രാജ്ഭവൻ
ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായിരുന്നപ്പോൾ അദ്ദേഹവും സംസ്ഥാന സർക്കാരും തമ്മിലുണ്ടായിരുന്ന ഏറ്റുമുട്ടലുകൾ ഏറെ വാർത്താപ്രാധാന്യം നേടിയതാണ്. ഗവർണറെ ഒതുക്കാൻ സർക്കാരും സർക്കാരിനെ എതിർക്കാൻ ഗവർണറും നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. സർവകലാശാലകളുടെ ഭരണത്തെയും പ്രവർത്തനത്തെയും അതു കാര്യമായി ബാധിച്ചു. തനിക്കെതിരായ പ്രതിഷേധങ്ങളെ തെരുവിലിറങ്ങി നേരിട്ട ഗവർണറായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ നയങ്ങളോടുള്ള തന്‍റെ അതൃപ്തി പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ബില്ലുകൾ ഒപ്പുവയ്ക്കാതെ പിടിച്ചുവച്ചതും സംസ്ഥാന സർക്കാരിനെ അസ്വസ്ഥമാക്കി. കേന്ദ്രത്തിന്‍റെ വക്താവായി നിന്ന് ഗവർണർ സംസ്ഥാന സർക്കാരിനെ ദ്രോഹിക്കുന്നു എന്നായിരുന്നു എൽഡിഎഫ് നേതാക്കളുടെ ആക്ഷേപം. കേരളത്തിൽ മാത്രമല്ല പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോരാട്ടങ്ങൾ തുടർക്കഥയായിട്ടുണ്ട്. ഗവർണർക്കെതിരായ സംസ്ഥാന സർക്കാരുകളുടെ പരാതി സുപ്രീം കോടതി വരെ എത്തുകയും ചെയ്തിട്ടുണ്ട്.
ആരിഫ് ഖാനു പകരം ഗോവക്കാരനായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗവർണറായി എത്തിയതോടെ തിരുവനന്തപുരത്തെ രാജ്ഭവനും സർക്കാരും ഒത്തുപോകാനുള്ള സാധ്യതകൾ കണ്ടിരുന്നതാണ്. ഡൽഹി കേരള ഹൗസിൽ സംസ്ഥാനത്തു നിന്നുള്ള എംപിമാർക്കായി ഗവർണർ അത്താഴവിരുന്ന് ഒരുക്കിയതും മുഖ്യമന്ത്രി പിണറായി വിജയൻ അതിൽ പങ്കെടുത്തതുമൊക്കെ നല്ല സൂചനകളാണു നൽകിയത്. അതിനു പിന്നാലെ കേരള ഹൗസിൽ മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കൂടിക്കാഴ്ച നടത്തിയപ്പോഴും ഗവർണർ ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിക്കടുത്ത് ഗവർണർ കൂടിയിരുന്ന് കേരളത്തിന്‍റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കുന്നത് സ്വാഗതാർഹമായ സംഭവവികാസമായി. ഒരു പുതിയ തുടക്കമായി ഇതിനെ കണ്ട് അഭിനന്ദിച്ചവരുണ്ട്.
