ഓഗസ്റ്റ് 15 ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ദിനമാണ്. ബ്രിട്ടിഷ് ഭരണത്തിന് അന്ത്യം കുറിച്ച് സ്വതന്ത്ര ഇന്ത്യ പിറന്നത് 1947 ഓഗസ്റ്റ് 15ന്. അവിടെ നിന്ന് ഏഴര പതിറ്റാണ്ടു പിന്നിട്ടു കഴിഞ്ഞു, ഈ മഹത്തായ രാജ്യത്തിന്റെ കരുത്തുറ്റ ജനാധിപത്യ സംവിധാനം. ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുള്ള പ്രത്യേകത "ആസാദി കാ അമൃത് മഹോത്സവി'ന്റെ സമാപനം കൂടിയാണ് എന്നതാണ്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതാണ് അമൃത് മഹോത്സവം. സ്വാതന്ത്ര്യത്തിന്റെ ഊർജവും സ്വാതന്ത്ര്യ സമര പോരാളികൾ പകർന്നു നൽകുന്ന പ്രചോദനവും ഉൾക്കൊണ്ട് ഇനിയും ബഹുദൂരം മുന്നോട്ടുപോകാനുള്ള ആവേശമാണ് ഇത്തരം ആഘോഷ പരിപാടികൾ പകരുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും ദേശസ്നേഹത്തിന്റെയും ഫലമാണ് മുക്കാൽ പതിറ്റാണ്ടിനിടെ രാജ്യം നേടിയ പുരോഗതി. അത് അനുസ്യൂതം തുടരാനായുള്ള പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം പകരണം ഓരോ സ്വാതന്ത്ര്യദിനവും അതുമായി ബന്ധപ്പെട്ടുള്ള പരിപാടികളും.
രാജ്യത്തിനകത്തുള്ള ജനകോടികൾ ഇന്നത്തെ ദിനം ആഘോഷിക്കുന്നത് ദേശീയ പതാകയെ വന്ദിച്ചുകൊണ്ടാണ്. എല്ലാ വീടുകളിലും ത്രിവർണം ഉയർത്തുന്ന "ഹർ ഘർ തിരംഗ' ഈ വർഷവും കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിരിക്കുന്നു. കഴിഞ്ഞ തവണത്തേതുപോലെ ഇക്കുറിയും ഇതിനായി പതാകകൾ വാങ്ങുന്നതിന് വലിയ ഡിമാൻഡാണ് ഉണ്ടായതെന്ന് പോസ്റ്റ് ഓഫിസ് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റ് 13 മുതൽ 15 വരെ നടക്കുന്ന ഹർ ഘർ തിരംഗ ക്യാംപെയ്നിന്റെ ഭാഗമായി രാജ്യത്തെ 1.6 ലക്ഷം പോസ്റ്റ് ഓഫിസുകളിലൂടെയാണു ത്രിവർണ പതാക വിൽപ്പന നടത്തുന്നത്. 13നു തൊട്ടുമുൻപുള്ള ദിവസങ്ങളിലായി തന്നെ ഒരു കോടിയിലേറെ പതാകകൾ പോസ്റ്റ് ഓഫിസുകൾ വഴി വിൽപ്പന നടത്തിക്കഴിഞ്ഞിരുന്നു. ഈ ദിവസങ്ങളിൽ ആവശ്യം വീണ്ടും വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതു കൂടാതെ മറ്റു പല സംവിധാനങ്ങൾ വഴിയും ദേശീയ പതാകകളുടെ വിൽപ്പന നടക്കുന്നുണ്ട്. "എന്റെ രാജ്യം, എന്റെ സ്വാതന്ത്ര്യം' എന്ന ചിന്ത മനസിൽ ഉറപ്പിക്കാൻ ദേശീയ പതാകയുടെ സാന്നിധ്യം നമ്മെ സഹായിക്കുന്നു.
പതാകയെ ആദരിക്കുന്നതു പോലെ ഭരണഘടനയിലും ജനാധിപത്യ പാരമ്പര്യങ്ങളിലും അഭിമാനിക്കുകയും ചെയ്യുന്നുണ്ട് ഓരോ രാജ്യസ്നേഹിയും. ഈ രാജ്യത്തിന്റെ കെട്ടുറപ്പും അതിലാണ്. പട്ടാള ഭരണവും ഏകാധിപത്യവും പേരിനു മാത്രമായുള്ള ജനാധിപത്യവും പുലരുന്ന പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് സ്വതന്ത്ര ഇന്ത്യയുടെ കരുത്ത് വ്യക്തമാകുന്നത്. ഈ ജനാധിപത്യത്തെ ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെ മുന്നോട്ടുകൊണ്ടുപോകേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണ്. വരാനിരിക്കുന്നത് പൊതു തെരഞ്ഞെടുപ്പിന്റെ വർഷമാണ്. അടുത്ത അഞ്ചുവർഷം കേന്ദ്രത്തിൽ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത് ഇവിടുത്തെ വോട്ടർമാരാണ്. സമ്മതിദാനാവകാശത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് മുഴുവൻ വോട്ടർമാരും തങ്ങളുടെ കടമ നിർവഹിക്കുമ്പോഴാണ് ജനാധിപത്യം ഒന്നിനൊന്ന് അർഥവത്തായി മാറുന്നത്. ഭരണപക്ഷത്തുള്ളവരും പ്രതിപക്ഷത്തുള്ളവരുമായ രാഷ്ട്രീയ നേതാക്കൾ, അവരുടെ പാർട്ടികൾ, ജനങ്ങൾക്കു മുന്നിൽ നിരത്തുന്ന നയങ്ങളും ആശയങ്ങളും വിലയിരുത്തി, തങ്ങളുടേതായ സ്വതന്ത്ര തീരുമാനമെടുക്കാൻ ഓരോ വോട്ടർക്കും കഴിയണം.
