സിജെപി പ്രക്ഷോഭം: പരിഹാരം തെളിയട്ടെ
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതടക്കം പരീക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) ഡൽഹിയിൽ നടത്തുന്ന സമരത്തിനു കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കൂടി ലഭിച്ചതോടെ രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികൾ ആശങ്കാജനകമായി മാറുകയാണ്. ജന്തർ മന്തറിലെ തങ്ങളുടെ പ്രതിഷേധം തുടരാനാണു സിജെപിയുടെ തീരുമാനം. തിങ്കളാഴ്ച പൊലീസ് ലാത്തിച്ചാർജിലൂടെ ജന്തർ മന്തറിൽ നിന്നു പ്രക്ഷോഭകരെ ഒഴിപ്പിച്ചെങ്കിലും അവർ വീണ്ടും അവിടെ സമരപ്പന്തൽ ഉയർത്തി പ്രക്ഷോഭം തുടരുകയാണ്. കഴിഞ്ഞ ദിവസം സിജെപിയുടെ പാർലമെന്‍റ് മാർച്ചിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കേരള ഹൗസിനു സമീപം സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ പ്രക്ഷോഭകർ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ വൻ തോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ലാത്തിച്ചാർജിൽ നിരവധി പേർക്കു മർദനമേൽക്കുകയുണ്ടായി.
എന്തായാലും യുവാക്കൾക്കു പരുക്കേൽക്കുന്നത് ഒഴിവാക്കാൻ പാർലമെന്‍റ് മാർച്ച് ഉപേക്ഷിക്കുമെന്നാണു സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പറയുന്നത്. എന്നാൽ, പ്രക്ഷോഭം അവസാനിപ്പിക്കുന്നില്ല. നൂറു കണക്കിനാളുകളാണ് അവർക്കു പിന്തുണയുമായി എത്തുന്നത്. സിജെപി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി സമരപ്പന്തലിൽ ജൂൺ 28 മുതൽ നിരാഹാര സമരം നടത്തിവന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ജൂലൈ 18ന് ഡൽഹി പൊലീസ് നാടകീയ നീക്കത്തിലൂടെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. എന്നാൽ, ആശുപത്രിയിലും അദ്ദേഹം നിരാഹാരം തുടർന്നു. സിജെപി പ്രവർത്തകരുടെ പാർലമെന്‍റ് മാർച്ച് ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരമായിരിക്കുമെന്നാണ് സോനം വാങ്ചുക്ക് അവകാശപ്പെട്ടത്.
ഇതിനിടെയാണ് സമരത്തിനു നേരേയുണ്ടായ പൊലീസ് നടപടിക്കെതിരേ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത പ്രതിഷേധം സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച രാഹുലും പ്രിയങ്ക ഗാന്ധി വാദ്‌രയും കെ.സി. വേണുഗോപാലും ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. ഇടതുപക്ഷവും അരവിന്ദ് കെജ്‌രിവാളും ശരദ് പവാറും അഖിലേഷ് യാദവും അടക്കം പ്രതിപക്ഷ നേതാക്കളും സിജെപി പ്രക്ഷോഭത്തിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ ശ്രമങ്ങൾ വിജയിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ കാണിക്കുന്നത്.
