ട്രെയ്‌ൻ യാത്രക്കാർക്ക് പഴകിയ ഭക്ഷണം

 

AI Image

Editorial

ട്രെയ്‌ൻ യാത്രക്കാർക്ക് പഴകിയ ഭക്ഷണം

യാത്രക്കാർ ആരെയാണു വിശ്വസിക്കുക, എങ്ങനെയാണു ഭക്ഷണം വാങ്ങി കഴിക്കുക.

റെയ്‌ൽവേ സ്റ്റേഷനിലും ട്രെയ്‌നുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിനു വേണ്ടത്ര ഗുണനിലവാരമില്ലെന്ന പരാതി വർഷങ്ങളായി ഉയരുന്നതാണ്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണമുണ്ടാക്കുന്നതും പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നതുമൊക്കെ പലപ്പോഴും വാർത്തകളായിട്ടുണ്ട്. അതിനൊന്നും ഒരു പരിഹാരം കാണാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നതു നിരാശാജനകമാണ്. ദീർഘദൂര യാത്രകൾ നടത്തുന്നവർക്ക് ട്രെയ്നിലും റെയ്‌ൽവേ സ്റ്റേഷനിലും വിതരണം ചെയ്യുന്ന ഭക്ഷണത്തെ ആശ്രയിക്കാതെ വയ്യ. ഈ ഗതികേടാണ് ഭക്ഷണവിതരണം ഏറ്റെടുക്കുന്ന പലരും ചൂഷണം ചെയ്യുന്നത്. ഇത്തരക്കാരെ കണ്ടെത്തി അവർക്കെതിരേ കർശന നടപടിയെടുക്കുന്നത് ഒരു ഭാഗം മാത്രമേ ആവുന്നുള്ളൂ. തുടർന്ന് വിതരണം നടത്തുന്നവർ ഗുണനിലവാരമുള്ള ഭക്ഷണം നൽകുന്നവരാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. അതല്ലെങ്കിൽ ഇടക്കിടെ നടക്കുന്ന പരിശോധനകളിൽ തട്ടിപ്പുകാർ പിടിക്കപ്പെടും എന്നല്ലാതെ പ്രശ്നത്തിനു പരിഹാരമുണ്ടാവില്ല.

വന്ദേഭാരത് അടക്കം ട്രെയ്‌നുകളിൽ വിതരണം ചെയ്യുന്നതിന് വൃത്തിഹീനമായ സാഹചര്യത്തിൽ തയാറാക്കിയ പഴകിയ ഭക്ഷണം എറണാകുളം കടവന്ത്രയിൽ പിടികൂടിയതു കഴിഞ്ഞ ദിവസമാണ്. റെയ്‌ൽവേ കരാറുകാരന്‍റെ കാറ്ററിങ് സെന്‍ററിൽ നടത്തിയ പരിശോധനയിലാണ് ഉപയോഗിക്കാൻ കൊള്ളാത്ത ഭക്ഷണം കണ്ടെത്തിയത്. ലൈസൻസില്ലാതെയാണ് ഈ സെന്‍റർ പ്രവർത്തിച്ചിരുന്നതെന്നും അതിനാൽ സ്ഥാപനം പൂട്ടി സീൽ വച്ചുവെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കുന്നുണ്ട്. നഗരസഭാ ആരോഗ്യ വിഭാഗം സ്ഥാപനത്തിനെതിരേ നടപടികൾ സ്വീകരിച്ചുവരികയാണ്. ദുർഗന്ധം സഹിക്കാൻ വയ്യാതെ നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടന്നത്. കഴിക്കാൻ പറ്റാത്ത തരത്തിലുള്ള ഭക്ഷണം വലിയ തോതിൽ ഇവിടെ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയെന്ന് നഗരസഭാ അധികൃതർ പറയുന്നുണ്ട്. അടച്ചുവയ്ക്കാതെ ഈച്ചയരിക്കുന്ന നിലയിലുള്ള ഭക്ഷണം ഉണ്ടായിരുന്നുവത്രേ. വന്ദേഭാരതിന്‍റെ സ്റ്റിക്കറുള്ള കവറുകളും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു സെന്‍ററിലെ പാചകക്കാർ. ഇവർ താമസിക്കുന്ന സ്ഥലവും വൃത്തിഹീനമായിരുന്നു.