അതുപോലെ തന്നെയാണ് അഴിമതിയും അക്രമവും തുടങ്ങി രാജ്യത്തിനും ജനങ്ങൾക്കും ഹിതകരമല്ലാത്തവയെ നേരിടുന്നതിനുള്ള പ്രതിബദ്ധതയും. മണിപ്പുരിലെ വർഗീയ കലാപം നിരവധിയാളുകളുടെ ജീവനെടുത്തു കഴിഞ്ഞു. എത്രയോ ആളുകളാണ് കലാപത്തിന്റെ ഇരകളായി ദുരിത ജീവിതത്തിന്റെ കയ്പ്പുനീർ കുടിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും ദേശത്തിന്റെയും പേരിൽ തമ്മിലടിക്കുന്നതും ജീവനും ജീവിതവും കവരുന്നതും നാടിനെ അനിശ്ചിതത്വത്തിലേക്കു മാത്രമേ നയിക്കൂ. അതു തിരിച്ചറിയാനുള്ള വിവേകം രാജ്യത്തെ മുഴുവൻ ജനങ്ങളിലും ഉണ്ടാവേണ്ടതാണ്. രാജ്യതാത്പര്യങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന ശക്തികൾ പലവിധത്തിലുള്ള പ്രകോപനങ്ങളും സൃഷ്ടിച്ചേക്കാം. ജനങ്ങളായാലും സർക്കാരുകളായാലും അവ തിരിച്ചറിയേണ്ടതുണ്ട്. രാജ്യത്ത് എവിടെയായാലും അക്രമം ഒന്നിനും പരിഹാരമല്ലെന്നു മാത്രമല്ല വിനാശകരമാണുതാനും.
ഹരിയാനയിലെ ചില ഭാഗങ്ങളിൽ അടുത്തിടെയുണ്ടായ വർഗീയ സംഘർഷവും നിർഭാഗ്യകരമായിപ്പോയി. സാധാരണക്കാരുടെ നിത്യജീവിതമാണ് കലാപകാരികൾ അവതാളത്തിലാക്കുന്നത്. ഇന്റർനെറ്റും എസ്എംഎസും പോലുള്ള സംവിധാനങ്ങൾ തടഞ്ഞുവയ്ക്കുന്നതടക്കം ജനജീവിതത്തിനു സർക്കാർ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാരാണ്. ജനങ്ങളുടെ ജീവനു ഭീഷണി ഉയർത്തുന്ന അക്രമികളെ കർശനമായി നേരിടാൻ രാജ്യത്തുടനീളം സർക്കാരുകൾക്കു കഴിയണം. രാഷ്ട്രീയമോ മതമോ മറ്റേതെങ്കിലും ഘടകങ്ങളോ നോക്കി അക്രമികളെ പ്രോത്സാഹിപ്പിക്കരുത്. സമൂഹവിരുദ്ധരെ പിന്തുണയ്ക്കാതിരിക്കേണ്ടത് രാജ്യത്തോടുള്ള ബാധ്യതയാണ്.
സാമൂഹിക മാധ്യമങ്ങൾ വഴി പ്രകോപനപരമായ സന്ദേശങ്ങളും വിഡിയോകളും മറ്റും പ്രചരിപ്പിച്ച് ക്രമസമാധാനവും സൗഹാർദവും തകർക്കാൻ നടത്തുന്ന ശ്രമങ്ങളെ വളരെ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ടെന്ന് പുതിയ കാലം ഓർമിപ്പിക്കുകയാണ്. നവമാധ്യമങ്ങൾ പൊതുവായി നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വ്യാജ സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നവരുടെ രാജ്യവിരുദ്ധ ലക്ഷ്യങ്ങൾ തിരിച്ചറിയപ്പെടാതെ പോകരുത്. വരുംകാല തലമുറകൾക്ക് മാർഗദർശനം നൽകേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തു തന്നെ നമുക്കു മുന്നോട്ടുപോകാം. സ്വതന്ത്ര ഇന്ത്യയ്ക്കു വേണ്ടി പോരാടിയ മുഴുവൻ സ്വാതന്ത്ര്യസമര സേനാനികളെയും രാജ്യത്തിന്റെ അതിർത്തി കാക്കുന്ന മുഴുവൻ ധീരസൈനികരെയും നന്ദിയോടെ അനുസ്മരിക്കാം.