ചൈനയിൽ നടന്ന എസ്‌സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
ഭീകരരെ പാലൂട്ടി വളർത്തുന്ന പാക്കിസ്ഥാനെ വെള്ളപൂശി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തകർത്തു എന്നതാണ് ചൈനയിലെ ക്വിങ്ദാവോയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) സമ്മേളനത്തിന്‍റെ പ്രത്യേകത. ചൈനയും പാക്കിസ്ഥാനും ചേർന്നുള്ള തന്ത്രപരമായൊരു നീക്കത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പരാജയപ്പെടുത്തുകയാണുണ്ടായത്. എസ്‌സിഒയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ചൈന പാക്കിസ്ഥാനെ സഹായിക്കാൻ നടത്തിയ നീക്കം നിരാശാജനകമായി എന്നു തന്നെ പറയേണ്ടിവരും. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തെയും ഏപ്രിൽ 22നുണ്ടായ പഹൽഗാം ഭീകരാക്രമണത്തെയും പരാമർശിക്കാതെയാണ് എസ്‌സിഒ സമ്മേളനത്തിനുള്ള സംയുക്ത പ്രസ്താവന ചൈനയും പാക്കിസ്ഥാനും ചേർന്നു മുന്നോട്ടുവച്ചത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ മാർച്ച് മാസത്തിൽ ജാഫർ എക്സ്പ്രസ് റാഞ്ചിയ സംഭവം കരട് പ്രസ്താവനയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്‍റെ പിന്തുണയോടെ ജമ്മു കശ്മീരിൽ ഭീകരർ നടത്തിയ അതിക്രൂരമായ കൂട്ടക്കൊല കാണാതിരിക്കുകയും അതേസമയം ബലൂചിസ്ഥാനിലെ ഭീകരപ്രവർത്തനത്തെക്കുറിച്ചു പറയുകയും ചെയ്യുന്ന കള്ളത്തരം ഇന്ത്യ അംഗീകരിച്ചുകൊടുത്താൽ അതൊരു വീഴ്ചയായി മാറുമായിരുന്നു. പ്രസ്താവനയിൽ ഒപ്പുവയ്ക്കില്ലെന്ന് രാജ്നാഥ് സിങ് ഉറച്ച നിലപാടെടുത്തതോടെ ചൈനയുടെയും പാക്കിസ്ഥാന്‍റെയും പദ്ധതി പൊളിഞ്ഞു. സംയുക്ത പ്രസ്താവനയില്ലാതെ എസ്‌സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗം അവസാനിപ്പിക്കാൻ സംഘടന നിർബന്ധിതമാവുകയും ചെയ്തു. സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് സംയുക്ത പ്രസ്താവനയില്ലാതെ സമ്മേളനം പിരിയുന്നത് എന്നതാണു സവിശേഷത.
ഓപ്പറേഷൻ സിന്ദൂറിന്‍റെ പ്രാധാന്യം കുറച്ചുകാട്ടുകയും വിദേശ ഇടപെടലാണു ബലൂചിസ്ഥാനിലെ പ്രശ്നങ്ങൾക്കു കാരണമെന്നു വരുത്തിത്തീർക്കുകയും ചെയ്യാനുള്ള ആസൂത്രിത നീക്കമായിരുന്നു സമ്മേളനത്തിൽ പാക്കിസ്ഥാനും ചൈനയും ചേർന്നു നടത്തിയത്. ഉപഗ്രഹ ചിത്രങ്ങളും ഇന്‍റലിജൻസ് രേഖകളുമടക്കം പാക്കിസ്ഥാന്‍റെ ഭീകര പ്രവർത്തനങ്ങളെ തുറന്നുകാട്ടുന്ന വിവരങ്ങൾ ഇന്ത്യ കൈമാറിയത് അവഗണിച്ചുകൊണ്ടായിരുന്നു ഇവരുടെ നീക്കം. 6200 കോടി ഡോളറിന്‍റെ ചൈന- പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി ബലൂചിസ്ഥാനിലൂടെയാണു കടന്നുപോകുന്നത്. ഇതിനെതിരായ സമരങ്ങളിൽ ഇന്ത്യയ്ക്കു മേൽ യാതൊരടിസ്ഥാനവുമില്ലാതെ കുറ്റംചാർത്താനുള്ള തന്ത്രമായിരുന്നു സംയുക്ത പ്രസ്താവനയെന്നു വിലയിരുത്തലുകളുണ്ട്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ആദ്യമായാണ് രാജ്നാഥ് സിങ് ചൈനയിൽ എത്തിയത്. അതിർത്തി സംഘർഷത്തെത്തുടർന്നു മോശമായ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യയും ചൈനയും പരിശ്രമിക്കുമ്പോഴുള്ള ഈ സന്ദർശനം പ്രതീക്ഷയോടെ ഉറ്റുനോക്കിയവരുണ്ട്. അവരെയൊക്കെ നിരാശപ്പെടുത്തുന്നതായി ചൈനയുടെ നിലപാട്.
