തടസങ്ങൾ നീങ്ങട്ടെ, ശബരി പാതയ്ക്ക്|മുഖപ്രസംഗം
കേരളത്തിന്‍റെ റെയ്‌ൽവേ വികസനവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ റെയ്‌ൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ച ഒരു പരിധി വരെയെങ്കിലും ഫലവത്തായി എന്നു വേണം കരുതാൻ. അങ്കമാലി- എരുമേലി ശബരി പാതയുടെ കാര്യത്തിൽ വലിയ പ്രതീക്ഷകളാണ് വീണ്ടും ഉയർന്നിരിക്കുന്നത്. അതിവേഗ റെയ്‌ൽ പാത സിൽവർ ലൈനിന് കേന്ദ്രം അനുമതി നൽകാനുള്ള സാധ്യതയില്ലെന്നാണു സൂചനകൾ. എന്നാൽ, അതിനു ബദലായി മെട്രൊ മാൻ ഇ. ശ്രീധരൻ മുന്നോട്ടുവച്ച സെമി ഹൈസ്പീഡ് പാത കേന്ദ്ര പരിഗണനയിലുണ്ടെന്ന സൂചനയും ഈ കൂടിക്കാഴ്ചയിൽ നിന്നു ലഭിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിച്ച ചർച്ചകൾക്കായി ശ്രീധരൻ ഡൽഹിയിലെത്തുമെന്നും റെയ്‌ൽവേ മന്ത്രിയെ കാണുമെന്നുമാണു പറയുന്നത്. ഇതിനു പുറമേ സംസ്ഥാനത്ത് രണ്ടുവരിക്കപ്പുറം മൂന്നും നാലും പാതകൾക്കായുള്ള പ്രവർത്തനത്തിലാണെന്നും അശ്വിനി വൈഷ്ണവ് സൂചിപ്പിക്കുന്നു. അണ്ടർ ബ്രിഡ്ജുകളും ഓവർ ബ്രിഡ്ജുകളും അടക്കം കേരളത്തിൽ അനുവദിച്ച പദ്ധതികൾക്കു സ്ഥലം ഏറ്റെടുക്കുന്നതിനു സംസ്ഥാന സർക്കാരിന്‍റെ പിന്തുണ റെയ്‌ൽവേ മന്ത്രി തേടിയിട്ടുണ്ട്. റെയ്‌ൽവേയും കേരള സർക്കാരും സഹകരിച്ചു പ്രവർത്തിച്ചാൽ ഈ പദ്ധതികളൊക്കെ വിജയത്തിലെത്തിക്കാം.
ശബരി പാത യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം ഉടൻ കേരളത്തിലെത്തുമെന്നു ചർച്ചയിൽ പങ്കെടുത്ത സംസ്ഥാന മന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കുന്നു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണു കേന്ദ്ര സംഘം എത്തുന്നത്. പാതയുടെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള എല്ലാ തടസങ്ങളും ഇത്തവണ ഒഴിവാകുമെന്നു പ്രതീക്ഷിക്കാം. ദീർഘകാലമായി കേരളം കാത്തിരിക്കുന്ന ഈ പദ്ധതി പല കാരണങ്ങൾ കൊണ്ട് മുടങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നൂറുകണക്കിനു കുടുംബങ്ങളാണു വഴിയാധാരമായിരിക്കുന്നത്. അവർക്കെല്ലാം ആശ്വാസമാവും പദ്ധതി നടപ്പിൽ വരുന്നത്. മറ്റെല്ലാ പദ്ധതികളെക്കാളും മുന്തിയ പരിഗണന റെയ്‌ൽവേയും സംസ്ഥാന സർക്കാരും ഈ പദ്ധതിക്കു തന്നെ നൽകണം. യാത്രക്കാർക്ക് വളരെയധികം ഉപകാരപ്രദമായ പാതയാവും ഇതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അയ്യപ്പ ഭക്തർക്ക് ശബരിമലയിലേക്കുള്ള യാത്രയ്ക്കു സഹായിക്കുന്ന പാത വലിയൊരു പ്രദേശത്തിന്‍റെ വികസനത്തിലും പ്രധാന പങ്കു വഹിക്കും. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലയിൽ പാത വരുത്തുന്ന മാറ്റങ്ങൾ വളരെ വലുതാവും. ഇതിനൊപ്പം ചരക്കുനീക്കത്തിലൂടെ റെയ്‌ൽവേയ്ക്കു നേട്ടമുണ്ടാക്കാൻ സാധിക്കുന്ന പാത കൂടിയാണിത്. തടി വ്യാപാരത്തിന്‍റെ കേന്ദ്രവും അരിമില്ലുകളുടെ കേന്ദ്രവും പൈനാപ്പിൾ, ഏലം, കുരുമുളക്, റബർ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളുടെ കേന്ദ്രങ്ങളും എല്ലാം ഈ പാതയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. വിനോദ സഞ്ചാര മേഖലയ്ക്കും പാത ഗുണകരമാവും.
