മനുഷ്യത്വത്തിന്‍റെ കേരള മാതൃക

 

file photo

Editorial

മനുഷ്യത്വത്തിന്‍റെ കേരള മാതൃക

വിവിധ ബാങ്കുകളിലായി 555 ഗുണഭോക്താക്കൾക്കുള്ള 1620 വായ്പകളുടെ കുടിശിക തുകയായ 18.75 കോടി രൂപയാണു സർക്കാർ പൂർണമായും ഏറ്റെടുത്തിട്ടുള്ളത്.

MV Desk

കേരളം നേരിടേണ്ടിവന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായത്. 2024 ജൂലൈ 30നു പുലർച്ചെ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ 298 പേർക്കാണു ജീവൻ നഷ്ടമായത്. നൂറു കണക്കിനു വീടുകളും ആളുകളുമുണ്ടായിരുന്ന മുണ്ടക്കൈയും ചൂരൽമലയും ഉരുളിൽ കുത്തിയൊലിച്ചപ്പോൾ സർവതും നഷ്ടപ്പെട്ടവർ നിരവധിയാണ്. ജീവിതം ഇരുളടഞ്ഞുപോയ അവരെയൊക്കെ പുനരധിവസിപ്പിക്കുക എന്ന വെല്ലുവിളി മാതൃകാപരമായി ഏറ്റെടുക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്.

ദുരിതബാധിതർക്കു വേണ്ടി രംഗത്തിറങ്ങാനും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാനും സുമനസുകൾ കാണിച്ച താത്പര്യം എടുത്തുപറയേണ്ടതാണ്. ഒരൊറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട ഹതഭാഗ്യരെ ചേർത്തുപിടിക്കുകയായിരുന്നു കേരളം എന്നതിൽ നമുക്ക് അഭിമാനിക്കാവുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചതുപോലെ 773.98 കോടി രൂപയാണ് ദുരന്തത്തിനിരയായവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യപ്പെട്ടത്. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നുമൊക്കെ സഹായങ്ങൾ ഒഴുകിയെത്തി.

ഇപ്പോഴിതാ ഒന്നരവർഷങ്ങൾക്കിപ്പുറം ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്‍റെ ഒന്നാം ഘട്ടത്തിന്‍റെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചിരിക്കുന്നു. ദുരന്തത്തില്‍ വീടുകള്‍ പൂര്‍ണമായും തകര്‍ന്ന 178 പേര്‍ക്ക് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്റ്ററില്‍ വ്യാപിച്ചു കിടക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിയിലെ ആദ്യഘട്ടത്തില്‍ നിർമിച്ച വീടുകള്‍ കൈമാറിയിരിക്കുന്നു. വീട് നില്‍ക്കുന്ന 7 സെന്‍റ് ഭൂമിക്കുള്ള പട്ടയവും ദുരന്തത്തില്‍ ഒറ്റപ്പെട്ടു പോയ 13 പട്ടിക വര്‍ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേപ്പാടി പുതിയ വില്ലെജില്‍ ഏറ്റെടുത്ത 5 ഏക്കര്‍ ഭൂമിക്കുള്ള പട്ടയവും മുഖ്യമന്ത്രി ഇതിനൊപ്പം വിതരണം ചെയ്യുകയുണ്ടായി.

ടൗൺഷിപ്പിൽ നിർമിക്കുന്ന ബാക്കി 232 വീടുകള്‍ കാലവര്‍ഷത്തിനു മുൻപ് കൈമാറുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി ഏതെങ്കിലും വിധത്തിലുള്ള തടസങ്ങളോ കാലതാമസമോ ഇല്ലാതെ ടൗൺഷിപ്പിന്‍റെ ബാക്കിയുള്ള പ്രവർത്തനങ്ങളും മുന്നോട്ടുപോകട്ടെ. നിയമസഭാ തെരഞ്ഞെടുപ്പും രാഷ്ട്രീയ താത്പര്യങ്ങളും ഒന്നും വയനാട് പുനരധിവാസത്തെ ബാധിക്കാതിരിക്കട്ടെ.

സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും അടയാളങ്ങളായി ടൗൺഷിപ്പിലെ ഓരോ സൗകര്യങ്ങളും നിലകൊള്ളട്ടെ. സങ്കടക്കടലിൽ അകപ്പെട്ട ഒരു ജനത സ്വപ്നങ്ങൾ നിറഞ്ഞ ജീവിതത്തിലേക്കു തിരിച്ചെത്താൻ ഈ ടൗൺഷിപ്പ് സഹായിക്കട്ടെ. ടൗണ്‍ഷിപ്പില്‍ നിര്‍മിച്ച എല്ലാ വീടുകൾക്കും അവശ്യം വേണ്ട ഫര്‍ണിച്ചര്‍ നല്‍കുന്നതു പരിഗണ‍ിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

