.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
എലമ്പ്രയിലെ കുട്ടികൾക്ക് നാട്ടിൽ സ്കൂളാവട്ടെ
സർക്കാർ സ്കൂളിനു വേണ്ടിയുള്ള ഒരു നാടിന്‍റെ നാലു പതിറ്റാണ്ടു നീണ്ട പോരാട്ടങ്ങളാണ് ഇപ്പോൾ പരമോന്നത കോടതിയുടെ അനുകൂല ഉത്തരവിൽ എത്തിനിൽക്കുന്നത്. മലപ്പുറം ജില്ലയിലെ മഞ്ചേരി എലമ്പ്രയിൽ എത്രയും വേഗം സ്കൂൾ സ്ഥാപിക്കുന്നതിനു നടപടിയെടുക്കണമെന്നാണല്ലോ സുപ്രീം കോടതി സർക്കാരിനോടു നിർദേശിച്ചിരിക്കുന്നത്. ഈ ഉത്തരവ് അംഗീകരിച്ചുകൊണ്ട് ആ നാടിന്‍റെ സ്വപ്നം യാഥാർഥ്യമാക്കാൻ ഇനിയെങ്കിലും സർക്കാർ മടിക്കരുത്. എലമ്പ്രയിലെ ചെറിയ കുട്ടികൾ ചെറിയ ക്ലാസുകളിൽ പഠിക്കാൻ കിലോമീറ്ററുകൾ അകലെ പോകേണ്ടിവരുന്ന അവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരമുണ്ടാവട്ടെ. സംസ്ഥാനത്ത് പ്രൈമറി സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിലെല്ലാം അടിയന്തരമായി സ്കൂൾ സ്ഥാപിക്കണമെന്നാണു ഇതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ വിധി. കേരളത്തിൽ ഇനിയും സ്കൂളുകൾ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ സർക്കാരിനു സംശയമുണ്ടാവാം. അതുകൊണ്ടാണല്ലോ പുനഃപരിശോധനാ ഹർജി നൽകാൻ സർക്കാർ നീക്കം നടത്തുന്നത്. അതെന്തായാലും എലമ്പ്രക്കാരുടെ കാര്യത്തിൽ ഒരു പുനഃപരിശോധന ആവശ്യമില്ല. അവർ ഇതുവരെ നടത്തിയ നിയമ പോരാട്ടങ്ങൾക്കു വിലയുണ്ടാവണം. അവർ വിജയിക്കുക തന്നെ വേണം. നാടിനൊരു സ്കൂൾ എന്ന സ്വപ്നം ഇക്കാലമത്രയും ഉപേക്ഷിക്കാതെ പരിശ്രമിച്ചവരാണവർ.
എൺപതുകളുടെ തുടക്കത്തിലാണ് എലമ്പ്രയിൽ പ്രൈമറി സ്കൂൾ സ്ഥാപിക്കാനുള്ള പരിശ്രമങ്ങൾ ആരംഭിക്കുന്നത്. നാട്ടിലെ ചെറിയ കുട്ടികളുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ വിവരിച്ച് മാറി മാറി വന്ന സർക്കാരുകൾക്കു മുന്നിൽ അവരെത്തിയെങ്കിലും ഫലമുണ്ടായില്ല. ഭൂമി നൽകിയാൽ കെട്ടിടം പണിയാമെന്ന് മഞ്ചേരി നഗരസഭ ഉറപ്പുനൽകിയതാണ്. അതു കണക്കിലെടുത്ത് 1982ൽ നാട്ടുകാർ പണം പിരിച്ച് ഒരേക്കർ സ്ഥലം വാങ്ങി. അതിനു ശേഷം സർക്കാരിന്‍റെ നയപരമായ തീരുമാനത്തിനു കാത്തിരിക്കാനായിരുന്നു നാടിന്‍റെ വിധി. നാട്ടുകാരുടെ ആവശ്യം ന്യായമാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസർ റിപ്പോർട്ട് നൽകി. മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും സ്കൂൾ തുടങ്ങുന്നതിന് അനുകൂലമായ നിലപാടാണു സ്വീകരിച്ചത്. പക്ഷേ, സർക്കാരിനു മാത്രം അതു ബോധ്യമായില്ല. ഗതികെട്ട് നാട്ടുകാർ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. സ്കൂൾ കർമസമിതിയുടെ നേതൃത്വത്തിലായിരുന്നു നിയമ പോരാട്ടം. നാലു കിലോമീറ്ററിനുള്ളിൽ അവിടെ പ്രാഥമിക വിദ്യാലയമില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി ഏറ്റവും വേഗം സ്കൂൾ തുടങ്ങാൻ ഉത്തരവിടുകയും ചെയ്തു. അതിന്മേൽ ഒരു നടപടിയും ഉണ്ടാവാതെ വന്നപ്പോൾ കോടതിയലക്ഷ്യ കേസുമായി നാട്ടുകാർ ഹൈക്കോടതിയിലെത്തി. അതോടെയാണു സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാരിന്‍റെ അപ്പീൽ തള്ളിക്കൊണ്ടാണ് മൂന്നു മാസത്തിനുള്ളിൽ സ്കൂൾ ആരംഭിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. സൗജന്യമായി ഭൂമി ലഭിക്കുകയും കെട്ടിടം ലഭ്യമാക്കാമെന്നു മഞ്ചേരി നഗരസഭ അറിയിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ സർക്കാരിന് അവിടെ സ്കൂൾ ആരംഭിക്കാൻ വലിയ പ്രയാസമുണ്ടാവില്ല. അതിന് അനുകൂലമായ മനസ് ഉണ്ടായാൽ മാത്രം മതി.
