ദേശീയപാതാ വികസനത്തിൽ രാജ്യത്തുണ്ടാവുന്ന വലിയ മുന്നേറ്റത്തിന്‍റെ പ്രതിഫലനം കേരളത്തിലും കാണുന്നുണ്ട്. നമ്മുടെ ദേശീയ പാതകളിൽ യാത്ര കൂടുതൽ സുഗമമാക്കുന്നതിനു നിരവധി പദ്ധതികളാണു നടപ്പായിക്കൊണ്ടിരിക്കുന്നത്. അതിന്‍റെ ഭാഗമാണ് കഴിഞ്ഞയാഴ്ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടന-ശിലാസ്ഥാപന ചടങ്ങുകൾ നിർവഹിച്ച 12 പദ്ധതികൾ. 1,464 കോടി രൂപയാണ് ഈ പദ്ധതികളുടെ മൊത്തം ചെലവായി കണക്കാക്കുന്നത്. ഹൈവേ വികസനത്തിൽ രാഷ്ട്രീയത്തിനതീതമായി ഗഡ്കരി കാണിക്കുന്ന താത്പര്യം എടുത്തുപറയാവുന്നതുമാണ്. കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ പ്രധാനമാണ് നീലേശ്വരം പള്ളിക്കര റെയ്‌ൽവേ മേൽപ്പാലം. ദേശീയപാത 66ലെ അവസാന റെയ്‌ൽവേ ഗേറ്റും ഇതോടെ ഒഴിവാകുകയാണ്. ഏറെക്കാലമായി ഈ മേൽപ്പാലത്തിനായി സമരവും പ്രതിഷേധവുമൊക്കെ തുടങ്ങിയിട്ട്. റെയ്‌ൽവേ ക്രോസ് ഒഴിവായിക്കിട്ടാനുള്ള നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ച പദ്ധതിക്ക് 68 കോടി രൂപയാണു ചെലവിട്ടത്. എട്ടു തൂണുകളിലായി സ്ഥാപിച്ച 26 ഗർഡറുകൾ നാലുവരിപ്പാതയുള്ള ഈ പാലത്തിനുണ്ട്. ഓരോ ദിവസവും ട്രെയ്‌നുകൾ കടന്നുപോകാൻ വേണ്ടി ദേശീയപാത മണിക്കൂറുകൾ അടഞ്ഞു കിടന്നിരുന്ന അവസ്ഥയ്ക്കാണ് ഇപ്പോൾ മോചനമായിരിക്കുന്നത്. അതുണ്ടാക്കുന്ന സൗകര്യം പ്രത്യേകിച്ച് വടക്കൻ മലബാറിനെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്.
ഇതിനൊപ്പമാണ് ചെറുതോണി പാലവും മൂന്നാർ- ബോഡിമെട്ട് റോഡും ഉദ്ഘാടനം ചെയ്തതും. അടിമാലി-കുമളി ദേശീയപാതയിൽ വളരെ പ്രാധാന്യമുള്ള നിർമാണ പ്രവർത്തനമാണ് ചെറുതോണി പാലത്തിന്‍റേത്. പ്രളയത്തിന്‍റെ ഭീകരതയുമായി ബന്ധപ്പെട്ടു തന്നെ ചെറുതോണിയിലെ പാലം നമ്മുടെ ഓർമകളിലുണ്ട്. കൊച്ചി- ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായുള്ളതാണ് 42 കിലോമീറ്റർ നീളത്തിലുള്ള മൂന്നാർ- ബോഡിമെട്ട് റോഡ്. 382 കോടി രൂപയാണ് ഇതിനു ചെലവായത്. മുൻപ് തീരെ ഇടുങ്ങിയ റോഡായിരുന്നു ഇവിടെയുണ്ടായിരുന്നത്. പുതിയ റോഡ് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ഹിറ്റായി മാറിയിട്ടുണ്ട്. തേയില തോട്ടങ്ങൾക്കിടയിലൂടെ ഉന്നത നിലവാരത്തിലുള്ള റോഡ് യാത്ര വിനോദ സഞ്ചാരികൾക്കു വലിയ അനുഗ്രഹമാവും.
ഇത്തരം പദ്ധതികൾക്കൊപ്പമാണ് തൃശൂർ, പാലക്കാട് ജില്ലകളിലായി 11 അടിപ്പാതകളുടെ നിർമാണ ഉദ്ഘാടനവും ഗഡ്കരി നിർവഹിച്ചിരിക്കുന്നത്. മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂർ, ആലത്തൂർ, കുഴൽമന്ദം, കാഴിച്ചപ്പറമ്പ്, ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിലാണ് ഈ അടിപ്പാതകൾ. അടിപ്പാതാ പദ്ധതികളിലായി ദേശീയപാത 544ൽ 525 കോടിയിലേറെ രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണു നടക്കാൻ പോകുന്നത്.
റോഡിൽ ഇങ്ങനെ വിവിധങ്ങളായ വികസന പദ്ധതികൾ പുരോഗമിക്കുമ്പോഴും കുണ്ടന്നൂര്‍ മുതല്‍ അങ്കമാലി വരെയുള്ള 44 കിലോമീറ്റര്‍ കൊച്ചി ബൈപാസ് നിർമാണം മരവിച്ചു കിടക്കുന്നതു കാണാതിരിക്കാനാവില്ല. ബൈപാസ് നിര്‍മാണത്തിനായുള്ള റോയല്‍റ്റിയും ജിഎസ്ടിയും ഒഴിവാക്കുന്നതു സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാര്‍ അനന്തമായി നീട്ടുന്നതാണ് പദ്ധതി മരവിപ്പിക്കാൻ ദേശീയപാതാ വികസന അഥോറിറ്റിയെ പ്രേരിപ്പിക്കുന്നതത്രേ. പദ്ധതിയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുകയും അസംസ്കൃത വസ്തുക്കള്‍ക്കു റോയല്‍റ്റി ഒഴിവാക്കുകയും ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചാലേ സ്ഥലമേറ്റെടുക്കലിനു വിജ്ഞാപനമിറക്കൂ എന്നതാണ് ദേശീയപാതാ അഥോറിറ്റിയുടെ നിലപാട്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ ഇക്കാര്യത്തിലൊരു ധാരണയുണ്ടാവുകയും നിർമാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുകയും ചെയ്യേണ്ടതാണ്. ഇടപ്പള്ളി- അങ്കമാലി ദേശീയ ഹൈവേയിലും ഇടപ്പള്ളി- അരൂർ ബൈപാസിലും കാണുന്ന ഗതാഗതത്തിരക്ക് ഒഴിവാക്കാൻ കുണ്ടന്നൂര്‍- അങ്കമാലി ബൈപാസ് അനിവാര്യമാണ്. കൊച്ചി നഗരത്തെ പൂർണമായും ഒഴിവാക്കി കടന്നുപോകുന്ന ഹൈവേ യാത്രാസമയത്തിൽ ഗണ്യമായ കുറവു വരുത്താൻ സഹായിക്കും. പതിനായിരക്കണക്കിനാളുകൾക്ക് അതിനാൽതന്നെ ഉപകാരപ്രദമാവുന്നതാണ് ഈ പദ്ധതി. കൊച്ചി നഗരത്തിന്‍റെ കിഴക്കുഭാഗത്തായി വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾക്കും ബൈപാസ് സഹായിക്കും.