എന്തായാലും അതിനുശേഷവും ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനുമായി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തുകയുണ്ടായി. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ ഈ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു എന്നാണറിയുന്നത്. ഇരു കൂട്ടർക്കും പ്രയോജനകരമാവുന്ന വിധത്തിൽ നല്ല അയൽ ബന്ധം സൃഷ്ടിക്കണമെന്ന് രാജ്നാഥ് നിർദേശിക്കുകയുണ്ടായി. പരസ്പര വിശ്വാസത്തിലുണ്ടായ ഇടിവ് നികത്തപ്പെടേണ്ടതാണ്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും രാജ്നാഥ് ചൈനീസ് പ്രതിരോധ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. വിവിധ തലങ്ങളിൽ ചർച്ചകൾ തുടരാനുള്ള തീരുമാനവുമുണ്ട്. പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാണ് എന്നതിൽ സംശയമില്ല. അയൽ രാജ്യങ്ങൾ എന്നതിനപ്പുറം ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുമാണ്. അതുകൊണ്ടു തന്നെ പരസ്പര സഹകരണം വലിയ നേട്ടങ്ങൾക്കു വഴിതുറക്കും. പക്ഷേ, ചൈനയുടെ അമിതമായ പാക് സ്നേഹം അവരെ സംശയത്തോടെ കാണേണ്ട സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.
ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തുന്നതിൽ പാക്കിസ്ഥാന്‍റെ പങ്ക് സംശയിക്കേണ്ടതില്ല. കഴിഞ്ഞ ദിവസം എസ്‌സിഒ യോഗത്തിലും രാജ്നാഥ് സിങ് അതു ചൂണ്ടിക്കാണിക്കുകയുണ്ടായി. ചില രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം നയമായി സ്വീകരിച്ചിരിക്കുകയാണെന്നും ഭീകരർക്കു സംരക്ഷണമൊരുക്കുകയാണെന്നും പ്രതിരോധ മന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ഇത്തരം ഇരട്ടത്താപ്പുകൾക്കു സ്ഥാനംകൊടുക്കരുതെന്നും അദ്ദേഹം അംഗരാജ്യങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. എസ് സിഒയുടെ പ്രധാന ലക്ഷ്യം തന്നെ ഭീകരപ്രവർത്തനത്തിനെതിരേ പൊരുതുകയാണ്. അങ്ങനെയുള്ളപ്പോൾ പഹൽഗാമിലെ ഭീകരാക്രമണം പരാമർശിക്കാതെയുള്ള ഒരു സംയുക്ത പ്രസ്താവന ഇന്ത്യയ്ക്ക് അംഗീകരിക്കാനാവില്ല. ഇന്നലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇതു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭീകരരെ സഹായിക്കുന്നതു നിർത്താൻ തയാറാവാത്ത പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നതു നല്ലതല്ലെന്നു ചൈന തിരിച്ചറിയുകയാണു വേണ്ടത്. മേഖലയിൽ സമാധാനവും പുരോഗതിയും ഉറപ്പാക്കണമെങ്കിൽ ഭീകരപ്രവർത്തനം ഇല്ലാതാവണം. അതുകൊണ്ടു തന്നെ ഭീകരരോടുള്ള പാക്കിസ്ഥാന്‍റെ സ്നേഹം മറക്കാനോ അവഗണിക്കാനോ കഴിയില്ല.