കൊല്ലം റെയ്‌ൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കു നൽകാൻ പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണയിലുണ്ടാക്കിയ പലഹാരങ്ങൾ നാട്ടുകാർ പിടികൂടിയതു കഴിഞ്ഞ മാസമാണ്. റെയ്‌ൽവേ സ്റ്റേഷനു സമീപം പ്രവർത്തിച്ചിരുന്ന ‍ഒരു കടയിൽ ഉഴുന്നുവടയും പഴംപൊരിയുമൊക്കെ വലിയ തോതിൽ ഉണ്ടാക്കിവച്ചിരിക്കുകയായിരുന്നു. കൊല്ലം റെയ്‌ൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ ചായയും പലഹാരവും വിൽപ്പന നടത്താൻ കരാറെടുത്തയാളാണ് ഈ കട നടത്തിയിരുന്നത്. എണ്ണയുടെയും മറ്റു ബേക്കറി പലഹാരങ്ങളുടെയും പ്ലാസ്റ്റിക്- പോളിത്തീൻ കവറുകൾ പലഹാരം ഉണ്ടാക്കുന്ന എണ്ണയിലിട്ട് തിളപ്പിക്കുകയാണു പതിവത്രേ! ഈ പ്ലാസ്റ്റിക് ഉരുകി എണ്ണയിൽ ലയിക്കുന്നത് പലഹാരങ്ങൾ നന്നായി മൊരിയാനും മിനുസം കിട്ടാനും സഹായിക്കുമെന്നു പറയുന്നു. കടയ്ക്കു മുന്നിലൂടെ പോയ ചിലർ തിളയ്ക്കുന്ന എണ്ണയിൽ പ്ലാസ്റ്റിക് കവറുകൾ ചേർക്കുന്നതു കണ്ട് ചോദ്യം ചെയ്തതോടെയാണു സംഭവം പുറത്തായത്. ഈ കടയിലും തൊഴിലാളികൾ ഇതര സംസ്ഥാനക്കാരായിരുന്നു. കടയ്ക്ക് ലൈസൻസ് ഇല്ലായിരുന്നുവെന്നും പറയുന്നുണ്ട്. പിടിക്കപ്പെടും മുൻപ് എത്രയോ ആളുകൾ ഈ കടയിലുണ്ടാക്കിയ "പ്ലാസ്റ്റിക് പലഹാരങ്ങൾ' കഴിച്ചുകാണും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത്തരം പലഹാരങ്ങൾ കാരണമാവുമെന്ന് എല്ലാവർക്കും അറിയാം. യാത്രക്കാർ ആരെയാണു വിശ്വസിക്കുക, എങ്ങനെയാണു ഭക്ഷണം വാങ്ങി കഴിക്കുക.

ഏറെ അഭിമാനത്തോടെ റെയ്‌ൽവേ അവതരിപ്പിച്ചതാണ് വന്ദേഭാരത് ട്രെയ്നുകൾ. രാജ്യത്തെ റെയ്‌ൽ ഗതാഗത രംഗത്തു വലിയ മാറ്റങ്ങളാണ് ഈ അതിവേഗ ട്രെയ്‌ൻ കൊണ്ടുവന്നിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഇതിലുണ്ട്. നല്ല തോതിൽ യാത്രക്കാരുമുണ്ട്. ജനപ്രിയമായ ഈ ട്രെയ്‌നിൽ പോലും നല്ല ഭക്ഷണമല്ല കിട്ടുന്നതെന്ന പരാതി ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഷൊർണൂർ റെയ്‌ൽവേ സ്റ്റേഷനിൽ യാത്രക്കാർക്കു വിതരണം ചെയ്ത വടയിൽ ചത്ത തവളയെ കണ്ടത് കഴിഞ്ഞ വർഷമാണ്. ഇതേത്തുടർന്നു നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുന്നതു കണ്ടെത്തിയിരുന്നു. റെയ്‌ൽവേ സ്റ്റേഷനിലെ ഭക്ഷണശാലകളിൽ പാചകം ചെയ്യുന്നവ മാത്രമേ പ്ലാറ്റ്ഫോമിൽ വിതരണം ചെയ്യാവൂ എന്ന നിബന്ധന പാലിക്കപ്പെടുന്നില്ലെന്നും അന്നു കണ്ടെത്തിയതാണ്. പ്രതിദിനം ലക്ഷക്കണക്കിനു യാത്രക്കാർക്കു സേവനം നൽകുന്നുണ്ട് ഇന്ത്യൻ റെയ്‌ൽവേ. ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവുമായ റെയ്‌ൽപ്പാതാ ശൃംഖലകളിലൊന്നാണു നമ്മുടേത്. ഇത്ര വലിയ ഒരു സംവിധാനത്തിന്‍റെ നടത്തിപ്പിലുണ്ടാകാവുന്ന ഒറ്റപ്പെട്ട പോരായ്മയായി പക്ഷേ, ഭക്ഷണത്തിലെ ശുചിത്വമില്ലായ്മയെ കാണാനാവില്ല. എല്ലാവർക്കും നല്ല ഭക്ഷണം മാത്രമാണു കിട്ടുന്നതെന്ന് ഉറപ്പാക്കാൻ കഴിയണം.

പാൽ വില കൂടും? മിൽമ യോഗത്തിൽ തീരുമാനം

മൂന്ന് മണിക്ക് ബോംബ് പൊട്ടും; 'കൊമ്രേഡ് പിണറായി വിജയൻ' വക ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഭീഷണി

നെയ്യാറ്റിൻകരയിൽ മകന്‍റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

നിപ; അനാവശ‍്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റി വച്ചേക്കുമെന്ന് സൂചന; ചർച്ചകൾ തുടരുന്നു