.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വിലക്കയറ്റത്തിന്റെ പിടിയിലാണു രാജ്യം. അവശ്യ വസ്തുക്കളുടെ വില വർധന ഈ ഓണക്കാലത്ത് മലയാളികളെയും ദോഷകരമായി ബാധിക്കാമെന്ന നിലയാണ്. വില നിയന്ത്രണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൂടുതൽ ഇടപെടലുകൾ ഉണ്ടാവേണ്ടിയിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ കണക്കുപ്രകാരം രാജ്യത്ത് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ വ്യാപാര നാണയപ്പെരുപ്പം ജൂലൈയിൽ 7.44 ശതമാനമാണ്. പതിനഞ്ചു മാസത്തിനിടെ ഇതാദ്യമായാണ് വിലക്കയറ്റം ഇത്രയേറെ ഉയരുന്നത്. ജൂണിൽ 4.81 ശതമാനവും മേയിൽ 4.31 ശതമാനവുമായിരുന്നു ചില്ലറ വ്യാപാര നാണയപ്പെരുപ്പം. റിസർവ് ബാങ്കിന്റെ ആറു ശതമാനം പരിധിയും കടന്ന് വലിയ തോതിൽ മുന്നോട്ടു കുതിച്ചിരിക്കുന്നു ജൂലൈയിൽ വിലക്കയറ്റം എന്നതാണു കാണുന്നത്.
അതിനു പ്രധാന കാരണം പച്ചക്കറികൾ അടക്കം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. 11.51 ശതമാനമാണ് കഴിഞ്ഞ മാസം ഭക്ഷ്യവസ്തുക്കളിലെ നാണയപ്പെരുപ്പം. പച്ചക്കറികളുടെ വിലയിൽ 37 ശതമാനത്തിലേറെയാണ് വർധനയുണ്ടായിരിക്കുന്നത്. ധാന്യങ്ങളുടെ വില 13 ശതമാനം വർധിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി വിലക്കയറ്റം പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അതു നേരിടാൻ സർക്കാർ പല നടപടികളും സ്വീകരിച്ചെങ്കിലും ഇനിയും വിപണി ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്. ആഭ്യന്തര വിപണിയിലെ ലഭ്യത വർധിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് നേരത്തേ കേന്ദ്ര സർക്കാർ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ചിരുന്നത്. അടുത്തിടെ അരി കയറ്റുമതിയും നിരോധിക്കുകയുണ്ടായി. ഓപ്പൺ മാർക്കറ്റിലേക്ക് കൂടുതൽ ധാന്യങ്ങൾ എത്തിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുകയുണ്ടായി. എന്നിട്ടും ധാന്യങ്ങളുടെ വിലയിൽ കുറവു വന്നിട്ടില്ല. പച്ചക്കറികൾക്കും ധാന്യങ്ങൾക്കും വില വർധിക്കുന്നത് കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുകയാണ്.
രാജ്യത്ത് മറ്റു ഭാഗങ്ങളിലുള്ള അത്രയും വിലക്കയറ്റം കേരളത്തിൽ ഇല്ലെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെട്ടു വരുന്നത്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ ദേശീയ ശരാശരിയെക്കാൾ ഉയർന്ന വിലക്കയറ്റം കേരളത്തിൽ ഉണ്ടാവേണ്ടതാണെന്നും അതു തടയുന്നതിൽ സംസ്ഥാന സർക്കാർ വിജയിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുകയുണ്ടായി. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി സർക്കാരിന്റെ ഇടപെടലുകളെക്കുറിച്ച് ഓർമിപ്പിച്ചത്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിലേതിനെക്കാൾ ഉയർന്ന തോതിലാണ് വിലക്കയറ്റമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിലും കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിക്കുകയുണ്ടായി. ജൂലൈയിൽ കർണാടകയിലെ നാണയപ്പെരുപ്പം 7.85 ശതമാനമാണെന്ന് മന്ത്രി പറയുന്നു. തമിഴ്നാട്ടിൽ 8.95, ആന്ധ്രയിൽ 8.11, തെലങ്കാനയിൽ 8.55 എന്നിങ്ങനെ ശതമാനമാണ്. അതായത് ഈ സംസ്ഥാനങ്ങളിലെല്ലാം ദേശീയ ശരാശരിയെക്കാൾ ഉയർന്ന തോതിലാണു വിലക്കയറ്റം.