എന്നാൽ, അർലേക്കറും സർക്കാരും തമ്മിലുള്ള ബന്ധങ്ങളിൽ കല്ലുകടിയായി മാറിയിട്ടുണ്ട് ലോക പരിസ്ഥിതി ദിനത്തിലുണ്ടായ സംഭവ വികാസം. പരിസ്ഥിതി ദിനാഘോഷ പരിപാടിയുടെ വേദിയില്‍ ഭാരത മാതാവിന്‍റെ ചിത്രം വച്ചതിനെച്ചൊല്ലിയുള്ള വിവാദം അസാധാരണമായ ഒരു തർക്കമായി മാറിയിരിക്കുകയാണ്. അഖണ്ഡ ഭാരതത്തിന്‍റെ പശ്ചാത്തലത്തിൽ കാവിക്കൊടി പിടിച്ചു നിൽക്കുന്ന ഭാരതാംബയുടെ ചിത്രം നീക്കണമെന്ന് കൃഷി മന്ത്രിയും സിപിഐ നേതാവുമായ പി. പ്രസാദ് ആവശ്യപ്പെട്ടെങ്കിലും രാജ്ഭവന്‍ വഴങ്ങിയില്ല. തുടർന്ന് സർക്കാരിന്‍റെ രാജ്ഭവനിലെ പരിസ്ഥിതിദിന പരിപാടിയുടെ വേദി സെക്രട്ടേറിയറ്റിലെ ദര്‍ബാള്‍ ഹാളിലേക്കു മാറ്റി. അതേസമയം, ഗവർണർ രാജ്ഭവനിൽ സ്വന്തം നിലയ്ക്ക് പരിസ്ഥിതിദിന പരിപാടി നടത്തുകയും ചെയ്തു. മന്ത്രിമാർ ചടങ്ങിനെത്താതിരുന്നതിൽ ഗവർണർ പരസ്യമായി പ്രതിഷേധം അറിയിച്ചു. ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണു വേദി മാറ്റിയതെന്ന് മന്ത്രി പ്രസാദ് പറയുന്നുണ്ട്. രാജ്ഭവനില്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം വച്ചതു ഭരണഘടനാ വിരുദ്ധമാണെന്ന് എൽഡിഎഫും യുഡിഎഫും ചൂണ്ടിക്കാണിക്കുന്നു. കൃഷി വകുപ്പിന്‍റെ പരിപാടിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം കൊടിയുമായി വന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്നാണ് പ്രസാദ് ചോദിക്കുന്നത്. രാജ്ഭവൻ ആർഎസ്എസ് ആസ്ഥാനമാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണറോട് ആവശ്യപ്പെടുന്നു. ഭരണഘടനാവിരുദ്ധമായ നടപടിയാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും ഗവർണറെ തിരിച്ചു വിളിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ നേതാവും എംപിയുമായ സന്തോഷ് കുമാർ രാഷ്‌ട്രപതിക്കു കത്തു നൽകിയിരിക്കുകയാണ്.
അതേസമയം, ഭാരത മാതാവിന്‍റെ ചിത്രം രാജ്ഭവനില്‍ നിന്നു മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്‍റെ അടയാളമാണെന്നുമാണ് ഗവര്‍ണര്‍ പറയുന്നത്. സർക്കാർ അനാവശ്യ വിവാദമുണ്ടാക്കുന്നു എന്നതാണു രാജ്ഭവന്‍റെ നിലപാട്. സെൻട്രൽ ഹാളിലുള്ള ഭാരതാംബയുടെ ചിത്രം ഒരു കാരണവശാലും മാറ്റില്ലെന്ന നിലപാട് ഗവർണർ തുടരുമ്പോൾ രാജ്ഭവനിൽ നടക്കുന്ന പരിപാടികളിൽ ഇനി സർക്കാർ എന്തു നിലപാടു സ്വീകരിക്കുമെന്നതും അറിയാനിരിക്കുകയാണ്.
നേരത്തേ, ആര്‍എസ്എസ് സൈദ്ധാന്തികൻ എസ്. ഗുരുമൂര്‍ത്തി രാജ്ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിച്ചതും ഇതേ ചിത്രത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു. ഗുരുമൂര്‍ത്തിയെ ഗവർണർ രാജ്ഭവനിൽ പ്രഭാഷണത്തിനു ക്ഷണിച്ചതും വിവാദമായിരുന്നു. ആർഎസ്എസ് നേതാവിനെ കൊണ്ടുവന്ന് രാജ്ഭവനിൽ പ്രസംഗിപ്പിക്കുകയും മുൻ സർക്കാരുകൾക്കെതിരേ രാഷ്‌ട്രീയ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചത്. എന്തായാലും ഇത്തരം വിവാദങ്ങൾ വളരെ ദൗർഭാഗ്യകരമാണ് എന്നേ പറയാനാവൂ. സംസ്ഥാന താത്പര്യങ്ങൾക്കു വേണ്ടി ഒന്നിച്ചു നിൽക്കുന്നതിന് ഇത്തരം വിവാദങ്ങൾ തടസമാവാതിരിക്കട്ടെ.