്കുന്ന തൃശൂർ ചെറുതുരുത്തിയിലെ ഈ സ്ഥാപനം ഇന്നൊരു കൽപ്പിത സർവകലാശാലയാണ്. കഥകളിയും മോഹിനിയാട്ടവും കൂടിയാട്ടവും തുള്ളലും നങ്ങ്യാർകൂത്തും പഞ്ചവാദ്യവും എല്ലാം ഇവിടെ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നു. കലാ അധ്യയനത്തിനൊപ്പം അക്കാഡമിക് പഠനത്തിനും ഇവിടെ സൗകര്യമുണ്ട്.
ഗുരുകുല സമ്പ്രദായത്തിലാണു പഠനം. ഇതിനായി പ്രത്യേകം കളരികളുണ്ട്. നാട്യശാസ്ത്ര വിധിപ്രകാരം നിർമിച്ച ഇവിടുത്തെ കൂത്തമ്പലം എത്രയോ പ്രമുഖരുടെ കലാപ്രദർശനങ്ങൾക്കു വേദിയായിട്ടുണ്ട്. ഇവിടെ പഠിച്ചു വളർന്ന പ്രഗത്ഭരായ എത്രയോ കലാകാരൻമാർ ഈ മലയാളനാടിന്‍റെ പേരും പ്രശസ്തിയും ഉയർത്തിയിട്ടുണ്ട്. കേരളത്തിന്‍റെ സാംസ്കാരിക ചിഹ്നങ്ങളിൽ പ്രധാനം തന്നെയാണു കലാമണ്ഡലം.
അങ്ങനെയൊരു മഹത്തായ സ്ഥാപനത്തെ തകർക്കാനുള്ള നീക്കങ്ങൾ അധികാരികളുടെ ഭാഗത്തുനിന്നു തന്നെ ഉണ്ടായാൽ അതിശക്തമായി അതിനെ ചെറുക്കുക തന്നെ വേണം. അതു കലാമണ്ഡലവുമായി ബന്ധപ്പെട്ടവരുടെ മാത്രം ഉത്തരവാദിത്വമല്ല, മുഴുവൻ മലയാളികളുടേതുമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായതുപോലൊരു പ്രശ്നം ഇനി കലാമണ്ഡലത്തിൽ ആവർത്തിച്ചുകൂടാ. സാമ്പത്തിക പ്രതിസന്ധി ഈ സ്ഥാപനത്തെ ബാധിക്കാനും പാടില്ല. കലാമണ്ഡലത്തെ പൂർണമായും കാത്തുസൂക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്. അതിനു കഴിയില്ല എന്നാണെങ്കിൽ പലരും ആവശ്യപ്പെടുന്നതുപോലെ കേന്ദ്ര സർക്കാരിനു കൈമാറണം. ഒരിക്കലും അടച്ചുപൂട്ടൽ ഭീഷണി കലാമണ്ഡലത്തെ തുറിച്ചു നോക്കാൻ അനുവദിക്കരുത്. കഴിഞ്ഞതെല്ലാം വിലപ്പെട്ട പാഠമായി മാറണം.
1957ൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനമാക്കിയതാണു കലാമണ്ഡലം. 2006ൽ ഡീംഡ് സർവകലാശാലാ പദവി ലഭിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകാനും മറ്റും ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്കു വരുമാനം കണ്ടെത്തണമെന്ന് കഴിഞ്ഞ മാസം ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണു കലാമണ്ഡലത്തിന്‍റെ പ്രവർത്തനം അവതാളത്തിലേക്കു നീങ്ങിയത്. ശമ്പളമടക്കം പ്രതിമാസം 80 ലക്ഷം രൂപ കലാമണ്ഡലത്തിന് ആവശ്യമുണ്ട്. കഴിഞ്ഞ മാസം സാംസ്കാരിക വകുപ്പിൽ നിന്നു ലഭിച്ചത് 50 ലക്ഷം രൂപ മാത്രമാണത്രേ. കഴിഞ്ഞ കുറേ മാസങ്ങളായി ശമ്പളം മുടങ്ങുക പതിവായിരുന്നുവെന്നും ജീവനക്കാർ പറയുന്നുണ്ട്. ഇതിനിടെയാണു താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയുണ്ടായത്. അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 125 ജീവനക്കാരെ മുന്നറിയിപ്പില്ലാതെ ഒരുമിച്ചു പിരിച്ചുവിടുകയായിരുന്നു. ഇവരിൽ 69 അധ്യാപകരും ഉൾപ്പെട്ടിരുന്നു. പത്തു വർഷത്തിലധികമായി ജോലി ചെയ്യുന്നവരും പിരിച്ചുവിട്ടവരിലുണ്ട്.