ദേശീയ തലത്തിൽ കാണുന്ന വിലക്കയറ്റത്തോത് കേരളത്തിലില്ല എന്നു പറയുമ്പോഴും ഇവിടെയും വില വർധനയുടെ ഭാരം ഉപയോക്താക്കൾ അനുഭവിക്കേണ്ടി വരുന്നുണ്ട് എന്നതു വസ്തുതയാണ്. ജൂണിൽ 5.25 ശതമാനമായിരുന്നു കേരളത്തിലെ വിലക്കയറ്റം. എന്നാൽ, ജൂലൈയിൽ അത് 6.43 ശതമാനമായി ഉയർന്നിരിക്കുകയാണ്. മേയിൽ 4.48 ശതമാനമായിരുന്നു. വിലക്കയറ്റത്തിന്റെ ഭാരം ക്രമമായി ഉയർന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഈ കണക്കു കാണിക്കുന്നത്. വിപണിയിൽ ഡിമാൻഡ് ഉയരുന്ന സമയമാണ് ഓണക്കാലം. സ്വാഭാവികമായും അവസരം മുതലെടുക്കാനുള്ള ശ്രമങ്ങൾ വിതരണ മേഖലയിൽ ചിലരുടെ ഭാഗത്തുനിന്നെങ്കിലും ഉണ്ടാവാം. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും പോലുള്ള നടപടികൾ വിലക്കയറ്റത്തിന് ആക്കം കൂട്ടും. അതു തടയാനുള്ള നടപടികൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രംഗത്തുവരേണ്ടതുണ്ട്.
വിപണിയിൽ സർക്കാരിന്റെ ഇടപെടലുകൾ തീരെ കുറവായാലും വിലക്കയറ്റം നിയന്ത്രിക്കാനായെന്നു വരില്ല. സപ്ലൈകോ പോലുള്ള ഏജൻസികളുടെ ഇടപെടലുകൾ ഓണക്കാലത്തു പ്രത്യേകിച്ചു കാര്യക്ഷമമാകേണ്ടത് അതിനാൽ തന്നെ അനിവാര്യമാണ്. കാലാവസ്ഥ ചതിച്ചതിനാൽ ഇത്തവണ പച്ചക്കറി ഉത്പാദനം പൊതുവേ കുറഞ്ഞിട്ടുണ്ടെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ അയൽ സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കെത്തുന്ന പച്ചക്കറികളുടെ അളവ് കുറഞ്ഞിട്ടുണ്ടത്രേ. ഓണം അടുക്കുമ്പോൾ മറ്റൊരു വിലക്കയറ്റത്തിനു കൂടി ഇതു കാരണമായേക്കാം. സർക്കാർ സംവിധാനങ്ങൾ എത്രമാത്രം ജാഗ്രത പാലിക്കുന്നോ അത്രയും സാധാരണക്കാർക്ക് ആശ്വാസമാവും.
ഈ വർഷം അവസാനത്തോടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാർ എണ്ണക്കമ്പനികളോടു നിർദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പു കൂടി നടക്കാനിരിക്കെ അടുത്തൊന്നും ഇന്ധന വില വർധിപ്പിക്കാൻ സർക്കാർ അനുവദിക്കില്ല എന്നുവേണം കരുതാൻ. തെരഞ്ഞെടുപ്പിന്റെ പേരിലായാലും ഇന്ധന വില കുറയ്ക്കാൻ തീരുമാനിച്ചാൽ അതു വിലക്കയറ്റം നിയന്ത്രിക്കുന്നതിനു സഹായിക്കും.