വിദ്യാഭ്യാസ അവകാശ നിയമവും നിർബന്ധിത വിദ്യാഭ്യാസ നിയമവും എല്ലാ കുട്ടികൾക്കും വീടിനു സമീപത്തു തന്നെ സ്കൂൾ വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ടെന്നു വ്യക്തമാക്കിക്കൊണ്ടാണ് സംസ്ഥാനത്ത് പ്രാഥമിക വിദ്യാലയങ്ങളില്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന് കേരള സർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചിട്ടുള്ളത്. 100 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമായ കേരളം സ്കൂൾ സ്ഥാപിക്കുന്നതിനെ എന്തിന് എതിർക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബഗ്ചി എന്നിവരുൾപ്പെട്ട ബെഞ്ച് ആരായുകയുണ്ടായി. ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂളുകളും മൂന്നു കിലോമീറ്റർ ചുറ്റളവിൽ യുപി സ്കൂളുകളുമുണ്ടായിരിക്കണമെന്നാണു കോടതി നിർദേശിക്കുന്നത്. നിലവിൽ ഇവയില്ലെങ്കിൽ പുതിയവ സ്ഥാപിക്കണം. സ്കൂളുകളെ സംബന്ധിച്ച വിവരം നൽകാൻ ഗ്രാമപഞ്ചായത്തുകളോടു കോടതി നിർദേശിച്ചിട്ടുണ്ട്. സ്ഥലം സൗജന്യമായി നൽകണമെന്നും നിർദേശിക്കുന്നു. പിന്നാക്ക മേഖലകളിൽ സന്നദ്ധ സ്ഥാപനങ്ങൾക്ക് സ്കൂൾ തുടങ്ങാൻ അനുവദിക്കുന്ന വിധത്തിൽ നയം രൂപീകരിക്കാമെന്ന കോടതിയുടെ നിർദേശവും സർക്കാരിനു പരിഗണിക്കാവുന്നതാണ്. എന്നാൽ, ഇതിൽ സ്വകാര്യ വ്യക്തികൾക്കു നേട്ടമുണ്ടാക്കാൻ വഴിയൊരുക്കരുതെന്നു പ്രത്യേകം പറയുന്നുണ്ട്.
എൽപി, യുപി സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങൾ കണ്ടെത്തുകയാണ് ആദ്യ ഘട്ടത്തിൽ ചെയ്യേണ്ടത്. അതിനുശേഷം സ്കൂളുകൾ സ്ഥാപിക്കുന്നതിനു തത്കാലം വാടകക്കെട്ടിടങ്ങൾ ഉപയോഗിക്കാം. സർക്കാരിന്‍റെ പെട്ടെന്നുള്ള സാമ്പത്തിക ബാധ്യത ഇതുവഴി കുറയ്ക്കാനാവും. എന്നാൽ, അതു സ്ഥിരമാക്കി മാറ്റരുതെന്നും കോടതി നിർദേശിക്കുന്നുണ്ട്. ജനവാസ മേഖലകളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും 1-2 കിലോമീറ്റർ ചുറ്റളവിൽ സർക്കാർ- എയ്ഡഡ് സ്കൂളുകളുള്ള സംസ്ഥാനമാണു കേരളമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കുന്നുണ്ട്. സ്കൂൾ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ഇവിടെ പഠനം നിഷേധിക്കപ്പെടുന്നുമില്ലെന്നാണു മന്ത്രിയുടെ വാദം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാഹചര്യമല്ല കേരളത്തിലേത് എന്നതു വാസ്തവമാണ്. എങ്കിലും പ്രൈമറി സ്കൂളുകൾ അകലെയുള്ള സ്ഥലങ്ങളിൽ കുട്ടികൾ പഠനത്തിനായി വലിയ ദുരിതം അനുഭവിക്കുന്നുണ്ടെങ്കിൽ അതിനു പരിഹാരം കാണേണ്ടതുണ്ട്. പഠന സൗകര്യങ്ങൾ എത്രയും മെച്ചപ്പെടുത്തുക എന്നതാണല്ലോ സർക്കാരിന്‍റെ ചുമതല.