താത്കാലിക ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചുകൊണ്ടുള്ള രജിസ്ട്രാറുടെ ഉത്തരവ് ഇറങ്ങിയതിനെത്തുടർന്ന് പ്രതിഷേധം ശക്തമായി. കലാമണ്ഡലത്തിലെ പല ഡിപ്പാർട്ടുമെന്‍റുകളിലും ഇപ്പോൾ സ്ഥിരം അധ്യാപകരില്ല. താത്കാലികക്കാരെ പറഞ്ഞുവിടുക കൂടി ചെയ്താൽ ഫലം പ്രവർത്തനം സ്തംഭിക്കുക എന്നതാണ്. സ്വാഭാവികമായും ക്ലാസുകളെ ബാധിക്കും. ഈ സ്ഥാപനത്തിന്‍റെ തകർച്ചയ്ക്കും അതു കാരണമാവും. ജീവനക്കാരില്ലാതെ ഭംഗിയായി മുന്നോട്ടുപോകാൻ കലാമണ്ഡലത്തിനു കഴിയില്ല. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കുകയാണെന്ന് വൈസ് ചാൻസലർ അറിയിച്ചിട്ടുണ്ട്. പിരിച്ചുവിടൽ ഉത്തരവു പിൻവലിക്കാൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ വിസിക്കു നിർദേശം നൽകിയെന്നും പറയുന്നു. എന്തായാലും സർക്കാർ ഇടപെടൽ സ്വാഗതാർഹമാണ്. ജീവനക്കാരിൽ ഉളവായിട്ടുള്ള അനിശ്ചിതത്വം ഇല്ലാതാക്കുന്നതിന് അടിയന്തര നടപടികൾ ഇനി ഉണ്ടാവേണ്ടതുണ്ട്.
കലാമണ്ഡലത്തെ സമ്പൂർണ സാംസ്കാരിക സർവകലാശാലയാക്കുമെന്നും കൂടുതൽ കലാവിഷയങ്ങൾ അവിടെ പഠിപ്പിക്കുമെന്നുമൊക്കെ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. അടുത്ത വർഷം നാലുവർഷ ബിരുദ കോഴ്സ് തുടങ്ങാനും പദ്ധതിയുണ്ടെന്നു കേട്ടിരുന്നു. പുതിയ പദ്ധതികൾ സംബന്ധിച്ച രൂപരേഖ കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായ്, വിസി ഡോ. ബി. അനന്തകൃഷ്ണൻ എന്നിവർ സർക്കാരിനു നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തനിമ നഷ്ടപ്പെടാതെ കലാമണ്ഡലത്തിന്‍റെ വികസനമാണു സർക്കാരിന്‍റെ ലക്ഷ്യമെന്നും പറഞ്ഞു കേട്ടിരുന്നതാണ്. ഇതിനിടയിലാണ് ഉള്ളതു കൂടി ഇല്ലാതാക്കുന്ന തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നത്. "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന നിലയിലാക്കരുത് ഈ മഹനീയ സ്ഥാപനത്തെ സർക്കാരെന്ന് ആവർത്തിച്ചു പറയേണ്ടിയിരിക്കുന്നു.