1997ലെ റെയ്‌ൽവേ ബജറ്റിലാണ് 111 കിലോമീറ്റർ വരുന്ന ശബരി പാത പ്രഖ്യാപിച്ചത്. അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലാമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നീ 14 സ്റ്റേഷനുകളാണു പാതയിലുള്ളത്. പദ്ധതിക്കായി ഇടുക്കി, കോട്ടയം ജില്ലകളിൽ സ്ഥലം ഏറ്റെടുത്തിരുന്നു. അങ്കമാലിയിൽ നിന്ന് കാലടി വരെയുള്ള പാത നിർമാണവും വർഷങ്ങൾക്കു മുൻപേ പൂർത്തിയായി. അതു കഴിഞ്ഞാണു മുടന്തുകയും നിലയ്ക്കുകയും ചെയ്യുന്നത്. 2019ൽ കേന്ദ്രം പദ്ധതി പൂർണമായി മരവിപ്പിച്ചു. 2,800ലേറെ കുടുംബങ്ങളാണു സ്ഥലം ഏറ്റെടുപ്പിൽ കുടുക്കിലായിപ്പോയത്. നഷ്ടപരിഹാരം കിട്ടിയതുമില്ല, സർവെ കല്ലുകൾ നാട്ടിയ സ്ഥലങ്ങളിൽ ഒന്നും ചെയ്യാൻ കഴിയുന്നുമില്ല. നിർമാണങ്ങൾ നടത്താനോ വിൽക്കാനോ പണയം വയ്ക്കാനോ കഴിയാതെ വലയുകയാണ്. ഈ ഗതികേടു തുടങ്ങിയിട്ടു രണ്ടു പതിറ്റാണ്ടിലേറെയായി.
2,815 കോടി രൂപ നിർമാണച്ചെലവു കണക്കാക്കിയിരുന്നത് ഇപ്പോൾ 3,810 കോടിയായി ഉയർന്നു. ഇതിൽ 1,905 കോടി രൂപ കേരളം വഹിക്കണമെന്നാണു പറയുന്നത്. സംസ്ഥാനത്തിന്‍റെ വിഹിതം കിഫ്ബി വഴി നൽകാമെന്നും ആ തുക സംസ്ഥാന സർക്കാരിന്‍റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തരുതെന്നുമാണു കേരളം പറഞ്ഞിരുന്നത്. പദ്ധതി നടത്തിപ്പിനു കേന്ദ്ര മന്ത്രാലയവും സംസ്ഥാനവും റിസർവ് ബാങ്കും ഉൾപ്പെടുന്ന ത്രികക്ഷി കരാർ എന്ന നിർദേശം അടുത്തിടെ ഉയർന്നിരുന്നു. അതു കേരളത്തിനു സ്വീകാര്യമായില്ല. ഇതിനിടെ, കഴിഞ്ഞ ബജറ്റുകളിൽ 100 കോടി രൂപ വീതം ടോക്കൺ തുക എന്ന നിലയിൽ പദ്ധതിക്കായി കേന്ദ്രം നീക്കിവച്ചിരുന്നു. അതൊക്കെ പാഴാവുകയാണു ചെയ്തത്. തടസങ്ങളെല്ലാം മാറി ഈ പാത പൂർത്തിയായി കാണാൻ കേരളമൊട്ടാകെ കാത്തിരിക്കുന്നു.
സിൽവർ ലൈനിനു ബദലായി തിരുവനന്തപുരം- കണ്ണൂര്‍ വരെ തുരങ്ക പാതയും ആകാശ പാതയും ചേര്‍ന്ന സെമി ഹൈസ്പീഡ് പാതയാണ് ഇ. ശ്രീധരന്‍റെ നിർദേശം. നിലവിലുള്ള റെയ്‌ൽ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിൽ ബ്രോഡ്ഗേജ് പാതയാണു നിർദേശിക്കുന്നത്. ഒരിഞ്ചു ഭൂമി പോലും വാങ്ങാതെ, ആരെയും കുടിയൊഴിപ്പിക്കാതെ, അധിക ഭൂമി ഏറ്റെടുക്കാതെ, നിര്‍മാണത്തിന്‍റെ പേരില്‍ മറ്റു തടസങ്ങളുണ്ടാക്കാതെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമത്രേ. എലിവേറ്റഡ് ട്രാക്ക് നിര്‍മിക്കുന്ന സ്ഥലങ്ങളില്‍ ഭൂമി ഭൂവുടമകളില്‍ നിന്ന് ലീസിനെടുക്കുന്നതാണ് അദ്ദേഹം നിർദേശിക്കുന്ന രീതി. ആ ഭൂമി ഉടമസ്ഥര്‍ക്കു തന്നെ കെട്ടിട നിർമാണം ഒഴികെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാം. ഇതിനു പുറമേ ഒരു വരുമാന മാര്‍ഗമെന്നോണം ലീസ് തുകയും ഉടമകള്‍ക്കു കിട്ടും. സിൽവർ ലൈനിന് വലിയ തോതിൽ ഭൂമി ഏറ്റെടുക്കേണ്ടിവരുന്നതു മൂലമുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ തുരങ്ക- ആകാശ പാതയ്ക്ക് ഉണ്ടാവില്ല. ഒരു ലക്ഷം കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. രാഷ്‌ട്രീയം ഒഴിവാക്കി നൂറു ശതമാനവും സഹകരിച്ചു വേണം ഇത്തരം പദ്ധതികൾ നടപ്പാക്കാൻ.