ധർമേന്ദ്ര പ്രധാന്‍റെ രാജി എന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ആരോപണം. അരാജകത്വത്തിലൂടെ സർക്കാരിനെ വീഴ്ത്താനുള്ള ശ്രമമെന്നു ബിജെപി ആരോപിക്കുന്നുണ്ട്. സിജെപിയെ പിന്തിരിപ്പിക്കാൻ കേന്ദ്ര മന്ത്രിമാർ ചില അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും പ്രക്ഷോഭകർ വഴങ്ങിയിട്ടില്ല. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ പിന്നോട്ടില്ലെന്ന നിലപാടിലാണു സിജെപി പ്രവർത്തകർ. ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പുറമെ രണ്ട് ആവശ്യങ്ങൾ കൂടിയാണു സിജെപി ഉന്നയിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുക, സോനം വാങ്ചുക്കിനെ മോചിപ്പിക്കുക എന്നിവയാണ് ഇവ. ഈ ആവശ്യങ്ങളിൽ സർക്കാരിനെ പ്രധാനമായും വിഷമവൃത്തത്തിലാക്കുന്നത് കേന്ദ്ര മന്ത്രിയുടെ രാജിയാവശ്യം തന്നെയാണ്. ചർച്ചയ്ക്കുള്ള കേന്ദ്ര സർക്കാരിന്‍റെ ക്ഷണം സിജെപി നിരസിച്ചിരിക്കുകയാണ്. ഇനി ആരുടെയും വീട്ടിലോ ഓഫിസിലോ ചർച്ചയ്ക്കു പോകില്ല, നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ച നടത്താൻ തയാറാവൂ എന്നാണ് അവർ പറയുന്നത്. അർഥശൂന്യമായ ചർച്ച കൊണ്ടു കാര്യമില്ല എന്നും അവർ പറയുന്നുണ്ട്. എന്തായാലും പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കേണ്ടതുണ്ട്. ചർച്ചയിലൂടെയാണ് പരിഹാരങ്ങൾ തെളിയേണ്ടത്. അതിനു സർക്കാരും പ്രക്ഷോഭകരും തയാറാവുക എന്നതു ജനാധിപത്യം ആവശ്യപ്പെടുന്ന നടപടിയാണ്. തലസ്ഥാനത്തെ എത്രനാൾ ഇങ്ങനെ മുൾമുനയിൽ നിർത്താൻ കഴിയുമെന്ന് എല്ലാവരും ആലോചിക്കേണ്ടതുണ്ട്.
രാജ്യത്തെ മെഡിക്കൽ യുജി പ്രവേശനത്തിനുള്ള പൊതുപരീക്ഷ "നീറ്റ് ' നടത്തുന്നത് ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് (എൻടിഎ). 23 ലക്ഷത്തോളം വിദ്യാർഥികൾ എഴുതിയ പരീക്ഷയിലെ ചോദ്യപേപ്പർ ചോർന്നത് അതീവ ഗുരുതരമായ കുറ്റമാണ് എന്നതിൽ യാതൊരു സംശയവുമില്ല. ആ പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തിയത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാക്കിയ മാനസിക സമ്മർദം ചെറുതൊന്നുമല്ല. ആദ്യ പരീക്ഷ എളുപ്പമാവുകയും എംബിബിഎസ് പ്രവേശനം ഉറപ്പിക്കുകയും ചെയ്ത കുട്ടികൾക്കു പ്രത്യേകിച്ച് എത്ര വലിയ മാനസിക സംഘർഷമാണ് അടുത്ത പരീക്ഷയ്ക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ടാവുക. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത പാളിച്ചകൾ എന്‍ടിഎയുടെ ഭാഗത്തുനിന്നുണ്ടായി എന്നു തന്നെ പറയണം. ഈ ടെസ്റ്റിങ് ഏജൻസിയുടെ പരീക്ഷാ നടത്തിപ്പിലുള്ള വിശ്വാസം ആവർത്തിച്ചു ചോദ്യം ചെയ്യപ്പെടുന്നുണ്ട് എന്നതും യാഥാർഥ്യമാണ്.
ഈ നില മാറണം എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. നീറ്റിന്‍റെ കാര്യത്തിൽ വലിയ തോതിലുള്ള പരിഷ്കാരങ്ങൾ ആവശ്യമാണ്. ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാരായ മുഴുവൻ പേർക്കും കടുത്ത ശിക്ഷ ഉറപ്പാക്കുകയും വേണം. അതേസമയം തന്നെ അതിന്‍റെ പേരിലുള്ള പ്രക്ഷോഭം കൈവിട്ടുപോകാതിരിക്കാനും എല്ലാ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടാവണം.