.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ചാംപ്യൻസ് ഇന്ത്യ
ഇന്ത്യൻ ക്രിക്കറ്റിനിത് അഭിമാന മുഹൂർത്തമാണ്. ചാംപ്യൻസ് ട്രോഫി ജേതാക്കളായതിന്‍റെ ആവേശത്തിലാണ് ടീം അംഗങ്ങളും അവരുടെ ആരാധകരും ക്രിക്കറ്റ് പ്രേമികളും എല്ലാമുള്ളത്. ദുബായിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയ രോഹിത് ശർമയും കൂട്ടരും രാജ്യത്തിനു തുടർച്ചയായ രണ്ടാമത് ഐസിസി കിരീടമാണു നേടിത്തന്നത്. കഴിഞ്ഞ വർഷം ജൂണിൽ ടി 20 ലോകകപ്പ് ജേതാക്കളായതിനു പിന്നാലെയുള്ള മറ്റൊരു കിരീടനേട്ടം. നാല് ഐസിസി ട്രോഫികളിൽ രണ്ടും ഇപ്പോൾ ഇന്ത്യയുടെ കൈവശമാണ്. ബാക്കി രണ്ടിലും തോറ്റതു ഫൈനലിലും. കഴിഞ്ഞ മൂന്ന് ഐസിസി ടൂർണമെന്‍റുകളിൽ 24 മത്സരങ്ങളിൽ ഇരുപത്തിമൂന്നിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. 2023ലെ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടാണ് ഏക തോൽവി. 2013ൽ ചാംപ്യൻസ് ട്രോഫി നേടിയ ശേഷം മറ്റൊരു ഐസിസി കിരീടം ലഭിക്കാൻ 11 വർഷമാണ് ഇന്ത്യ കാത്തിരുന്നത്; 2024 വരെ. അതിനുശേഷമുള്ള ഇപ്പോഴത്തെ ഈ മുന്നേറ്റം തുടരാൻ ടീമിനു കഴിയണമെന്നാവും ക്രിക്കറ്റ് പ്രേമികളുടെ മുഴുവൻ ആഗ്രഹം.
ഇതു മൂന്നാം തവണയാണ് ഇന്ത്യ ചാംപ്യൻസ് ട്രോഫി ഏകദിന കിരീടം സ്വന്തമാക്കുന്നത്. 2002ൽ ഇന്ത്യയും ശ്രീലങ്കയും ട്രോഫി പങ്കുവച്ചു. സച്ചിനും ഗാംഗുലിയും ദ്രാവിഡും സേവാഗും ഹർഭജനും കുംബ്ലെയും ഒക്കെ ഇന്ത്യൻ കുപ്പായത്തിൽ ഇറങ്ങിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. പിന്നീട് 2013ൽ ഒറ്റയ്ക്കു ചാംപ്യൻമാരായി. ബിർമിങ്ങാമിലെ ഫൈനലിൽ ഇംഗ്ലണ്ടിനെയാണ് അന്നു ധോണിയുടെ ടീം തോൽപ്പിച്ചത്. രോഹിത് ശർമയും ശിഖർ ധവാനും വിരാട് കോഹ്‌ലിയും സുരേഷ് റെയ്നയും രവീന്ദ്ര ജഡേജയും അടങ്ങുന്നതായിരുന്നു അന്നത്തെ ധോണിയുടെ ടീം. ഈ വിജയത്തോടെ ടി 20 ലോകകപ്പ് (2007), ഏകദിന ലോകകപ്പ് (2011), ചാംപ്യൻസ് ട്രോഫി (2013) എന്നീ മൂന്നു കിരീടവും നേടിയ ആദ്യ ഇന്ത്യൻ നായകനായി ധോണി മാറി. 2017ലെ ചാംപ്യൻസ് ട്രോഫിയിലും ഇന്ത്യ ഫൈനലിൽ കടന്നെങ്കിലും പാക്കിസ്ഥാനോടു പരാജയപ്പെടുകയായിരുന്നു.
ഇക്കുറി ആറു പന്തു ശേഷിക്കെ നാലു വിക്കറ്റിന് ന്യൂസിലൻഡിനെ ഫൈനലിൽ പരാജയപ്പെടുത്തിയപ്പോൾ കാൽ നൂറ്റാണ്ടു മുൻപുള്ള ഒരപ്രതീക്ഷിത തോൽവിക്കാണ് ഇന്ത്യ കണക്കുതീർക്കുന്നത്. രണ്ടായിരത്തിലെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഏറ്റുമുട്ടിയത് ഇന്ത്യയും ന്യൂസിലൻഡും തന്നെയായിരുന്നു. സൗരവ് ഗാംഗുലി നയിക്കുന്ന ഇന്ത്യയും സ്റ്റീഫൻ ഫ്ലെമിങ്ങിന്‍റെ ന്യൂസിലൻഡും. ഗാംഗുലിയുടെ സെഞ്ചുറിയും സച്ചിന്‍റെ അർധ സെഞ്ചുറിയും സഹിതം ഇന്ത്യ നീട്ടിയ 265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് അഞ്ചിന് 132 എന്ന നിലയിൽ തകർന്നതാണ്. പക്ഷേ, ക്രിസ് കെയിൻസിന്‍റെ സെഞ്ചുറിയോടെ അവർ രണ്ടു പന്തു ശേഷിക്കെ നാലു വിക്കറ്റ് വിജയം പിടിച്ചെടുത്തു. ഇക്കുറി ദുബായിലെ ഫൈനലിൽ ന്യൂസിലൻഡ് നീട്ടിയ വിജയലക്ഷ്യം 252 റൺസാണ്. ഇതു പിന്തുടർന്ന ഇന്ത്യയ്ക്കു കാര്യങ്ങൾ എളുപ്പമായിരുന്നില്ല. സാധ്യതകൾ ന്യൂസിലൻഡിനു നേരേയും നീണ്ടതാണ്. രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യയ്ക്കു നേടിത്തന്നത് അതിവേഗത്തിലുള്ള സെഞ്ചുറി കൂട്ടുകെട്ട്. 18 ഓവറിൽ 100 റൺസിനു മുകളിലായിരുന്നു ഇന്ത്യ. വിജയം അനായാസമെന്നു തോന്നിയ ഘട്ടം. പക്ഷേ, ഗില്ലും കോഹ്‌ലിയും രോഹിത്തും അടുത്തടുത്തു വീണതോടെ 26.1 ഓവറിൽ മൂന്നു വിക്കറ്റിന് 122 റൺസ് എന്ന നിലയിലെത്തി. ന്യൂസിലൻഡ് പിടിമുറുക്കുമെന്നു തോന്നിച്ച ഘട്ടത്തിൽ നിന്നാണ് ശ്രേയസ് അയ്യരും അക്ഷർ പട്ടേലും കെ.എൽ. രാഹലും ഹാർദിക് പാണ്ഡ്യയും എല്ലാം ചേർന്നു തിരിച്ചുകൊണ്ടുവരുന്നത്. ന്യൂസിലൻഡിന്‍റെ സ്കോർ 251ൽ ഒതുക്കാൻ സ്പിന്നർമാർ കാണിച്ച വൈഭവവും പ്രശംസനീയമാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും ആറു വിക്കറ്റിനും ന്യൂസിലൻഡിനെ 41 റൺസിനും തോൽപ്പിച്ചാണ് ഇന്ത്യ സെമി ഫൈനലിൽ എത്തുന്നത്. സെമിയിൽ ഓസ്ട്രേലിയയെ മറികടന്നതു നാലു വിക്കറ്റിന്. അതായത് തോൽവിയറിയാതെയാണ് ഇന്ത്യയുടെ കിരീടത്തിലേക്കുള്ള മുന്നേറ്റം. ന്യൂസിലൻഡിന്‍റെ തോൽവി ഇന്ത്യയോടു മാത്രമായി, അതും രണ്ടു വട്ടം. ഫൈനലിൽ 83 പന്തിൽ 76 റൺസ് നേടി ടോപ് സ്കോററായ രോഹിത് ശർമ വിമർശകരുടെ വായടച്ച പ്രകടനം തന്നെയാണു കാഴ്ചവച്ചത്. ടൂർണമെന്‍റിലുടനീളം നല്ല ക്രിക്കറ്റ് കാഴ്ചവയ്ക്കാൻ ഇന്ത്യൻ ടീമിനുമായി. ലോകക്രിക്കറ്റിൽ ഇന്ത്യയെ പ്രമുഖ സ്ഥാനത്തു നിലനിർത്താൻ കഴിവുള്ള യുവാക്കൾ രാജ്യത്തുണ്ട് എന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ഈ ടൂർണമെന്‍റിലെ വിജയം അവർക്കെല്ലാം പ്രോത്സാഹനമാവും. പാക്കിസ്ഥാനായിരുന്നു ടൂർണമെന്‍റിന്‍റെ ഔദ്യോഗിക ആതിഥേയർ. സുരക്ഷാ കാരണങ്ങളാൽ പാക്കിസ്ഥാനിൽ കളിക്കാൻ വിസമ്മതിച്ച ഇന്ത്യയുടെ മുഴുവൻ മത്സരങ്ങളും ദുബായിലായിരുന്നു എന്നതു പ്രത്യേകതയാണ്.