കല്‍പ്പറ്റ എല്‍പി സ്‌കൂള്‍ ടൗണ്‍ഷിപ്പിലേക്കു മാറ്റുന്ന കാര്യവും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. കെഎസ്‌എഫ്‌ഇയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനക്‌സ്‌ കോംപ്ലക്‌സിന്‍റെ തറക്കല്ലിടലും മുഖ്യമന്ത്രി നിർവഹിച്ചിട്ടുണ്ട്. എല്ലാം നല്ല കാര്യം. ദുരന്തബാധിതരുടെ വായ്പാ കുടിശിക പൂർണമായും ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതും ഉചിതമായ തീരുമാനമാണ്. വിവിധ ബാങ്കുകളിലായി 555 ഗുണഭോക്താക്കൾക്കുള്ള 1620 വായ്പകളുടെ കുടിശിക തുകയായ 18.75 കോടി രൂപയാണു സർക്കാർ പൂർണമായും ഏറ്റെടുത്തിട്ടുള്ളത്.

പുനരധിവാസത്തിന്‍റെ ഈ ഘട്ടം വരെയെത്തുന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല. ദുരന്തഭൂമിയിൽ അവശേഷിച്ച ആളുകളെയെല്ലാം ആദ്യം ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റേണ്ടിവന്നു. ഒരു മാസത്തോളം തുടർന്ന ഈ ക്യാംപുകളിൽ കഴിഞ്ഞിരുന്നവരെ പിന്നീട് താത്കാലികമായി വാടക വീടുകളിലേക്കും മറ്റും മാറ്റിതാമസിപ്പിച്ചു.

അമ്പലവയൽ, മുട്ടിൽ, കൽപ്പറ്റ, ചുണ്ടേൽ, വൈത്തിരി, വടുവഞ്ചാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ആളുകളെ മാറ്റിയത്. ബന്ധുവീടുകളിലേക്കു മാറിയവരുമുണ്ട്. ഒരുമിച്ചു ജീവിക്കണമെന്ന ദുരന്തബാധിതരുടെ ആഗ്രഹം പരിഗണിച്ചാണ് ടൗൺഷിപ്പ് പദ്ധതിക്കു സർക്കാർ രൂപം നൽകിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ദുരന്തബാധിതർക്ക് ഉപജീവനത്തിനായി ഓരോ മാസവും സാമ്പത്തിക സഹായം നൽകുന്നതിന് 17.2 കോടി രൂപയാണു സർക്കാർ ചെലവഴിച്ചത്. സമാശ്വാസ ധനസഹായമായി 13 കോടി രൂപയും അടിയന്തര ധനസഹായമായി 1.3 കോടി രൂപയും വിതരണം ചെയ്തു. ദുരന്തത്തിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്കു സഹായം നൽകുന്നതിന് രണ്ടു കോടി രൂപ ചെലവഴിച്ചു. 858 കുടുംബങ്ങൾക്കു പ്രതിമാസം 1,000 രൂപയുടെ ഭക്ഷ്യക്കൂപ്പണും നൽകിവരുന്നുണ്ട്. ഇതിനെല്ലാം ഇടയിലാണ് ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം പുരോഗമിച്ചത്.

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ എല്ലാ സൗകര്യങ്ങളുമുള്ള ടൗൺഷിപ്പാണ് സർക്കാരിന്‍റെ വാഗ്ദാനം. അഞ്ചു സോണുകളിലായി 410 വീടുകൾ ഇതിന്‍റെ ഭാഗമാണ്. പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ കഴിയും വിധത്തിലുള്ള വീടുകളാണ് 1,000 ചതുരശ്ര അടിയിൽ ഒറ്റ നിലയിൽ ഇവിടെ നിർമിച്ചിട്ടുള്ളത്. ഭാവിയിൽ രണ്ടു നിലയാക്കാൻ സൗകര്യത്തിന് അടിത്തറ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. ടൗൺഷിപ്പിലെ വീടുകളുടെ നിർമാണത്തിൽ മാത്രമല്ല അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും കാലതാമസം ഉണ്ടാവാതെ നോക്കേണ്ടതുണ്ട്. ആരോഗ്യ കേന്ദ്രം, ആംഗൻവാടി, പൊതു മാർക്കറ്റ്, കമ്യൂണിറ്റി സെന്‍ററുകൾ തുടങ്ങിയ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമാണ്. ഒന്നിനും ഒരു കുറവും വരാതെ നോക്കാൻ കേരളത്തിനു കഴിയേണ്ടതുണ്ട്.

ഗൾഫിൽ കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ്

ഹിസ്ബുള്ള പാർലമെന്‍ററി കൗൺസിൽ തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു

ഒമാനിൽ കപ്പലിനു നേരെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർ മരിച്ചു

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

അഹ്മദി നജാദ് ജീവനോടെയുണ്ട്; ഇസ്രായേൽ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു