.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഒരാഴ്ച മുൻപാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കുകയാണെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. അതിനു പിന്നാലെ മുൻ ക്യാപ്റ്റൻ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു. പരിചയ സമ്പന്നരായ രണ്ടു മികച്ച താരങ്ങളുടെ ഒരുമിച്ചുള്ള പടിയിറക്കം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനെ ഏതുതരത്തിലാണു ബാധിക്കുകയെന്ന് ക്രിക്കറ്റ് പ്രേമികൾ മുഴുവൻ ആശങ്കപ്പെടുന്നുണ്ടാവും. ഓഫ് സ്പിൻ ഇതിഹാസം ആർ. അശ്വിൻ കഴിഞ്ഞ ഡിസംബറിലാണു വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതുകൂടിയാവുമ്പോൾ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു യുഗത്തിനാണു വിരാമമാകുന്നത്. ബാറ്റിങ്ങിൽ കോലിയും രോഹിതും ബൗളിങ്ങിൽ അശ്വിനും നൽകിക്കൊണ്ടിരുന്ന സംഭാവനകൾക്കു പകരം വയ്ക്കാൻ കഴിവുള്ള താരങ്ങളെ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനായുള്ള പരീക്ഷണങ്ങളാവും ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളിൽ കാണുക. യുവതാരങ്ങൾ ധാരാളമുണ്ട്. അവരിൽ ആരൊക്കെയാണ് ഇവർ ഒഴിച്ചിട്ട സ്ഥാനങ്ങളിൽ സ്ഥിരമാവുകയെന്നു കാലം കാണിച്ചു തരും.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത് അടുത്ത മാസമാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ രോഹിതിനു പകരം ആരാവും നായകനെന്ന് അറിയാനിരിക്കുന്നു. അതിനു പുറമേയാണ് ഓപ്പണിങ്ങിൽ രോഹിതിനും നാലാം നമ്പരിൽ കോലിക്കും പകരം ആരു വേണം എന്നു തീരുമാനിക്കുന്നത്. ഇവർ രണ്ടുപേരുമില്ലാത്ത ബാറ്റിങ് നിര ടെസ്റ്റ് ടീമിന്‍റെ കരുത്തിനെ ബാധിക്കുമെന്ന ആശങ്ക സെലക്റ്റർമാർക്കു മറികടക്കണം. ടീം പ്രഖ്യാപനത്തിനു കാതോർത്തിരിക്കുകയാണു ക്രിക്കറ്റ് പ്രേമികൾ. ഇംഗ്ലണ്ട് പര്യടനത്തിൽ കളിക്കണമെന്ന് ബിസിസിഐ സമ്മർദ്ദം ചെലുത്തിവരുന്നതിനിടെയാണ് കോലി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലാണ് കോലിയുടെ സ്ഥാനം. ട്വന്‍റി20യുടെ കാലത്തും ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താത്പര്യം നിലനിർത്തുന്നതിൽ കോലിയുടെ ബാറ്റിങ് രീതി വലിയ പങ്കു വഹിച്ചിട്ടുണ്ട്. എതിരാളികൾക്കു മേൽ കോലി ആധിപത്യം സ്ഥാപിച്ച് ടീമിനെ വിജയത്തിലേക്കു നയിക്കുന്നതു കാണാൻ ആരാധകർ കാത്തിരിക്കുമായിരുന്നു. കോലി ക്രീസിലുള്ളിടത്തോളം കാലം ഇന്ത്യ പരാജയപ്പെടാൻ പോകുന്നുവെന്ന് ആരും കരുതാറില്ല. അത്രയ്ക്കുണ്ടായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസ്യത.
2011ൽ ടെസ്റ്റിൽ അരങ്ങേറിയ കോലി 123 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത‍്യയ്ക്കുവേണ്ടി കളിച്ചത്. 30 സെഞ്ചുറികൾ ഉൾപ്പെടെ 9230 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ താരമാണു കോലി. സച്ചിനും ദ്രാവിഡും ഗാവസ്കറും മാത്രമാണ് ഇക്കാര്യത്തിൽ കോലിക്കു മുന്നിലുള്ളത്. ടെസ്റ്റ് സെഞ്ചുറിയിലും നാലാം സ്ഥാനം കോലിക്കു തന്നെയാണ്. കോലിയുടെ ഉയർന്ന സ്കോർ 254 നോട്ടൗട്ട്. ശരാശരി 46.85. ക്യാപ്റ്റനെന്ന നിലയിലും അവിസ്മരണീയ നേട്ടങ്ങൾ കോലി ഇന്ത്യയ്ക്കു സമ്മാനിച്ചിട്ടുണ്ട്. കോലിയുടെ കീഴിൽ കളിച്ച 68 ടെസ്റ്റുകളിൽ 40ലും ഇന്ത്യ വിജയം നേടി. ഇതിൽ 16 വിജയങ്ങളും ഇന്ത്യയ്ക്കു പുറത്താണ്. ഇന്ത്യയ്ക്കകത്ത് കോലി നയിച്ച ഒരു ടെസ്റ്റ് പരമ്പരയിൽ പോലും രാജ്യം പരാജയപ്പെട്ടില്ല.
ഇന്ത‍്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്കു നയിച്ച നായകനാണു കോലി. ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തും (53 വിജയങ്ങൾ) ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങും (48 വിജയങ്ങൾ) സ്റ്റീവ് വോയും (41 വിജയങ്ങൾ) കഴിഞ്ഞാൽ ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം നേടിയ നായകനും കോലിയാണ്. ക്യാപ്റ്റനായിരിക്കെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ ഇന്ത്യക്കാരൻ എന്ന ബഹുമതിയുമുണ്ട്- 20. ഇന്ത്യയ്ക്കായി ഏഴു ഡബിൾ സെഞ്ചുറികൾ കുറിച്ച കോലി അക്കാര്യത്തിൽ സച്ചിൻ ടെൻഡുൽക്കർ (6), വീരേന്ദർ സെവാഗ് (6), രാഹുൽ ദ്രാവിഡ് (5), സുനിൽ ഗവാസ്കർ (4) എന്നിവരെ പിന്തള്ളി. ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ ടെസ്റ്റ് ടീമായതും കോലിയുടെ ക്യാപ്റ്റൻസിയിലാണ്. വിജയത്തിനു വേണ്ടി എന്തു റിസ്കെടുക്കാനും കോലിയിലെ നായകൻ തയാറായിരുന്നു. സമീപകാലത്ത് ബാറ്റിങ്ങിൽ വേണ്ടത്ര തിളങ്ങാനാവാതെ വന്നതുകൊണ്ടാവാം വിരമിക്കാനുള്ള സമയമായെന്ന് അദ്ദേഹം തീരുമാനിച്ചത്. ലോകകപ്പ് വിജയത്തിനുശേഷം ടി20 ക്രിക്കറ്റിനോടു വിടപറഞ്ഞ കോലി ഇനി ഏകദിനത്തിൽ മാത്രമാണു രാജ്യത്തിനു വേണ്ടി കളിക്കുക.
കഴിഞ്ഞ വർഷം ലോകകപ്പിൽ ഇന്ത്യ ജേതാക്കളായതിനു പിന്നാലെ ടി20 ക്രിക്കറ്റിനോടു വിടപറഞ്ഞതാണ് രോഹിത് ശർമയും. ടെസ്റ്റിൽ നിന്നു വിരമിച്ചതോടെ രോഹിതും ഇനി ഏകദിനത്തിൽ മാത്രമേ ഇന്ത്യൻ കുപ്പായത്തിൽ കളിക്കൂ. 2013ൽ വെസ്റ്റിൻഡീസിനെതിരേ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ രോഹിത് രാജ്യത്തിനു വേണ്ടി കളിച്ചത് 67 ടെസ്റ്റുകളാണ്. 4301 റൺസ് നേടി. 12 സെഞ്ചുറികളും 18 അർധ സെഞ്ചുറികളുമുണ്ട്. ഒരു ഇരട്ട സെഞ്ചുറി. ശരാശരി 40.57. ഉയർന്ന സ്കോർ 212. കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ ആ സ്ഥാനത്തു വന്ന രോഹിത് 24 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചു. 12 വിജയങ്ങളും സ്വന്തമാക്കി. സമീപകാല പ്രകടനങ്ങളിൽ തിളങ്ങാനാവാതെ പോയത് രോഹിതിനും നിരാശ പകർന്നിട്ടുണ്ടാവാം.