ബ്രഹ്മോസ്
file photo
തിരുവനന്തപുരം കാട്ടാക്കടയിൽ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനു കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപന(ഡിആർഡിഒ)ത്തിനു കൈമാറാൻ സുപ്രീം കോടതി അനുമതി നൽകിയിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയിലാണ് ഭൂമി കൈമാറ്റത്തിനു ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് അനുമതി നൽകിയിരിക്കുന്നത്. ഭൂമി കൈമാറ്റത്തിനുള്ള അനുമതി ലഭിച്ചതു സന്തോഷകരമാണെന്നും രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിനു കേരള മണ്ണിൽ നിന്നു വലിയ സംഭാവനകളുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതി വഴി കേരളത്തിൽ പുതിയ തൊഴിലവസരങ്ങളും നിക്ഷേപ സാധ്യതകളും സൃഷ്ടിക്കപ്പെടും എന്നതു നമ്മെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. സംസ്ഥാനത്തിന്റെ വളർച്ചയ്ക്കു കുതിപ്പേകാൻ ബ്രഹ്മോസിന്റെ പുതിയ യൂണിറ്റ് സഹായിക്കുമെന്നു കരുതാം.
ബ്രഹ്മോസിനു മാത്രമല്ല തുറന്ന ജയിൽ വളപ്പിലെ 457 ഏക്കറിൽ നിന്നു ഭൂമി കൈമാറുന്നത്. നാഷണൽ ഫൊറൻസിക് സർവകലാശാല നിർമിക്കാനും സശസ്ത്ര സീമാ ബൽ (എസ്എസ്ബി) എന്ന അർധ സൈനിക വിഭാഗത്തിന് ആസ്ഥാനം നിർമിക്കാനും ഭൂമി കൈമാറുന്നുണ്ട്. മൊത്തം കൈമാറുന്നത് 257 ഏക്കർ ഭൂമിയാണ്. ബാക്കി 200 ഏക്കർ ജയിലിന്റെ ആവശ്യങ്ങൾക്കായി നിലനിർത്തുമെന്നാണു വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഈ ഭൂമി കൈമാറ്റം വഴി മൂന്നു വലിയ പദ്ധതികൾ സംസ്ഥാന തലസ്ഥാനത്തു യാഥാർഥ്യമാവാൻ പോകുന്നു. ഇതിലൂടെ വലിയ നേട്ടങ്ങളാണു തിരുവനന്തപുരത്തിനു പ്രത്യേകിച്ചു ലഭിക്കുന്നത്. ബ്രഹ്മോസ് മിസൈൽ നിർമാണ കേന്ദ്രം ഉപഗ്രഹ നഗരമെന്ന നിലയിലുള്ള കാട്ടാക്കടയുടെ വികസനത്തിനും വഴിയൊരുക്കും. ബ്രഹ്മോസ് എയ്റോ സ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിനെ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ കൊണ്ടുവരുന്നതു കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്. ഇതുവഴി കൂടുതൽ നിക്ഷേപം ഇങ്ങോട്ട് എത്താനും സാധ്യതയുണ്ട്. ബ്രഹ്മോസ് എയ്റോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വികസനത്തിനു ഭൂമി അനുവദിക്കണമെന്നു കേരള സർക്കാരിനോട് ഡിആർഡിഒ നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജയിലിന്റെ സ്ഥലം മറ്റാവശ്യങ്ങൾക്കു കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതുകൊണ്ടാണു സംസ്ഥാന സർക്കാർ പരമോന്നത കോടതിയെ സമീപിച്ചത്. കോടതിയുടെ അനുമതി ലഭിച്ച സ്ഥിതിക്ക് ഇനിയുള്ള നടപടികൾ വേഗത്തിലാക്കേണ്ടതുണ്ട്.
2007ൽ എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ് കേരള ഹൈടെക് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന എൻജിനീയറിങ് സ്ഥാപനം ബ്രഹ്മോസ് എയ്റോസ്പേസിനു കൈമാറുന്നതും അവരുടെ യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്നതും. ബ്രഹ്മോസ് മിസൈൽ നിർമാണത്തിന്റെ തന്ത്രപ്രധാന കേന്ദ്രമായി തിരുവനന്തപുരം ചാക്കയിലെ ഉപകേന്ദ്രം മാറുകയുണ്ടായി. മിസൈലിന്റെ എയർ ബോൺ ലോഞ്ചറുൾപ്പെടെ ഇവിടെ നിർമിച്ചു. മിസൈൽ ഇന്റഗ്രേഷൻ യൂണിറ്റും തിരുവനന്തപുരത്തുണ്ട്. ബ്രഹ്മോസിനു പുറമേ ഐഎസ്ആർഒ, ബാർക്ക്, ജിടിആർഇ, കൽപ്പാക്കം ആണവ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾക്കുള്ള യന്ത്രങ്ങളും യന്ത്രഘടകങ്ങളും ഇവിടെ നിർമിക്കുന്നുണ്ട്. ബ്രഹ്മോസ് എയ്റോസ്പേസ് തിരുവനന്തപുരം ലിമിറ്റഡിന്റെ വികസനത്തിനു ഭൂമി ലഭിക്കുക എന്നതു വർഷങ്ങൾ മുൻപ് ഉയർന്ന ആവശ്യമാണ്. പുതിയ നിർമാണ യൂണിറ്റ് വരുന്നതോടെ തിരുവനന്തപുരം ബ്രഹ്മോസിന്റെ പ്രാധാന്യമേറുകയാണു ചെയ്യുന്നത്.
ബ്രഹ്മോസിന്റെ പുതുതലമുറ മിസൈലുകളുടെ നിർമാണത്തിനു പ്രധാന കേന്ദ്രമായി പ്രവർത്തിക്കേണ്ടത് തിരുവനന്തപുരമാണ്. ബ്രഹ്മോസിന്റെ പ്രഹരശേഷി ഓപ്പറേഷൻ സിന്ദൂറിൽ വ്യക്തമായതാണ്. പാക്കിസ്ഥാന്റെ വ്യോമതാവളങ്ങളിൽ കൃത്യമായി ആക്രമണം നടത്താൻ ബ്രഹ്മോസിനു കഴിഞ്ഞു. അതിനുശേഷം ഈ മിസൈലുകൾക്ക് ലോക രാജ്യങ്ങൾക്കിടയിൽ വലിയ ഡിമാൻഡാണ്. കരയിൽ നിന്നും കടലിൽ നിന്നും ആകാശത്തുനിന്നും വിക്ഷേപിക്കാനാവുമെന്നത് ഈ മിസൈലിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഇതിന്റെ കൃത്യതയും വേഗവും രാജ്യത്തിനു പുറത്തുള്ള ആവശ്യക്കാരെ ആകർഷിക്കുന്നുണ്ട്. ഇതിന്റെ വിൽപ്പനയ്ക്കായി 40,000 കോടിയിലധികം രൂപയുടെ കരാറുകൾക്ക് ഏതാണ്ട് അന്തിമ രൂപമായിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. 4,000 കോടി രൂപയുടെ മിസൈലുകൾ ഇന്തോനേഷ്യ തന്നെ വാങ്ങുമെന്നാണു കരുതുന്നത്. ഇതിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മുൻപ് ഫിലിപ്പീൻസ് ഇന്ത്യയിൽ നിന്നു ബ്രഹ്മോസ് വാങ്ങിയിരുന്നു. മറ്റു പല രാജ്യങ്ങളും ബ്രഹ്മോസിനോടു താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വളരെ വലിയ സാധ്യതകളുള്ള ഒരു വിശാല പദ്ധതിയുടെ പ്രധാന കേന്ദ്രമായാണ് തിരുവനന്തപുരം മാറുന്നത്. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന രാജ്യത്തിന് അതിനു സഹായിക്കുന്ന പ്രധാന കേന്ദ്രമായി കേരള തലസ്ഥാനം മാറട്ടെ. രാജ്യസുരക്ഷയ്ക്കും പ്രതിരോധ മേഖലയുടെ വളർച്ചയ്ക്കും കേരളം നൽകുന്ന സംഭാവന വർധിച്ചുകൊണ്ടിരിക്കട്ടെ. സശസ്ത്ര സീമാ ബൽ ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സ് കേരളത്തിൽ ആരംഭിക്കണമെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. ഈ അർധ സൈനിക ബറ്റാലിയൻ ദക്ഷിണേന്ത്യാ ആസ്ഥാനം തിരുവനന്തപുരത്തു നിലവിൽ വരുന്നതോടെ കേരളത്തിൽ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യം ഉണ്ടാകും. ഇതു ദേശസുരക്ഷ ശക്തമാക്കുന്നതിനും ഉപകരിക്കും.