ഇന്ത്യ- യൂറോപ്യൻ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാർ

 

file photo

Editorial

ചരിത്ര പ്രാധാന്യമുള്ള സ്വതന്ത്ര വ്യാപാര കരാർ

ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് അമെരിക്ക 50 ശതമാനം തീരുവ ചുമത്തുന്ന പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനുമായുള്ള കരാറിനു പ്രത്യേക പ്രാധാന്യമുണ്ട്

Reena Varghese

രണ്ടു പതിറ്റാണ്ടോളം നീണ്ട ചർച്ചകൾക്കു ശേഷമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് അമെരിക്ക 50 ശതമാനം തീരുവ ചുമത്തുന്ന പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനുമായുള്ള കരാറിനു പ്രത്യേക പ്രാധാന്യമുണ്ട്. വ്യാപാരക്കരാറിനായി യുഎസുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. എന്നാൽ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കടുത്ത നിലപാടുകൾ ഇന്ത്യയ്ക്കു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്.

ഈ സാഹചര്യത്തിൽ വിശാലമായ യൂറോപ്യൻ വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് ഇന്ത്യയിലെ കയറ്റുമതി വ്യാപാരികൾ വലിയ ആവേശത്തോടെയാണു കാണുക. കേന്ദ്ര സർക്കാരും ചരിത്രപ്രധാനമായ ഈ കരാറിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. ലോക നേതാക്കളും ബിസിനസ് രംഗത്തെ പ്രമുഖരും വ്യാപാര കരാർ നിർണായക നേട്ടമായി വിശേഷിപ്പിക്കുന്നുണ്ട്. അമെരിക്കയ്ക്കു മുന്നിൽ ഇന്ത്യയുടെ വിലപേശൽ ശക്തി വർധിപ്പിക്കാനും കരാർ ഉപകരിക്കും.

സമീപ വർഷങ്ങളിലെ ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നായാണു യൂറോപ്യൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് ഇതിനെ വിശേഷിപ്പിക്കുന്നത്. "എല്ലാ വ്യാപാര ഇടപാടുകളുടെയും മാതാവാണ്' ഇതെന്ന വിശേഷണവും യോജിക്കുന്നതാണ്. ഇന്ത്യയുടെ ദീർഘകാല വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇതുപോലുള്ള വ്യാപാര കരാറുകൾ സഹായിക്കും.

ഇന്ത്യയുടെ ഇരുപത്തിരണ്ടാം സ്വതന്ത്ര വ്യാപാര കരാർ പങ്കാളിയാണ് 27 അംഗ രാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയൻ. മൗറീഷ്യസ്, യുഎഇ, യുകെ, ഇഎഫ്ടിഎ (ഐസ്‌ലൻഡ്, ലീഷ്ടെൻഷൻ, നോർവെ, സ്വിറ്റ്സർലൻഡ്), ഒമാൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, യുകെ തുടങ്ങി വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഇതിനകം സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചിട്ടുണ്ട്. കരാറിലൂടെ യൂറോപ്യൻ വിപണിയൊന്നാകെ ഇന്ത്യൻ ബിസിനസുകൾക്കും കയറ്റുമതിക്കാർക്കും സംരംഭകർക്കുമായി തുറന്നുകിട്ടുകയാണ്. ‌ഇത് "മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തെ ശക്തിപ്പെടുത്തുന്നതിനും ഉപകരിക്കും. സേവന മേഖലയിലും കരാര്‍ വലിയ നേട്ടങ്ങൾക്കു കാരണമാവും.

കരാറിലൂടെ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം ശക്തമാവുന്നത് ഉഭയകക്ഷി വ്യാപാരം 41 മുതൽ 65 വരെ ശതമാനം വർധിപ്പിക്കുമെന്നാണു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, സമുദ്രോത്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ, എന്‍ജിനീയറിങ് ഉത്പന്നങ്ങൾ, വാഹനങ്ങൾ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകൾക്ക് ഈ കരാർ ഉത്തേജനം നൽകുമെന്നുറപ്പാണ്. ക‍യറ്റുമതിക്കുള്ള തീരുവ ഇളവുകൾ യൂറോപ്യൻ യൂണിയനിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കും.

ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങളും പച്ചക്കറികളും, സംസ്കരിച്ച ഭക്ഷണപദാർഥങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് കരാറിലൂടെ കൂടുതൽ മത്സരക്ഷമതയുണ്ടാവും. ഇത് ഇന്ത്യൻ ഗ്രാമീണ മേഖലയുടെ പുരോഗതിക്കും കാരണമാവും. യൂറോപ്യൻ യൂണിയന്‍റെ വിവിധ മേഖലകളിലേക്ക് (ഐടി, പ്രൊഫഷനൽ സർവീസസ്, വിദ്യാഭ്യാസം തുടങ്ങിയവ ഉൾപ്പെടെ) ഇന്ത്യയ്ക്കു ലഭിക്കുന്ന പ്രവേശനം ഇന്ത്യൻ സേവന ദാതാക്കൾക്കു വലിയ ഊർജമാകും. ഔഷധ വിപണിയിലും കരാർ വലിയ പ്രതിഫലനമുണ്ടാക്കും. തീരുവ കുറയുന്നതിനൊപ്പം യൂറോപ്യൻ യൂണിയനിൽ ഇന്ത്യൻ ഫാർമ കമ്പനികൾക്കുള്ള നിയന്ത്രണങ്ങളിലും ഇളവുണ്ടാകും.

വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലും വലിയ മാറ്റമുണ്ടാക്കാൻ കരാർ ഉപകരിക്കും. ഇന്ത്യൻ വിദ്യാർഥികൾക്ക് കൂടുതൽ നിയന്ത്രണങ്ങളില്ലാതെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഉന്നത പഠനത്തിനും ഗവേഷണത്തിനുമായി യാത്ര ചെയ്യാനും അവിടെത്തന്നെ ജോലി കണ്ടെത്താനുമുള്ള അവസരങ്ങളുണ്ടാവും. ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് റിസർച്ച് പ്രോഗ്രാമായ 'ഹൊറൈസൺ യൂറോപ്പുമായി' സഹകരിച്ചു പ്രവർത്തിക്കാനും ഇന്ത്യൻ ഗവേഷകർക്കു സാധിക്കും.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ക്ലീൻ എനർജി തുടങ്ങിയ ആധുനിക സാങ്കേതിക മേഖലകളിൽ ഇന്ത്യൻ പ്രതിഭകൾക്കു പ്രോത്സാഹനം ലഭിക്കും. വിസ നടപടിക്രമങ്ങള്‍ ലളിതമാവുന്നതും തൊഴിൽ പെർമിറ്റുകൾ എളുപ്പം ലഭ്യമാവുന്നതും ‌കൂടുതൽ ഇന്ത്യക്കാരെ യൂറോപ്പിലേക്ക് ആകർഷിക്കുമെന്നും കരുതണം. 200 കോടി ആളുകൾക്കു പ്രയോജനം ചെയ്യുന്ന സ്വതന്ത്ര വ്യാപാര മേഖലയാണ് ഈ കരാർ സൃഷ്ടിക്കുന്നതെന്നാണു വിലയിരുത്തലുകൾ. അതുകൊണ്ടു തന്നെ വളരെ നിർണായകമായൊരു ചുവടുവയ്പ്പായി ഇതിനെ കാണണം. ദീർഘകാലമായി കാത്തിരുന്ന വഴിത്തിരിവ് ഉണ്ടായിരിക്കുന്നു എന്നു തന്നെ ഉറപ്പിക്കാം.

തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചക്കിടെ മമത ബാനർജി ഇറങ്ങിപ്പോയി; രാഷ്ട്രീയ നാടകമെന്ന് ബിജെപി

മന്ത്രി സജി ചെറിയാനെതിരേ ആരോപണം; ബിനു ചുള്ളിയിലിനെതിരേ കേസ്

സാങ്കേതിക തകരാർ; ലണ്ടൻ-ബംഗലുരൂ എയർ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി

കൃത്രിമ കാൽ രാജ്യസഭയുടെ മേശപ്പുറത്ത്; വിമർശനവുമായി ജോൺ ബ്രിട്ടാസ്, സിപിഎമ്മിനെതിരായ പ്രതിഷേധമെന്ന് സദാനന്ദൻ

വിദ്വേഷ പ്രസംഗത്തിനെതിരേ നിയമം; ബിൽ‌ രാഷ്ട്രപതിക്ക് അ‍യച്ച് ഗവർണർ